നായകൻ ശുഭ്മൻ ഗിൽ ഇല്ല; സിംബാബ്​‍വെ പര്യടനത്തിനായി ഇന്ത്യൻ ടീം യാത്ര തിരിച്ചു

ന്യൂഡൽഹി: സിംബാബ്​‍വെ പര്യടനത്തിനായി ഇന്ത്യൻ ക്രിക്കറ്റിലെ യുവനിര യാത്ര തിരിച്ചു. ട്വന്റി 20 ലോകകപ്പ് വിജയത്തിന് ശേഷം ആദ്യ പരമ്പരക്കാണ് ഇന്ത്യൻ ടീം പുറപ്പെട്ടത്. കരാർ കാലാവധി അവസാനിച്ച രാഹുൽ ദ്രാവിഡിന് പകരം വി.വി.എസ് ലക്ഷ്മണിന്റെ പരിശീലനത്തിലാണ് താരങ്ങൾ സിംബാബ്‍വെയിൽ എത്തുക. ആവേശ് ഖാൻ, രവി ബിഷ്‍ണോയ്, അഭിഷേക് ശർമ, റിയാൻ പരാഗ് തുടങ്ങിയ താരങ്ങൾ ലക്ഷ്മണിനൊപ്പം യാത്ര തിരിച്ചിട്ടുണ്ട്.

അതേസമയം, ടീമിന്റെ നായകനായ ശുഭ്മൻ ഗിൽ പുറപ്പെട്ട സംഘത്തോടൊപ്പം ഇല്ല. ലോകകപ്പ് റിസർവ് താരങ്ങളിൽ ഉൾപ്പെട്ടിരുന്നെങ്കിലും കളിക്കാൻ അവസരം ലഭിക്കാതിരുന്ന ഗിൽ വെസ്റ്റിൻഡീസിൽനിന്ന് പ്രത്യേക അനുമതിയോടെ നേരത്തെ യാത്ര തിരിച്ചിരുന്നു. കോപ അമേരിക്ക ഫുട്ബാൾ മത്സരം കാണാൻ യു.എസ്.എയിലേക്ക് പറന്ന ഗിൽ അവിടെനിന്ന് നേരിട്ട് സിംബാബ്​‍വെയിൽ എത്തും.


ലോകകപ്പ് കളിച്ച പ്രധാന താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ചതിനാൽ നിരവധി പുതുമുഖങ്ങൾക്കാണ് പര്യടനത്തിൽ അവസരം ലഭിക്കുക. ലോകകപ്പ് നേടിയ ഇന്ത്യൻ സംഘത്തിനൊപ്പമുള്ള സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, ശിവം ദുബെ, റിങ്കു സിങ്, ഖലീൽ അഹ്മദ് എന്നിവർ പിന്നീട് ടീമിനൊപ്പം ചേരും. ചുഴലിക്കാറ്റ് ഭീഷണിയും കനത്ത മഴയും കാരണം ബാർബഡോസ് വിമാനത്താവളം അടച്ചതോടെ ഇന്ത്യൻ ടീമിന്റെ യാത്ര വൈകിയിരുന്നു. ടീം ഇന്ന് രാത്രി ബാർബഡോസിൽനിന്ന് ബി.സി.സി​.ഐ ഒരുക്കിയ പ്രത്യേക വിമാനത്തിൽ പുറപ്പെടും.

അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര ജൂലൈ ആറിനാണ് ആരംഭിക്കുക. ജൂലൈ ആറ്, ഏഴ്, 10, 13, 14 തീയതികളിലാണ് മത്സരങ്ങൾ. ലോകകപ്പിൽ കളിക്കാൻ അവസരം ലഭിച്ചവരിൽ ശിവം ദുബെ മാത്രമാണ് സിംബാബ്​‍വെ പര്യടനത്തിനുള്ള സംഘത്തിലുള്ളത്. ഓൾറൗണ്ടർ നിതീഷ് റെഡ്ഡിക്ക് അസുഖം ഭേദമാകാത്തതിനാലാണ് ദുബെ ടീമിനൊപ്പം ചേരുന്നത്.

ഇന്ത്യൻ സ്ക്വാഡ്:

ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), സഞ്ജു സാംസൺ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർമാർ), യശസ്വി ജയ്സ്വാൾ, ഋതുരാജ് ഗെയ്ക്‍വാദ്, അഭിഷേക് ശർമ, റിങ്കു സിങ്, ശിവം ദുബെ, റിയാൻ പരാഗ്, വാഷിങ്ടൺ സുന്ദർ, രവി ബിഷ്‍ണോയ്, ആവേശ് ഖാൻ, ഖലീൽ അഹ്മദ്, മുകേഷ് കുമാർ, തുഷാർ ദേശ്പാണ്ഡെ.

Tags:    
News Summary - Indian team left for Zimbabwe tour without captain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.