ഇന്ത്യൻ സൂപ്പർബാറ്റർ ശുഭ്മൻ ഗിൽ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെ ഹോം ഗ്രൗണ്ടായ പാർക് ഡെ പ്രിൻസ് സന്ദർശിച്ചു. ക്ലബ് തന്നെയാണ് അവരുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി ഇക്കാര്യം അറിയിച്ചത്.
താരത്തിന് ഊഷ്മളമായ സ്വീകരണമാണ് ക്ലബ് അധികൃതർ നൽകിയത്. താരത്തിന്‍റെ പേരെഴുതിയ ഏഴാം നമ്പർ പി.എസ്.ജി ജഴ്സിയും ഗില്ലിന് സമ്മാനിച്ചു. ഗിൽ എന്നെഴുതിയ ഏഴാം നമ്പർ ജഴ്സിയും കൈയിൽ പിടിച്ചുനിൽക്കുന്ന ഗില്ലിന്‍റെ ചിത്രം ക്ലബ് ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.
‘നമസ്തേ ദോസ്തോ, ഇതാ ഇന്ത്യയുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരവും പി.എസ്.ജി ആരാധകനുമായ ശുഭ്മൻ ഗിൽ പാർക്ക് ഡെ പ്രിൻസസിൽ’ എന്ന് ഇംഗ്ലീഷിലും ഹിന്ദിയിലുമായി എഴുതിയ ചെറിയ കുറിപ്പും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനു താഴെ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തിലൂടെയാണ് ക്ലബ് അധികൃതർ തനിക്ക് നൽകിയ സ്വീകരണത്തിന് ഗിൽ നന്ദി അറിയിച്ചത്. പി.എസ്.ജി ഗ്രൗണ്ടിൽനിന്ന് താരം തന്നെ ഷൂട്ട് ചെയ്തതാണ് വിഡിയോ.
‘എല്ലാവർക്കും ഹായ്, ഞാൻ ശുഭ്മൻ ഗിൽ, എനിക്ക് നൽകിയ സ്വീകരണത്തിന് പി.എസ്.ജിയിലെ എല്ലാവർക്കും നന്ദി പറയാൻ ആഗ്രഹിക്കുന്നു’വെന്നാണ് താരം വിഡിയോയിൽ പറയുന്നത്. നേരത്ത, മാഞ്ചസ്റ്റർ സിറ്റി താരങ്ങളായ എർലിങ് ഹാലൻഡ്, കെവിൻ ഡിബ്രൂയിൻ എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രവും ഗിൽ പങ്കുവെച്ചിരുന്നു. യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്‍റർമിലാനെ പരാജയപ്പെടുത്തി സിറ്റി കിരീടം ചൂടിയതിനു പിന്നാലെയായിരുന്നു കൂടിക്കാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.