ദുബൈ: ചൊവ്വാഴ്ച പഞ്ചാബ് കിങ്സിനെതിരായ ഐ.പി.എൽ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിൽ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിന് പിഴ. ഐ.പി.എൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് 12 ലക്ഷം രൂപയാണ് സഞ്ജുവിന് പിഴയിട്ടത്.
അവസാന ഓവറിലെ കാർത്തിക്ക് ത്യാഗിയുടെ മാരകമായ ബൗളിങ് മികവിൽ പഞ്ചാബിനെ റോയൽസ് രണ്ടുറൺസിന് തോൽപിച്ചിരുന്നു. അവസാന ഓവറിൽ വെറും നാലുറൺസ് മതിയായിരുന്ന പഞ്ചാബ് എളുപ്പം വിജയിക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ യു.പിക്കാരനായ 20കാരൻ ഉജ്വല ബൗളിങ്ങിലൂടെ കളിതിരിച്ചു. 11.5 ഒാവറിൽ മായങ്ക് അഗർവാളിന്‍റെയും (67) കെ.എൽ. രാഹുലിന്‍റെയും (47) മികവിൽ 120 റൺസെന്ന നിലയിൽ നിന്നാണ് പഞ്ചാബ് തോൽവിയിലേക്ക് കൂപ്പുകുത്തിയത്. എയ്ഡൻ മാർക്രം(26*) നികോളസ് പുരാൻ (32) എന്നിവർ നന്നായി ബാറ്റുവീശിയെങ്കിലും പഞ്ചാബ് പടിക്കൽ കലമുടച്ചു.
കാർത്തിക് ത്യാഗി എറിഞ്ഞ അവസാന ഓവറിൽ ഒരു റൺ മാത്രമാണ് പിറന്നത്. രണ്ടു നിർണായക വിക്കറ്റുകൾ വീഴ്ത്തിയതിന് പുറമെ മൂന്നു ഡോട്ട് ബാളുകളും ത്യാഗി എറിഞ്ഞതോടെ വിജയം രാജസ്ഥാൻ സ്വന്തമാക്കുകയായിരുന്നു. നിക്കൊളാസ് പുരാൻ ദീപക് ഹൂഡ (0) എന്നീ വൻതോക്കുകളെയാണ് ത്യാഗി പുറത്താക്കിയത്. ആദ്യ മൂന്നോവറിൽ 28 റൺസ് വഴങ്ങിയതിന് ശേഷമാണ് നാലാംഓവറിൽ ത്യാഗി ഗംഭീര തിരിച്ചുവരവ് നടത്തിയത്.
ആദ്യം ബാറ്റുചെയ്ത രാജസ്ഥാൻ മുന്നോട്ടുവെച്ച 186 റൺസ് ലക്ഷ്യത്തിനുമുന്നിൽ നാലു വിക്കറ്റിന് 183 റൺസിനാണ് പഞ്ചാബ് പോരാട്ടം അവസാനിച്ചത്. ഒമ്പത് മത്സരത്തിൽ നിന്ന് പഞ്ചാബിന്‍റെ ആറാം തോൽവിയാണിത്. ജയത്തോടെ രാജസ്ഥാൻ അഞ്ചാം സ്ഥാനത്തേക്ക് കയറി.
നേരത്തേ, മികച്ച തുടക്കത്തിലൂടെ കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയായിരുന്ന രാജസ്ഥാനെ പഞ്ചാബിെൻറ ഇടങ്കയ്യൻ പേസർ അർശ്ദീപ് സിങ്ങാണ് അഞ്ചു വിക്കറ്റ് പ്രകടനത്തിലൂടെ 200നു താഴെ പിടിച്ചുനിർത്തിയത്. മുഹമ്മദ് ഷമി മൂന്നു വിക്കറ്റ് വീഴ്ത്തി. യശസ്വി ജയ്സ്വാളും (36 പന്തിൽ 49) മഹിപാൽ ലോംറോറും (17 പന്തിൽ 43) ആണ് രാജസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. എവിൻ ലൂയിസ് (21 പന്തിൽ 36), ലിയാം ലിവിങ്സ്റ്റൺ (17 പന്തിൽ 25) എന്നിവരും തിളങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.