മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2022 പതിപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ടോസ് ഭാഗ്യം കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്. ടോസ് നേടിയ കൊൽക്കത്ത നായകൻ ശ്രേയസ് അയ്യർ നിലവിലെ ജേതാക്കളായ ചെന്നെ സൂപ്പർ കിങ്സിനെ ബാറ്റിങ്ങിനയച്ചു.
സാം ബില്ലിങ്സ്, ആന്ദ്രേ റസൽ, സുനിൽ നരെയ്ൻ എന്നീ മൂന്ന് വിദേശ കളിക്കാരെ മാത്രമാണ് കൊൽക്കത്ത ഇന്നിറക്കുന്നത്. ഡെവോൻ കോൺവേ, ഡ്വൈൻ ബ്രാവേ, ആദം മിൽനെ, മിച്ചൽ സാന്റ്നർ എന്നിവരാണ് സി.എസ്.കെ ജഴ്സിയണിയുന്ന വിദേശികൾ.
വാംഖഡെ സ്റ്റേഡിയത്തിൽ ചെന്നൈയും കൊൽക്കത്തയും കൊമ്പുകോർക്കുമ്പോൾ ഇരുനിരയെയും നയിക്കുന്നത് പുതുനായകരാവും. ശ്രേയസ്സിനെ ക്യാപ്റ്റനായി കണ്ടുതന്നെയാണ് കൊൽക്കത്ത ലേലത്തിൽ പിടിച്ചതെങ്കിൽ അപ്രതീക്ഷിതമായി മഹന്ദ്രേ സിങ് ധോണി ഒഴിഞ്ഞതിനെ തുടർന്നാണ് ജദേജ നായകനായത്.
അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് നിലവിലെ ജേതാക്കൾ കൂടിയായ ചെന്നൈയുടെ പടപ്പുറപ്പാട്. കഴിഞ്ഞതവണ ഫൈനലിൽ തോൽപിച്ചതിന് പകരം ചോദിക്കാനാണ് കൊൽക്കത്ത ഒരുങ്ങുന്നത്.
കൊൽക്കത്ത: വെങ്കിടേഷ് അയ്യർ, അജിൻക്യ രഹാനെ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), നിതീഷ് റാണ, സാം ബില്ലിങ്സ്, ആന്ദ്രേ റസൽ, സുനിൽ നരെയ്ൻ, ഷെൽഡൺ ജാക്സൺ (വിക്കറ്റ് കീപ്പർ), ഉമേഷ് യാദവ്, ശിവം മാവി, വരുൺ ചക്രവർത്തി.
ചെന്നൈ: റുതുരാജ് ഗെയ്ക്‍വാദ്, ഡെവോൻ കോൺവേ, റോബിൻ ഉത്തപ്പ, അമ്പാട്ടി റായുഡു, രവീന്ദ്ര ജദേജ (ക്യാപ്റ്റൻ), എം.എസ്. ധോണി, ശിവം ദുബെ, മിച്ചൽ സാന്റ്നർ, ഡ്വൈൻ ബ്രാവോ, ആദം മിൽനെ, തുഷാർ ദേശ്പാണ്ഡേ.
കൂടുതൽ ടീമുകളും കൂടുതൽ കളികളുമായി ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ക്രിക്കറ്റിന്റെ പുതുസീസണിന് ഇന്ന് തുടക്കമാവുന്നു. 2011നുശേഷം ആദ്യമായി ലീഗിൽ 10 ടീമുകൾ മാറ്റുരക്കുന്നു എന്ന സവിശേഷത ഇത്തവണയുണ്ട്. ഇതോടെ മത്സരങ്ങളുടെ എണ്ണം 60ൽനിന്ന് 74 ആയി ഉയർന്നു.
ഗുജറാത്ത് ടൈറ്റൻസും ലഖ്നോ സൂപ്പർ ജയന്റ്സുമാണ് നവാഗത ടീമുകൾ. മുൻവർഷങ്ങളിലെ മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഡൽഹി കാപിറ്റൽസ്, പഞ്ചാബ് കിങ്സ് ടീമുകളാണ് മറ്റുള്ളവ.
മുംബൈയിലെ മൂന്നു മൈതാനങ്ങളിലും പുണെയിലെ ഒരു ഗ്രൗണ്ടിലുമായാണ് മത്സരങ്ങൾ. മുംബൈയിൽ വാംഖഡെ, ബ്രാബോൺ, ഡി.വൈ. പാട്ടീൽ, പുണെയിൽ എം.സി.എ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ.
മുംബൈയുടെ രോഹിത് ശർമ, ഹൈദരാബാദിന്റെ കെയ്ൻ വില്യംസൺ, രാജസ്ഥാന്റെ സഞ്ജു സാംസൺ, ഡൽഹിയുടെ ഋഷഭ് പന്ത് എന്നിവർ മാത്രമാണ് നായകസ്ഥാനത്ത് തുടരുന്നവർ. പുതുടീമുകളായ ലഖ്നോയെ ലോകേഷ് രാഹുലും ഗുജറാത്തിനെ ഹർദിക് പാണ്ഡ്യയും നയിക്കുമ്പോൾ മറ്റു നാലു ടീമുകൾക്ക് പുതു നായകരെത്തി. ബാംഗ്ലൂരിന് ഫാഫ് ഡുപ്ലസി, കൊൽക്കത്തക്ക് ശ്രേയസ് അയ്യർ, ചെന്നൈക്ക് രവീന്ദ്ര ജദേജ, പഞ്ചാബിന് മായങ്ക് അഗർവാൾ എന്നിവരാണ് തലപ്പത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.