ദുബൈ: പാതിവഴിയിൽ നിലച്ച ഇന്ത്യൻ പ്രീമിയർ ലീഗിെൻറ 'രണ്ടാം പകുതിക്ക്' നാളെ ദുബൈയിൽ പുനർജൻമം. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. യു.എ.ഇ സമയം വൈകുന്നേരം ആറിന് (ഇന്ത്യൻ സമയം 7.30) ദുബൈ ഇൻറർനാഷനൽ സ്റ്റേഡിയത്തിലാണ് മത്സരം. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം യു.എ.ഇയിൽ എത്തിയ ഇന്ത്യൻ ടീം അംഗങ്ങൾ ക്വാറൻറീൻ പൂർത്തിയാക്കിയ ശേഷം പരിശീലനം തുടങ്ങി. കോഹ്ലി- രോഹിത് പടലപ്പിണക്കങ്ങളുമായി ബന്ധപ്പെട്ട കിംവദന്തികൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഐ.പി.എൽ തുടങ്ങുന്നത്.
വാക്സിനെടുത്ത കാണികൾക്കു മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. വിദേശ രാജ്യങ്ങളിൽനിന്നെത്തുന്നവർ സർക്കാർ അംഗീകരിച്ച വാക്സിൻ എടുത്തിരിക്കണം. ഷാർജ, അബൂദബി സ്റ്റേഡിയങ്ങളിൽ കളി കാണാനെത്തുന്നവർ 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പരിശോധന ഫലം ഹാജരാക്കണം. എന്നാൽ, ദുബൈയിൽ ഈ നിബന്ധനയില്ല. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഈ നിബന്ധനകൾ ബാധകമല്ല. മാധ്യമപ്രവർത്തകർക്കും ഇത്തവണ പ്രവേശനം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഒഴിഞ്ഞ ഗാലറിയിലാണ് മത്സരങ്ങൾ നടത്തിയിരുന്നത്. എത്ര ശതമാനം കാണികളെയാണ് പ്രവേശിപ്പിക്കുന്നത് എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. പകുതിയോളം കാണികൾ ഗാലറിയിലെത്തുമെന്നാണ് ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റുകളിൽനിന്ന് വ്യക്തമാകുന്നത്.
മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരും ഐ.പി.എല്ലിനെ വരവേൽക്കാനുള്ള ആവേശത്തിലാണ്. 34 ലക്ഷത്തോളം ഇന്ത്യക്കാരുള്ള യു.എ.ഇയിൽ 2014 സീസണിൽ കാണികളുടെ വൻ പങ്കാളിത്തമുണ്ടായിരുന്നു. ഇന്ത്യയിൽ കളിക്കുന്നതിെൻറ അതേ ആവേശം യു.എ.ഇയിലെ കാണികളിൽനിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. ഒക്ടോബർ 17 മുതൽ യു.എ.ഇയിലും ഒമാനിലുമായി നടക്കുന്ന ട്വൻറി- 20 ലോകകപ്പിെൻറ റിഹേഴ്സൽ കൂടിയാണ് ഐ.പി.എൽ. യു.എ.ഇയിലെ ചൂട് കാലാവസ്ഥയുമായി താരങ്ങൾക്ക് പൊരുത്തപ്പെടാനുള്ള അവസരം കൂടി ഐ.പി.എൽ ഒരുക്കും. അടുത്ത മാസത്തോടെ യു.എ.ഇയിൽ ശൈത്യകാലം തുടങ്ങുമെന്നാണ് പ്രതീക്ഷ. നിലവിൽ ചൂട് കൂടുതലായതിനാൽ കുറച്ച് മത്സരങ്ങൾ മാത്രമാണ് ഉച്ചക്ക് നടത്തുന്നത്. ഭൂരിപക്ഷം മത്സരങ്ങളും വൈകുന്നേരം ആറു മുതലാണ്. ഫൈനൽ ഉൾപെടെ 31 മത്സരങ്ങളാണ് ബാക്കിയുള്ളത്.
കഴിഞ്ഞ സീസണിലെ ഉദ്ഘാടന മത്സരത്തിെൻറ തനിയാവർത്തനമാണ് ഇക്കുറിയും. അബൂദബി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുംബൈയും ചെെന്നെയുമാണ് ഏറ്റുമുട്ടിയത്. സെപ്റ്റബർ 19ന് തന്നെയായിരുന്നു മത്സരം. കൃത്യം ഒരുവർഷം പിന്നിട്ടപ്പോൾ അപ്രതീക്ഷിതമായി മറ്റൊരു ഐ.പി.എൽകൂടി യു.എ.ഇയിലേക്ക് വിരുന്നെത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.