രണ്ടു ദിവസത്തിനിടെ വീണത് 30 വിക്കറ്റ്; ഇ​ന്ദോർ പിച്ച് കളിക്കാൻ കൊള്ളില്ലെന്ന് ഐ.സി.സി

ബോർഡർ- ഗവാസ്കർ ട്രോഫി മൂന്നാം ടെസ്റ്റ് നടന്ന ഇന്ദോറിലെ ഹോൽക്കർ സ്റ്റേഡിയം കളിക്കാൻ കൊള്ളാത്തതെന്ന അഭിപ്രായവുമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. ഓസീസ് ഒമ്പതു വിക്കറ്റിന് കളി ജയിച്ച സ്റ്റേഡിയത്തിൽ ഐ.സി.സി പിച്ച് ആന്റ് ഔട്ട്ഫീൽഡ് നിരീഷണത്തിലാണ് ‘മോശം’ റിപ്പോർട്ട് നൽകിയത്. പേസിനെ ഒട്ടും തുണക്കാതെ, താളംതെറ്റിയ ബൗൺസുമായി ബാറ്റർമാർക്കു മാത്രമല്ല, പേസർമാർക്കും പേടിസ്വപ്നമായി മാറിയ പിച്ച് സ്പിന്നർമാർക്ക് അനുകൂലമായാണ് ഒരുക്കിയതെന്ന വിമർശനമുയർന്നിരുന്നു. ഇരുഭാഗങ്ങളിലുമായി മൊത്തം 31 വിക്കറ്റ് വീണതിൽ 26ഉം നേടിയത് സ്പിന്നർമാരാണ്.

‘‘തീരെ വരണ്ടുണങ്ങിയ നിലയിലായിരുന്ന പിച്ച് ബാറ്റിനും ബാളിനുമിടയിൽ ആവശ്യമായ ബാലൻസ് നൽകുന്നതായിരുന്നില്ല. തുടക്കം മുതൽ സ്പിന്നിനെയാണ് തുണച്ചത്. മത്സരത്തിലെ അഞ്ചാം പന്തു മുതൽ പിച്ചിന്റെ മോശം സ്വഭാവം കണ്ടതാണ്. പരിധിവിട്ടും, ക്രമമല്ലാതെയുമുള്ള ബൗൺസായിരുന്നു പിച്ചിൽ’’- മാച്ച് റഫറി ക്രിസ് ബോർഡ് പറഞ്ഞു. മോശം പിച്ചിനുള്ള ​മൂന്ന് നെഗറ്റീവ് പോയിന്റുകളാണ് ഹോൽക്കർ സ്റ്റേഡിയത്തിന് നൽകിയത്. അത് അഞ്ചോ കൂടുതലോ ആണെങ്കിൽ ഇവിടെ അഞ്ചു വർഷത്തേക്ക് പിന്നീട് മത്സരം അനുവദിക്കില്ല.

ആദ്യ രണ്ടു ടെസ്റ്റിലും വിജയം കുറിച്ച ഇന്ത്യയെ വീഴ്ത്തി ആസ്ട്രേലിയയായിരുന്നു ഇന്ദോർ ടെസ്റ്റ് വിജയി. ജയത്തോടെ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിച്ച ആസ്ട്രേലിയക്കെതിരെ അടുത്ത കളി ജയിച്ചാലേ ഇന്ത്യക്ക് യോഗ്യത നേടാനാകൂ. ശ്രീലങ്കയാണ് ഇന്ത്യക്കു പുറമെ ഫൈനൽ സാധ്യത പട്ടികയിലുള്ള രണ്ടാമത്തെ ടീം. 

Tags:    
News Summary - International Cricket Council Rates Indore Pitch, Which Hosted 3rd India-Australia Test, As 'Poor'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.