ന്യൂഡൽഹി: ടിനു യോഹന്നാനും എസ്. ശ്രീശാന്തിനും ശേഷം ക്രിക്കറ്റിന്റെ പരമ്പരാഗത ഫോർമാറ്റിൽ ഇന്ത്യയെ പ്രതിനിധാനംചെയ്യുന്ന മലയാളിയാവുകയാണ് ദേവ്ദത്ത് പടിക്കൽ. 2021ൽ ട്വന്റി20യിലൂടെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ദേവിന് രണ്ടു മത്സരങ്ങളിൽ മാത്രമാണ് ഇറങ്ങാനായത്. രണ്ടര വർഷത്തിലധികം വീണ്ടും കാത്തിരുന്ന് ടെസ്റ്റ് ടീമിലേക്കും വിളിയെത്തി. മലപ്പുറം എടപ്പാൾ സ്വദേശിയായ ദേവ്ദത്ത് കർണാടകയുടെ താരമാണ്.
രഞ്ജി ട്രോഫിക്കൊപ്പം ഇന്ത്യൻ എ ടീമിനായും പുറത്തെടുത്ത മികവാണ് ടെസ്റ്റ് സംഘത്തിൽ ഇടം നേടിക്കൊടുത്തത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2024 സീസണിൽ ലഖ്നോ സൂപ്പർ ജയന്റ്സിന്റെ മുൻനിര ബാറ്ററായി ഇറങ്ങാനൊരുങ്ങുന്നതിനിടെയാണ് 23കാരന് പുതിയ നിയോഗം.
പാതി മലയാളിയല്ല ദേവ്ദത്ത്. കേരളീയരായ അച്ഛനമ്മമാർക്ക് പിറന്ന, മാതൃഭാഷ നന്നായി സംസാരിക്കുന്ന നൂറു ശതമാനം മലയാളിതന്നെ. ജനിച്ചതും നാലു വയസ്സുവരെ വളർന്നതും എടപ്പാളിൽ. അച്ഛൻ ബാബുനു പാലക്കാട് ചിറ്റൂർ സ്വദേശി. എടപ്പാളുകാരിയാണ് അമ്മ അമ്പിളി ബാലൻ പടിക്കൽ. ബാബുനുവിന്റെ ജോലിമാറ്റത്തോടെയാണ് കുടുംബം ഹൈദരാബാദിലേക്കു മാറുന്നത്. ഏഴാം വയസ്സിൽ ഹൈദരാബാദിൽ വേനൽക്കാല പരിശീലനത്തിനു ചേർന്നു.
അവിടത്തെ പരിശീലകൻ ഹരീഷാണ് ആർമി സ്കൂളിൽനിന്നു സെന്റ് പീറ്റേഴ്സ് സ്കൂളിലെത്തിച്ചത്. ക്രിക്കറ്റിൽ കുഞ്ഞുദേവ് പ്രകടിപ്പിച്ച അസാമാന്യ മികവ് കണ്ട് കുടുംബം പിന്നീട് ബംഗളൂരുവിലേക്കു ചേക്കേറി. 13 വർഷം മുമ്പ് ബംഗളൂരുവിലെ കെ.ഐ.ഒ.സി അക്കാദമിയിൽനിന്നാണ് ദേവ് ക്രിക്കറ്റിന്റെ തുടർപാഠങ്ങൾ സ്വായത്തമാക്കിയത്. ബംഗളൂരു സെന്റ് ജോസഫ്സ് കോമേഴ്സ് കോളജിലായിരുന്നു ബിരുദപഠനം. സഹോദരി ചാന്ദ്നി.
ആഭ്യന്തര ക്രിക്കറ്റിൽ റൺസ് വാരിക്കൂട്ടിയതിനുശേഷമാണ് ദേവ്ദത്ത് ഐ.പി.എല്ലിൽ താരമാവുന്നത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലായിരുന്നു തുടക്കം. വിരാട് കോഹ്ലിയും എബി ഡിവില്ലിയേഴ്സും ക്രിസ് ഗെയ്ലുമടങ്ങിയ വമ്പന്മാരണിഞ്ഞ ജഴ്സിയിൽ അർധശതകവുമായി അരങ്ങേറ്റം. ഐ.പി.എല്ലിൽ ആദ്യ നാലു മത്സരങ്ങളിൽ മൂന്നിലും 50 കടക്കുന്ന ആദ്യ താരം.
ബാംഗ്ലൂർ ടീമിനായി തന്റെ പ്രഥമ സീസണിൽ 15 മത്സരങ്ങളിൽ അടിച്ചുകൂട്ടിയത് 473 റൺസ്. 2021ൽ രാജസ്ഥാൻ റോയൽസിനെതിരെ കരിയറിലെ ആദ്യ ഐ.പി.എൽ ശതകം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും സ്വപ്നതുല്യമായ ആരംഭമായിരുന്നു ദേവ്ദത്തിന്റേത്. 2018-19ൽ കർണാടകക്കായി രഞ്ജി ട്രോഫിയിൽ തുടക്കം. 2019-21 വരെ ആർ.സി.ബിക്കും 2022-23ൽ രാജസ്ഥാൻ റോയൽസിനും വേണ്ടി ഐ.പി.എൽ കളിച്ചു. പുതിയ സീസണിലേക്ക് ലേലത്തിനുമുമ്പേ ലഖ്നോ ടീം, ഇടംകൈ ബാറ്ററും വലംകൈ സ്പിന്നറുമായ താരത്തെ സ്വന്തമാക്കി.
2021 ജൂലൈയിൽ കൊളംബോയിൽ നടന്ന ഇന്ത്യ-ശ്രീലങ്ക ട്വന്റി20 പരമ്പരയിലായിരുന്നു ദേവ്ദത്തിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. 23 പന്തിൽ 29 റൺസടിച്ച് തുടക്കം ഗംഭീരമാക്കി. പിറ്റേന്ന് നടന്ന മത്സരത്തിൽ ഒമ്പതു റൺസ് നേടി പുറത്തായ താരത്തെ പിന്നെ ദേശീയ ടീമിലേക്ക് വിളിച്ചതേയില്ല. രഞ്ജി ട്രോഫിയുടെ പുതിയ സീസണിൽ കർണാടകക്കായി തകർത്താടുകയാണ്. ഇംഗ്ലണ്ട് ലയൺസിനെതിരെ നടന്ന രണ്ടു മത്സരങ്ങളിൽ ഓരോ സെഞ്ച്വറിയും അർധശതകവും.
കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന തമിഴ്നാട്-കർണാടക രഞ്ജി മത്സരത്തിന് സാക്ഷിയാകാൻ ദേശീയ ടീം ചീഫ് സെലക്ടർ അജിത് അഗാർകറുമുണ്ടായിരുന്നു.
ഒന്നാം ഇന്നിങ്സിൽ 151ഉം രണ്ടാമത്തേതിൽ 36ഉം റൺസാണ് ദേവിന്റെ ബാറ്റിൽനിന്ന് പിറന്നത്. ഇതോടെ, കർണാടകയുടെതന്നെ കെ.എൽ. രാഹുലിന് പകരക്കാരനായി ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.