2014ൽ ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഐ.പി.എൽ എവിടെ നടത്തുമെന്ന കാര്യത്തിൽ കൂലങ്കഷമായ ചർച്ച നടക്കുന്ന സമയം. ഇന്ത്യയിലും ബംഗ്ലാദേശിലും യു.എ.ഇയിലുമായി നടത്തുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. ബി.സി.സി.ഐയുടെ ആദ്യ തീരുമാനവും അതായിരുന്നു. എന്നാൽ, അന്നത്തെ ബി.സി.സി.ഐ പ്രസിഡൻറ് ശ്രീനിവാസനുമായുള്ള സംഭാഷണത്തിനിടയിലാണ് ഐ.പി.എൽ യു.എ.ഇയിൽ നടത്താൻ തീരുമാനിച്ച വിവരം വീണുകിട്ടിയത്.
അങ്ങനെയാണ് ഈ സന്തോഷ വാർത്ത ഞാൻ ആദ്യമായി ബ്രേക്ക് ചെയ്തത്. ക്രിക്കറ്റ്ലോകം മുഴുവൻ ഇതിെൻറ പിന്നാലെ കൂടിയ ദിവസമായിരുന്നു അന്ന്. കുറച്ചു ദിവസം കഴിഞ്ഞ് യു.എ.ഇ മന്ത്രിയും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ ശൈഖ് നഹ്യാന് ശ്രീനിവാസൻ നന്ദി അറിയിച്ചെന്ന വാർത്ത വന്നതോടെ ഐ.പി.എൽ യു.എ.ഇയിൽ എന്ന് എല്ലാവരും ഉറപ്പിച്ചു. അന്ന് ഗവേണിങ് കൗൺസിലിലുണ്ടായിരുന്ന ടി.സി. മാത്യുവുമായി (കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ പ്രസിഡൻറ്) സംസാരിച്ചപ്പോൾ 'എന്തു കൊണ്ടാണ് യു.എ.ഇയെ പരിഗണിച്ചത്' എന്ന് ചോദിച്ചു.
ഇവിടെയുള്ള ഇന്ത്യക്കാരുടെ സാന്നിധ്യമാണ് മുഖ്യപരിഗണനയിലേക്ക് യു.എ.ഇയെ എത്തിച്ചത് എന്നായിരുന്നു മാത്യുവിെൻറ മറുപടി. കുറഞ്ഞ യാത്രാനിരക്കും ഇന്ത്യയുമായി അധികം വ്യത്യാസമില്ലാത്ത ടൈം സോണും യു.എ.ഇക്ക് ഗുണം ചെയ്തു. ഫാൻസ് കുറവായതിനാലാണ് ബംഗ്ലാദേശിനെ ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇയിൽ നടത്താനുള്ള തീരുമാനത്തിൽ അഭിനന്ദനം അറിയിച്ച് ഐ.സി.സി സി.ഇ.ഒ ഡേവിഡ് റിച്ചാഡ്സണും രംഗത്തെത്തി. എന്നാൽ, അപ്രതീക്ഷിതമായാണ് ഐ.പി.എൽ വാതുവെപ്പ് വിവാദം ഉയർന്നുവന്നത്. ഇതോടെ ശ്രീനിവാസനോട് രാജിവെക്കാൻ സുപ്രീംകോടതി പറഞ്ഞു. ഐ.പി.എൽ നടക്കുമോ എന്ന ആശങ്കപോലുമുണ്ടായി. പക്ഷെ, താൽകാലികമായി പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്ത സുനിൽ ഗവാസ്കർ ഇച്ഛാശക്തിയോടെ മുന്നോട്ടുപോയി.
ആദ്യമായി ഐ.പി.എൽ സുതാര്യമായി നടത്തിയ പ്രസിഡൻറാണ് ഗവാസ്കർ. കണക്കുകളെല്ലാം ദിവസവും അവതരിപ്പിച്ചു. ഐ.പി.എൽ ഗവേണിങ് ബോഡി യോഗങ്ങൾ ദിവസവും ചേർന്നു. രണ്ട് താരങ്ങളെ വാതുവെപ്പുകാർ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന വിവരം പോലും അദ്ദേഹം പുറത്തുവിട്ടു.
വെള്ളിയാഴ്ചയിലെ അവധി ദിനത്തിലല്ലാതെ കാണികൾ ഗാലറിയിലെത്തില്ല എന്നായിരുന്നു യു.എ.ഇക്കെതിരായി ചിലർ ഉന്നയിച്ച ആരോപണം. ടൂർണെമൻറ് തുടങ്ങുന്നതു വരെ മാത്രമേ ഈ ആരോപണത്തിന് ആയുസ്സുണ്ടായിരുന്നുള്ളൂ. ഉദ്ഘാടന ദിവസം മുതൽ കാണികൾ ഇരച്ചുകയറി. ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. ടിക്കറ്റില്ലാത്തവർ സ്റ്റേഡിയത്തിെൻറ പരിസരത്ത് ചുറ്റുംകൂടരുത് എന്ന് ദുബൈ സ്പോർട്സ് സിറ്റി ജനറൽ മാനേജർ മക്ബൂൽ ദൂതിയക്ക് പറയേണ്ടി വന്നു.
450 കോടി രൂപയുടെ സാമ്പത്തിക ഇടപാടാണ് ആ ടൂർണമെൻറിൽ യു.എ.ഇയിൽ നടന്നത് എന്നു പറയുേമ്പാൾ മനസ്സിലാവും ഇതിെൻറ വിജയം. ലക്ഷക്കണക്കിനാളുകളാണ് അന്ന് സ്റ്റേഡിയത്തിൽ എത്തിയത്.
ആദ്യ മത്സരം കൊൽക്കത്തയും മുംബൈയും തമ്മിൽ അബൂദബിയിലായിരുന്നു. ജാക്വസ് കാലിസിെൻറ വെടിക്കെട്ടും സുനിൽ നരെയ്െൻറ നാല് വിക്കറ്റ് പ്രകടനവും ചേർന്നപ്പോൾ മുംബൈയെ കൊൽക്കത്ത ഒതുക്കിക്കളഞ്ഞു. പിന്നീടു കണ്ടത് മുംബൈയുടെ തോൽവി പരമ്പരയായിരുന്നു. യു.എ.ഇയിൽ കളിച്ച എല്ലാ മത്സരവും തോറ്റു. പക്ഷെ, നാട്ടിൽ നടന്ന രണ്ടാംഘട്ട മത്സരത്തിൽ അവർ ഉഗ്രനായി തിരിച്ചുവന്നു.
രാജസ്ഥാനും കൊൽക്കത്തയും ഏറ്റുമുട്ടിയ 19ാം മത്സരമായിരുന്നു ഏറ്റവും ആവേശകരം. സമനിലയിലായ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടെങ്കിലും അവിടെയും ടൈ. ഒടുവിൽ ബൗണ്ടറികളുടെ എണ്ണത്തിെൻറ ബലത്തിൽ രാജസ്ഥാൻ വിജയിക്കുകയായിരുന്നു. എടുത്തുപറയേണ്ടത് ഫീൽഡിങ്ങാണ്. യു.എ.ഇയിലെ പുൽമൈതാനങ്ങളിൽ താരങ്ങൾ പറന്നുനടക്കുകയായിരുന്നു എന്ന് തോന്നിപ്പോയി. ഷാർജയിൽ എ.ബി ഡിവില്യേഴ്സിനെ പുറത്താക്കാൻ ക്രിസ് ലിൻ എടുത്ത ക്യാച് ആർക്ക് മറക്കാൻ കഴിയും.
പോൾവാൾട്ടറുടെ മെയ്വഴക്കത്തോടെയായിരുന്നു ബൗണ്ടറിലൈനിെൻറ ഓരത്തുനിന്ന് ക്രിസ്ലിൻ കാച്ചെടുത്തത്. ലോക ക്രിക്കറ്റിലെതന്നെ ഏറ്റവും മികച്ച കാച്ചുകളിൽ ഒന്നാണത്. കെവിൻ കൂപ്പറിനെ പുറത്താക്കാൻ കിറോൺ പൊള്ളാർഡ് എടുത്ത ക്യാച്ചും ക്രിക്കറ്റ് ബുക്കുകളിൽ എഴുതപ്പെട്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.