ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് ഏപ്രിൽ ഒമ്പതിന് തുടങ്ങാനിരിക്കേ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കനത്ത തിരിച്ചടി. ബാംഗ്ലൂരിന്‍റെ മലയാളി ഓപണറും റൺമെഷീനുമായ ദേവ്ദത്ത് പടിക്കലിന് കോവിഡ് ബാധിച്ചു. ഐ.പി.എല്ലിന് മുമ്പ് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ കളിക്കാരനാണ് പടിക്കൽ. സ്ക്വാഡിൽ നിന്ന് മാറി പടിക്കൽ ക്വാറന്‍റീനിൽ പ്രവേശിച്ചു.
ആർ.സി.ബിയുടെ ആദ്യ രണ്ട് മത്സരങ്ങൾ പടിക്കലിന് നഷ്ടമാകും. ഡൽഹി കാപിറ്റൽസ് താരം അക്സർ പേട്ടലിന് ശനിയാഴ്ച രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഏപ്രിൽ ഒമ്പതിന് ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെതിരെ ഉദ്ഘാടന മത്സരം കളിക്കാനിരിക്കുന്ന ബാംഗ്ലൂർ ടീം നിലവിൽ ചെന്നൈയിലാണ്.
കർണാടകക്കായി ആഭ്യന്തര മത്സരങ്ങളിൽ കഴിവുതെളിയിച്ച പടിക്കലിനെ കഴിഞ്ഞ സീസണിൽ ബാംഗ്ലൂർ ഓപണിങ്ങിൽ പരീക്ഷിക്കുകയായിരുന്നു. 15 മത്സരങ്ങളിൽ നിന്ന് 31.53 റൺസ് ശരാശരിയിൽ 473 റൺസ് അടിച്ചുകൂട്ടിയ പടിക്കൽ കോഹ്ലിയും മാനേജ്മെന്റും തന്നിൽ അർപിച്ച വിശ്വാസം കാത്തു.
അടുത്തിടെ സമാപിച്ച സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും പടിക്കൽ മാരക ഫോമിലായിരുന്നു. കർണാടകക്കായി ആറ് മത്സരങ്ങളിൽ നിന്ന് 218 റൺസ് സ്കോർ ചെയ്തു. വിജയ് ഹസാരെ ട്രോഫിയിലായിരുന്നു മികച്ച പ്രകടനം. വെറും ഏഴ് മത്സരങ്ങളിൽ നിന്ന് 147.40 ശരാശരിയിൽ 738 റൺസാണ് താരം അടിച്ച് കൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.