ജഡേജ പന്ത് ചുരണ്ടിയതല്ല; ഓയിൻമെന്റ് പുരട്ടിയതാണെന്ന് വിശദീകരണം

വിരലിൽ എന്തോ പുരട്ടുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ഓസീസ് മുൻതാരം ഉൾപ്പെടെ സംശയം ഉന്നയിക്കുകയും ചെയ്തതോടെ വിശദീകരണവുമായി ടീം ഇന്ത്യ. മത്സരത്തിനിടെ രവീന്ദ്ര ജഡേജ വിരലിൽ എന്തോ പുരട്ടുന്ന വിഡിയോയാണ് പ്രചരിച്ചത്. എന്താണ് ചെയ്യുന്നത് എന്നും വിഡിയോക്കൊപ്പം ചോദ്യമുണ്ടായിരുന്നു. ഇതോടെ, പഴയ ഓസീസ് ചുരണ്ടൽ സംഭവം ഓർമയിലെത്തിയവർ സംശയങ്ങളുടെ മുന ഇന്ത്യൻ ടീമിനെതിരെ എറിഞ്ഞു. പന്തെറിയുന്നതിനിടെ സഹതാരം മുഹമ്മദ് സിറാജിന്റെ കൈയിൽനിന്ന് ​എന്തോ സ്വന്തം വിരലിൽ പുരട്ടുന്നതാണ് വിഡിയോയിലുള്ളത്.

എന്നാൽ, ബൗൾ ചെയ്യുന്ന കൈയിലെ വിരലിലെ വേദന മാറാൻ ഓയിന്റ്മെന്റ് പുരട്ടുകയാണ് ചെയ്തതെന്നും മറ്റൊന്നുമില്ലെന്നും മാച്ച് റഫറി ആൻഡി പൈക്കോട്ടിന് നൽകിയ വിശദീകരണത്തിൽ പറയുന്നു.

സ്റ്റീവൻ സ്മിത്ത്, മാറ്റ് റെൻഷോ, മാർനസ് ലബൂഷെയ്ൻ എന്നിവരെ പുറത്താക്കി ഇന്ത്യൻ ബൗളിങ്ങിൽ തിളങ്ങി നിൽക്കെയായിരുന്നു ജഡേജ കൈയിൽ ബാം പുരട്ടിയത്. വിഷയം സമൂഹ മാധ്യമത്തിൽ സജീവ ചർച്ചയായെങ്കിലും ആസ്ട്രേലിയൻ ടീം ഇത് റഫറിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടില്ല. എന്നാലും, സ്വതന്ത്രമായി വിഷയം അന്വേഷിക്കാൻ റഫറിക്ക് അധികാരമുണ്ടാകും.

പന്തിന്റെ സ്വഭാവത്തിൽ മാറ്റം വരുമെന്നതിനാൽ കൈയിൽ എന്തും പുരട്ടുംമുമ്പ് റഫറിയെ അറിയിക്കണമെന്നാണ് ചട്ടം. ഇതിന്റെ ലംഘനമുണ്ടായോ എന്ന് പരിശോധിച്ച് ഉറപ്പിക്കാൻ മത്സരം നിയന്ത്രിക്കുന്നവർക്കാകും.

ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനത്തിൽ ജഡേജയുടെയും അശ്വിന്റെയും ബൗളിങ് മികവാണ് ഇന്ത്യക്ക് മേൽക്കൈ നൽകിയത്. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റെടുത്ത് നൽകിയ തുടക്കം ജഡേജയും അശ്വിനും ചേർന്ന് പൂർത്തിയാക്കുകയായിരുന്നു. 

Tags:    
News Summary - Indian team tells match-referee Jadeja used pain-relief cream on finger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.