ഇംഗ്ലണ്ടിൽ കവർച്ചക്കിരയായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം. വിക്കറ്റ് കീപ്പർ-ബാറ്ററായ ടാനിയ ഭാട്ടിയയാണ് ഇംഗ്ലണ്ട് പര്യടനത്തിനിടെ ലണ്ടനിൽ ടീമിനായി അനുവദിച്ച ഹോട്ടലിൽ തങ്ങുന്നതിനിടെ കവർച്ചക്കിരയായ വിവരം സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബർ 10നും 24നും ഇടയിൽ നടന്ന ട്വന്റി 20, ഏകദിന പരമ്പരകളിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു ടാനിയ.
രണ്ട് ട്വീറ്റുകളായാണ് ടാനിയ താൻ നേരിട്ട മോശം അനുഭവം പങ്കുവെച്ചത്. ലണ്ടനിലെ മാരിയറ്റ് ഹോട്ടലിലായിരുന്നു ഇന്ത്യൻ ടീം തങ്ങിയത്. തന്റെ മുറിയിൽ "ആരോ" കയറി സാധനങ്ങൾ മോഷ്ടിച്ചതായി താരം പറയുന്നു - പണം മുതൽ ആഭരണങ്ങൾ വരെ നഷ്ടമായിട്ടുണ്ട്. ഇന്ത്യൻ ടീമിന് മികച്ച സുരക്ഷയൊരുക്കാത്തതിന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിനെ ടാനിയ ട്വീറ്റിൽ വിമർശിക്കുന്നുണ്ട്.
"മാരിയറ്റ് ഹോട്ടൽ ലണ്ടൻ മാനേജ്‌മെന്റിനെ കുറിച്ചോർത്ത് ഞെട്ടലും നിരാശയും; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ഭാഗമായി ഞാൻ അടുത്തിടെ അവിടെ താമസിച്ച സമയത്ത് എന്റെ സ്വകാര്യ മുറിയിലേക്ക് ആരോ കയറി പണവും കാർഡുകളും വാച്ചുകളും ആഭരണങ്ങളും അടങ്ങിയ എന്റെ ബാഗ് മോഷ്ടിച്ചു.
"ഇക്കാര്യത്തിൽ വേഗത്തിലുള്ള അന്വേഷണവും പരിഹാരവും പ്രതീക്ഷിക്കുന്നു. ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് തെരഞ്ഞെടുത്ത ഹോട്ടലിലുള്ള സുരക്ഷയുടെ അഭാവം അമ്പരപ്പിക്കുന്നതാണ്. അവരും ഇത് ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു," -ടാനിയ കൂട്ടിച്ചേർത്തു. അതേസമയം, വിഷയത്തിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്പര 1-2 ന് തോറ്റെങ്കിലും ഏകദിന പരമ്പരയിൽ ഇന്ത്യൻ പെൺപട ചരിത്ര വിജയമാണ് നേടിയത്. ഇതിഹാസതാരം ജൂലൻ ഗോസ്വാമി ഇന്ത്യയ്‌ക്കായി തന്റെ അവസാന അന്താരാഷ്ട്ര മത്സരം കളിച്ച ലോർഡ്‌സിലെ അവസാന വിജയത്തോടെ 3-0നാണ് ടീം ഇന്ത്യ പരമ്പര വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.