വിജയക്കുതിപ്പിന്റെ റെക്കോർഡിൽ കണ്ണുനട്ട് ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയിറങ്ങുന്നു

വെള്ളിയാഴ്ച ന്യൂഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യൻ ടീം അംഗങ്ങളും ആരാധകരും ഉറ്റുനോക്കുന്നത് പുതിയ ലോക റെക്കോർഡിലേക്ക്. ട്വന്റി 20യിലെ തുടർജയങ്ങളുടെ റെക്കോർഡാണ് നീലപ്പട സ്വപ്നം കാണുന്നത്.

നിലവിൽ 12 ജയങ്ങളുമായി അഫ്ഗാനിസ്താനും റുമാനിയക്കുമൊപ്പം റെക്കോർഡ് പങ്കിടുകയാണ് ടീം ഇന്ത്യ. 2018 ഫെബ്രുവരി മുതൽ 2019 സെപ്റ്റംബർ വരെയായിരുന്നു അഫ്ഗാന്റെ തുടർജയമെങ്കിൽ, 2020 ഒക്ടോബർ മുതൽ 2021 സെപ്റ്റംബർ വരെയായിരുന്നു ഐ.സി.സി അസോസിയറ്റ് അംഗമായ റുമാനിയയുടെ വിജയക്കുതിപ്പ്. കെ.എൽ. രാഹുലിന്റെ നേതൃത്വത്തിൽ അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരക്കിറങ്ങുന്ന ഇന്ത്യൻ ടീം നിലവിൽ ട്വന്റി 20 റാങ്കിങ്ങിൽ ഒന്നാമതാണ്.

2021ലെ ട്വന്റി 20 ലോകക്കപ്പിൽ തുടങ്ങിയതാണ് ഇന്ത്യയുടെ അപരാജിത കുതിപ്പ്. ന്യൂസിലൻഡിനോട് പരാജയപ്പെട്ട ശേഷം ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങളിൽ അഫ്ഗാനിസ്താനെയും സ്കോട്ട്‍ലൻഡിനെയും നമീബിയയെയും കീഴടക്കിയ ഇന്ത്യ തുടർന്ന് രോഹിത് ശർമക്ക് കീഴിൽ ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക ടീമുകൾക്കെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരകളും തൂത്തുവാരി. വെള്ളിയാഴ്ച ജയിച്ചാൽ റെക്കോർഡ് ഇന്ത്യക്ക് മാത്രമാകും.

എന്നാൽ, റെക്കോർഡിലല്ല ശ്രദ്ധയെന്നും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ടീം ശ്രമിക്കുന്നതെന്നും മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് പ്രതികരിച്ചു. മികച്ച രീതിയിൽ പദ്ധതികൾ ആവഷ്കരിക്കാനും അതു നടപ്പാക്കാനുമാണ് ശ്രമിക്കുന്നത്. അതിന് കഴിഞ്ഞാൽ നല്ലതെന്നും മത്സരത്തിന് മുന്നോടിയായുള്ള വാർത്ത സമ്മേളനത്തിൽ ദ്രാവിഡ് പറഞ്ഞു.

'കരുത്തരായ ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ എന്നതാണ് എന്നെ ആവേശഭരിതനാക്കുന്നത്. ഇത് നമുക്കൊരു മികച്ച പരീക്ഷണമാകും. മുമ്പ് അവസരം ലഭിക്കാതിരുന്ന ഒരുപറ്റം യുവാക്കൾക്ക് കരുത്തുറ്റ ടീമിനെതിരെ മികവ് തെളിയിക്കാനുള്ള അവസരമാണിത്. ഇതാണ് ഞങ്ങളെ ആവേശം കൊള്ളിക്കുന്നത്. ഞങ്ങൾ ജയിച്ചാൽ ഞങ്ങൾ ജയിക്കും, അല്ലെങ്കിൽ ഞങ്ങൾ പഠിക്കും, അടുത്ത കളിയിൽ കൂടുതൽ മെച്ചപ്പെടാൻ ശ്രമിക്കും. ഇതു തുടരും'– ദ്രാവിഡ് പറഞ്ഞു.

വിരാട് കോഹ്‍ലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ തുടങ്ങിയ സൂപ്പർ താരങ്ങൾക്ക് വിശ്രമം നൽകിയാണ് ടീമൊരുക്കിയത്. ഐ.പി.എല്ലിലെ അതിവേഗ ബൗളർ ഉമ്രാൻ മാലികിനെയും പഞ്ചാബ് കിങ്സ് പേസർ അർഷ്ദീപിനെയുമെല്ലാം ഉൾപ്പെടുത്തിയ ടീമിലേക്ക് ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ എന്നിവരെ തിരിച്ചു വിളിച്ചിട്ടുമുണ്ട്.

ടീം: കെ.എൽ. രാഹുൽ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക് വാദ്, ഇഷാൻ കിഷൻ, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, വെങ്കിടേഷ് അയ്യർ, യുസ്‌വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, രവി ബിഷ്ണോയി, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്.

Tags:    
News Summary - Indian team looking for a record of consecutive victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.