മുംബൈ: ഐ.പി.എല്ലിൽ ആദ്യ കളിയിൽ തോൽക്കുന്ന 10 വർഷമായുള്ള പതിവ് മുംബൈ ഇന്ത്യൻസ് തെറ്റിച്ചില്ല. അതിന് ഡൽഹി കാപിറ്റൽസ് അനുവദിച്ചില്ല എന്ന് പറയുന്നതാവും ശരി. കൈവിട്ടെന്ന് തോന്നിച്ച കളിയിൽ അവസാനഘട്ടത്തിൽ ആഞ്ഞടിച്ച ലളിത് യാദവും (38 പന്തിൽ 48 നോട്ടൗട്ട്) അക്സർ പട്ടേലും (17 പന്തിൽ 38 നോട്ടൗട്ട്) ചേർന്നാണ് ഡൽഹിക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്.
നാല് വിക്കറ്റിനായിരുന്നു ഡൽഹിയുടെ വിജയം. ആദ്യം ബാറ്റുചെയ്ത മുംബൈ അഞ്ചിന് 177 റൺസെടുത്തപ്പോൾ 10 പന്ത് ബാക്കിയിരിക്കെ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി ജയത്തിലെത്തിയത്. 13.2 ഓവറിൽ ആറിന് 104 എന്ന നിലയിൽ പരാജയത്തിലേക്ക് നീങ്ങുകയായിരുന്ന ഡൽഹിയെ ലളിതിന്റെയും അക്സറിന്റെയും ബാറ്റിങ് ജയത്തിലെത്തിക്കുകയായിരുന്നു. 30 പന്തിൽ ജയിക്കാൻ വേണ്ടി 56 റൺസ് ലളിത് യാദവും അക്സർ പട്ടേലും ചേർന്ന് 20 പന്തിൽ അടിച്ചെടുത്തു.
24 പന്തിൽ 41 റൺസ് വേണ്ടിയിരിക്കെ നാലാം ഓവർ എറിയാനെത്തിയ മലയാളി പേസർ ബേസിൽ തമ്പിയുടെ ആദ്യ പന്തിൽ അക്സറിനെ ലോങ്ഓണിൽ ടിം ഡേവിഡ് അവിശ്വസനീയമായി കൈവിട്ടത് മുംബൈക്ക് തിരിച്ചടിയായി. മൂന്നു ഓവറിൽ 22 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്ന തമ്പിക്ക് നാലാം വിക്കറ്റ് നേടാനുള്ള അവസരവും അതോടെ നഷ്ടമായി. ശേഷിച്ച അഞ്ച് പന്തിൽ തമ്പി 13 റൺസ് വഴങ്ങിയതിനുപിന്നാലെ ജസ്പ്രീത് ബുംറയും ഡാനിയൽ സാംസും അടി വാങ്ങിയപ്പോൾ ഡൽഹി അതിവേഗം ജയത്തിലെത്തി. സാംസ് എറിഞ്ഞ 18ാം ഓവറിൽ ലളിതും അക്സറും ചേർന്ന് 24 റൺസെടുത്തു. പൃഥ്വി ഷാ (24 പന്തിൽ 34) ഡൽഹി നിരയിൽ തിളങ്ങിയ മറ്റൊരു ബാറ്റർ. തമ്പി 35 റൺസിന് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ സ്പിന്നർ മുരുകൻ അശ്വിൻ 14 റൺസിന് രണ്ടുപേരെ പുറത്താക്കി.
നേരത്തേ, 48 പന്തിൽ 81 റൺസുമായി പുറത്താവാതെനിന്ന ഇഷാൻ കിഷന്റെ ബാറ്റിങ്ങാണ് മുംബൈക്ക് മികച്ച സ്കോർ നൽകിയത്. നായകൻ രോഹിത് ശർമ 32 പന്തിൽ 41 റൺസെടുത്തു. തിലക് വർമ (22), ടിം ഡേവിഡ് (12), അൻമോൽപ്രീത് സിങ് (8), കീറൺ പൊള്ളാർഡ് (3) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ.
18 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ചൈനമാൻ ബൗളർ കുൽദീപ് യാദവ് ആണ് ഡൽഹി നിരയിൽ തിളങ്ങിയത്. ഖലീൽ അഹ്മദ് രണ്ട് വിക്കറ്റെടുത്തു. പരിക്കും ടീമിനൊപ്പം ചേരാത്തതും കാരണം രണ്ടു വിദേശ താരങ്ങളെ മാത്രം (ടീം സൈഫർട്ടും റോവ്മാൻ പവലും) ഉൾപ്പെടുത്തിയാണ് ഡൽഹി ഇറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.