കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
2012ലും 2014ലും ഐ.പി.എൽ കിരീടം സ്വന്തം പേരിലാക്കിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഈ സീസണിൽ ആ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യൻ മധ്യനിര താരം ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ നിരവധി മാറ്റങ്ങളുമായി പുതിയ ടീമിനെ സെറ്റാക്കിയിരിക്കുകയാണ് നൈറ്റ് റൈഡേഴ്സ്. കഴിഞ്ഞ സീസണിൽ പ്ലേഓഫ് കാണാതെ പുറത്തായ കൊൽക്കത്ത ഏഴാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. ടീമിന്റെ മെന്റർ ഗൗതം ഗംഭീർ തിരിച്ചുവന്നത് കൊൽക്കത്തൻ ടീമിന് വലിയ ഊർജമാവും.
അയ്യരും കൂട്ടരും
ശ്രേയസ് അയ്യരും റിങ്കു സിങ്ങും ആന്ദ്രേ റസലുമടങ്ങുന്ന ബാറ്റിങ് വിസ്ഫോടനത്തെ തളക്കാൻ എതിർ ബൗളിങ്നിര കൂടുതൽ അധ്വാനിക്കേണ്ടിവരും. മികച്ച റൺറേറ്റിൽ ക്ലാസിക് പ്രകടനം പുറത്തെടുക്കുന്ന ശ്രേയസ് അയ്യരുടെ വിക്കറ്റ് തന്നെയാകും കൊൽക്കത്തയുടെ ബാറ്റിങ്ങിൽ നിർണായകം. സമീപകാലത്തെ മിന്നുംഫോമിൽ ഇന്ത്യൻ ടീമിൽ സ്ഥിരം സാന്നിധ്യമായ റിങ്കു സിങ് ടീമിന് നൽകുന്ന ആത്മവിശ്വാസവും ചെറുതല്ല. അവസാന ഓവറുകളിൽ റിങ്കു നടത്തുന്ന മാസ്മരിക പ്രകടനം ഇക്കുറിയും നിലനിർത്തിയാൽ കൊൽക്കത്തക്ക് കാര്യങ്ങൾ എളുപ്പമാവും. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലക്ക് കൊൽക്കത്ത സ്വന്തമാക്കിയ ആസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കായിരിക്കും ടീമിന്റെ ഹൈലൈറ്റ് താരം. നിലവിലെ താരങ്ങളെ റിലീസ് ചെയ്താണ് കൊൽക്കത്ത രണ്ടും കൽപിച്ച് സ്റ്റാർക്കിനെ സ്വന്തമാക്കിയത്.
സ്പിൻ റൈഡ്
ഈ സീസണിലെ മികച്ച സ്പിൻ ബൗളിങ് നിരയുമായാണ് കൊൽക്കത്തയുടെ വരവ്. സുനിൽ നരേയ്ൻ, വരുൺ ചക്രവർത്തി, യുവതാരം സുയാഷ് ശർമ, അഫ്ഗാൻ താരം മുജീബുർ റഹ്മാൻ എന്നിവരാണ് നൈറ്റ് റൈഡേഴ്സിന്റെ സ്പിൻ കരുത്ത്. വർഷങ്ങളായി കൊൽക്കത്തയുടെ ഒപ്പം സഞ്ചരിക്കുന്ന സുനിൽ നരേയ്ൻ ബാറ്റിങ്ങിലും ടീമിന് മുതൽക്കൂട്ടാണ്. കഴിഞ്ഞ സീസണിൽ 20 വിക്കറ്റുകളെടുത്ത താരമാണ് വരുൺ. സുയാഷ് ശർമയും കഴിഞ്ഞ തവണ ടീമിനായി ശ്രദ്ധേയ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. സ്റ്റാർക്കിനായിരിക്കും ബൗളിങ്നിരയിൽ കൂടുതൽ ഉത്തരവാദിത്തം. സ്റ്റാർക്കിനൊപ്പം സ്പിൻ കരുത്തിൽ എതിർടീമിനെ വരുതിയിലാക്കി കിരീടമോഹത്തിലേക്ക് അടുക്കാനുള്ള തയാറെടുപ്പിൽതന്നെയാണ് റൈഡേഴ്സ്. മാർച്ച് 23ന് സൺറൈസേഴ്സ് ഹൈദരാബാദുമായാണ് കൊൽക്കത്തയുടെ ആദ്യ മത്സരം.
സ്ക്വാഡ്
ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), നിതീഷ് റാണ, റിങ്കു സിങ്, റഹ്മാനുല്ല ഗുർബാസ്, ഫിൽ സാൾട്ട്, സുനിൽ നരേയ്ൻ, മിച്ചൽ സ്റ്റാർക്, സുയാഷ് ശർമ, അനുകൂൽ റോയ്, ആന്ദ്രെ റസൽ, വെങ്കിടേഷ് അയ്യർ, ഹർഷിത് റാണ, വൈഭവ് അറോറ, വരുൺ ചക്രവർത്തി, കെ.എസ്. ഭരത്, ചേതൻ സക്കറിയ, അൻഷിക് സക്കറിയ, രമൺദീപ് സിങ്, ഷെർഫാൻ റഥർഫോർഡ്, മനീഷ് പാണ്ഡെ, മുജീബുർ റഹ്മാൻ, ദുഷ്മന്ത ചമീര, ശാകിബ് ഹുസൈൻ.
ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്
ഐ.പി.എല്ലിലെ ഗ്ലാമർ ടീമെന്ന പരിവേഷവുമായി എത്തുന്ന ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനു കിരീടമെന്ന സ്വപ്നം ഇനിയും ബാക്കിയാണ്. ഇന്ത്യൻ സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോഹ്ലിയുടെ മിന്നുംപ്രകടനമൊന്നും ടീമിനെ ഐ.പി.എൽ കിരീടത്തിലേക്ക് എത്തിച്ചിട്ടില്ല. ഇക്കുറി ലേലത്തിലൂടെയും ട്രേഡിലൂടെയും ചില മാറ്റങ്ങളുമായി ചലഞ്ചേഴ്സ് പുതിയ ടീമായി ഒരുങ്ങിക്കഴിഞ്ഞു. ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസും വിരാട് കോഹ്ലിയും അടങ്ങുന്ന ബാറ്റിങ്നിര കരുത്തരാണെങ്കിലും ബൗളിങ്ങിൽ അത്ര മികച്ച താരങ്ങൾ ടീമിനൊപ്പം ഉണ്ടെന്ന് പറയാനാവില്ല.
കോഹ്ലി ‘മാക്സിമം’
റോയൽ ചലഞ്ചേഴ്സിന്റെ എക്കാലത്തെയും കരുത്ത് വിരാട് കോഹ്ലിയെന്ന ഊർജസ്വലനായ കളിക്കാരനാണ്. ദീർഘകാലം ധരിച്ച നായകകുപ്പായം ഊരിവെച്ച് പുതിയ ക്യാപ്റ്റന്റെ കീഴിൽ ടീമിനായി കളിക്കുമ്പേഴും മറ്റു കളിക്കാർക്ക് വിരാട് എന്നും ആത്മവിശ്വാസമാണ്. ഓപണിങ്ങിൽ ക്യാപ്റ്റൻ പ്ലെസിസ് തുടങ്ങിവെക്കുന്ന വെടിക്കെട്ടും പിന്നാലെ കോഹ്ലിയുടെ ക്ലാസ് ബാറ്റിങ്ങും ഗ്ലെൻ മാക്സ്വെല്ലിന്റെ ഫിനിഷിങ്ങും സെറ്റായാൽ പിന്നെ ബാംഗ്ലൂർ ടീമിനെ പിടിച്ചുകെട്ടാൻ പ്രയാസമാവും. ഈ മൂന്നു താരങ്ങളിൽ ആരെങ്കിലും ഫോമിലെത്തിയാൽ മികച്ച ടോട്ടൽ ടീം നേടിയ ചരിത്രമാണുള്ളത്. തോൽവിയെന്ന് ഉറപ്പിച്ച പല നിർണായക ഘട്ടങ്ങളിലും ടീമിനെ കൈപിടിച്ചുയർത്തിയ പാരമ്പര്യമുണ്ട് മാക്സ്വെല്ലിന്. ആ പ്രതീക്ഷ പുതിയ സീസണിലും നിലനിർത്തിയാൽ ബാംഗ്ലൂർ ബാറ്റിങ് നിരയെ മെരുക്കാൻ എതിർ ബൗളർമാർ വിയർക്കും.
ബൗളിങ് ടേൺ
ബാറ്റിങ്ങിൽ കരുത്തരാണെങ്കിലും മറ്റു ടീമുകളെ അപേക്ഷിച്ച് ബൗളിങ്നിര ബാംഗ്ലൂരുവിന് ഒരു ചലഞ്ചായിരിക്കും. ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെ മാറ്റിനിർത്തിയാൽ എടുത്തുപറയാവുന്ന പ്രകടനം കാഴ്ചവെക്കുന്ന ബൗളർമാരുടെ അഭാവം ടീമിന് വെല്ലുവിളി ഉയർത്തിയേക്കാം. ആകാശ് ദീപ്, ലോകി ഫെർഗൂസൺ, അൽസാരി ജോസഫ് അടങ്ങുന്ന ബൗളിങ്നിര പ്രതീക്ഷക്കൊത്ത് ഉയരുമെന്നാണ് ടീമിന്റെ കണക്കുകൂട്ടൽ. സ്പിൻ ബൗളിങ്ങിൽ ടീം ശരാശരിക്ക് താഴെയാണെന്നാണ് വിലയിരുത്തൽ. കാമറൂൺ ഗ്രീനിൽ വലിയ പ്രതീക്ഷവെക്കുന്നുണ്ടെങ്കിലും ട്വന്റി20യിൽ പ്രധാന ഇംപാക്ട് ഉണ്ടാക്കുന്ന ഓൾറൗണ്ടറുടെ കുറവും റോയൽ ചലഞ്ചേഴ്സിന് ക്ഷീണമാകും. ഐ.പി.എൽ ആരംഭിക്കുന്ന മാർച്ച് 22ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സുമായാണ് റോയൽ ചലഞ്ചേഴ്സിന്റെ ആദ്യ മത്സരം.
സ്ക്വാഡ്
ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), ഗ്ലെൻ മാക്സ്വെൽ, വിരാട് കോഹ്ലി, രജത് പാട്ടീദാർ, അനൂജ് റാവത്ത്, ദിനേശ് കാർത്തിക്, സുയാഷ് പ്രഭുദേശായി, വിൽ ജാക്സ്, മഹിപാൽ ലോംറോർ, കരൺ ശർമ, മനോജ് ഭണ്ഡാഗെ, മായങ്ക് ദാഗർ, വൈശാഖ് വിജയകുമാർ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, റീസ് ടോപ് ലി, ഹിമാൻഷു ശർമ, രാജൻ കുമാർ, കാമറൂൺ ഗ്രീൻ, അൽസാരി ജോസഫ്, യാഷ് ദയാൽ, ടോം കറൻ, ലോകി ഫെർഗൂസൺ, സ്വപ്നിൽ സിങ്, സൗരവ് ചൗഹാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.