ഷാർജ: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർ വിജയങ്ങളുമായി പ്ലേഓഫിലേക്ക് കുതിക്കുകയായിരുന്ന ഡൽഹി ക്യാപിറ്റൽസിന് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് തടയിട്ടിരുന്നു. മത്സരത്തിനിടെ കൊൽക്കത്ത വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്കിനെ ബാറ്റുകൊണ്ട് തല്ലി താഴെ ഇടാൻ ഒരുങ്ങുന്ന ഡൽഹി നായകൻ ഋഷഭ് പന്തിന്‍റെ വിഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
ഡൽഹി ഇന്നിങ്സിന്റെ 17ാം ഓവറിൽ വരുൺ ചക്രവർത്തിക്കെതിരെ ബാറ്റുചെയ്യുകയായിരുന്നു പന്ത്. ചക്രവർത്തിയുടെ പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ സ്ലോഗ് സ്വീപ് ഷോട്ട് കളിക്കാൻ ശ്രമിച്ച പന്തിന് പിഴച്ചു. തന്‍റെ പിറകിലെ കാലിൽ കൊണ്ട് സ്റ്റംപിലേക്ക് പതിക്കാനൊരുങ്ങിയ പന്ത് ബാറ്റുകൊണ്ട് തട്ടിത്തെറിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു പന്ത്. പന്തെടുക്കാൻ മുന്നോട്ടാഞ്ഞ കാർത്തിക്ക് ഒരു നിമിഷം തല പിറകോട്ട് വലിച്ചില്ലായിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നു.
ഈ രംഗങ്ങൾ കണ്ട് ചക്രവർത്തിയും കെ.കെ.ആർ ടീം അംഗങ്ങളും വാ പൊളിച്ചുപോയി. എന്നാൽ സംഭവം നടന്ന ശേഷം കുശലം പറയുകയും കൈതട്ടുകയും ചെയ്യുകയായിരുന്നു കാർത്തിക്കും പന്തും. ദേശീയ ടീമിൽ വിക്കറ്റ് കീപ്പറുടെ റോളിലേക്ക് മത്സരിക്കുന്നവരാണെങ്കിലും ഇരുതാരങ്ങളും തമ്മിൽ നല്ല ബന്ധമാണ്.
ആദ്യം ബാറ്റുചെയ്ത ഡൽഹി കൊൽക്കത്തക്ക് 128 റൺസ് വിജയലക്ഷ്യമാണ് ഒരുക്കിയത്. 10 പന്തുകൾ ശേഷിക്കേ ഏഴുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കെ.കെ.ആർ വിജയതീരമണഞ്ഞു. ജയത്തോടെ പോയിന്‍റ് പട്ടികയിൽ നാലാം സ്ഥനത്തേക്ക് കയറിയ കെ.കെ.ആർ പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.