ജയ്സ്വാൾക്ക് അർധ സെഞ്ച്വറി; ഓൾറൗണ്ട് മികവിൽ ആറു വിക്കറ്റിന് പഞ്ചാബിനെ വീഴ്ത്തി രാജസ്ഥാൻ

മുംബൈ: കൊമ്പുകോർക്കാവുന്ന ടോട്ടലുയർത്തി എതിരാളികളെ പഞ്ഞിക്കിടാനിറങ്ങിയ പഞ്ചാബിനെ അനായാസം മറികടന്ന് വീണ്ടും വിജയവഴിയിൽ രാജസ്ഥാൻ. അർധ സെഞ്ച്വറിയുമായി യശസ്വി ജയ്സ്വാളും പിടിച്ചുനിന്ന് ദേവ്ദത്ത് പടിക്കലും (31) വെടിക്കെട്ടുമായി ഷിംറോൺ ഹെറ്റ്മെയറും (16 പന്തിൽ 31) നിറഞ്ഞാടിയ കളിയിൽ ആറു വിക്കറ്റിനായിരുന്നു രാജസ്ഥാൻ തേരോട്ടം.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് ഇംഗ്ലീഷ് താരം ജോണി ബെയർസ്റ്റോയുടെ മികവിൽ 20 ഓവറിൽ 189 റൺസായിരുന്നു സമ്പാദ്യം. രാജസ്ഥാൻ താരം യുസ്വേന്ദ്ര ചഹൽ മാരക ഫോമുമായി ഭീതിവിതച്ച കളിയിൽ ശിഖർ ധവാനും ബെയർസ്റ്റോയും ചേർന്ന കൂട്ടുകെട്ട് മോശമല്ലാത്ത തുടക്കം നൽകി. റണ്ണെടുക്കാൻ മടിച്ച ധവാൻ 12 റൺസ് ചേർത്ത് തിരിച്ചുനടന്നെങ്കിലും വൺഡൗണായി എത്തിയ ഭാനുക രാജപക്സ റണ്ണൊഴുക്കിന് വേഗം പകർന്നു. 18 പന്ത് നേരിട്ട് 27 റൺസെടുത്ത് രാജപക്സയും 15 റണ്ണുമായി മായങ്ക് അഗർവാളും വൈകാതെ കൂടാരം കയറി.

ഒട്ടും കൂസാതെ ഒരുവശത്ത് നങ്കൂരമിട്ട ബെയർസ്റ്റോ അർധ സെഞ്ച്വറി പൂർത്തിയാക്കി 56ൽ നിൽക്കെ ചഹലിന് വിക്കറ്റ് സമ്മാനിച്ചു. അഞ്ചാമനായി എത്തിയ ജിതേഷ് 38 റൺസുമായി പിടിച്ചുനിന്നപ്പോൾ ലിയാം ലിവിങ്സ്റ്റോൺ 22 എടുത്തു. ചഹൽ നാലോവറിൽ 28 റൺസ് വിട്ടുനൽകി മൂന്നു വിലപ്പെട്ട വിക്കറ്റുകൾ വീഴ്ത്തി. ആർ. അശ്വിനും പ്രസിദ്ധ് കൃഷ്ണയും ഓരോരുത്തരെയും മടക്കി.

190 റൺസ് വിജയലക്ഷ്യം മുന്നിൽ ലഭിച്ച രാജസ്ഥാൻ പക്ഷേ, ഒരിക്കൽപോലും പതർച്ചയുടെ ഭാവം കാണിച്ചില്ല. ഓപണർമാരായ യശസ്വി ജയ്സ്വാളും ജോസ് ബട്‍ലറും ചേർന്നുനൽകിയ തുടക്കം പിന്നീട് സഞ്ജുവും ദേവ്ദത്ത് പടിക്കലും അവസാനം ഹെറ്റ്മെയറും ഏറ്റെടുക്കുകയായിരുന്നു. വലിയ തുടക്കത്തിന്റെ സൂചന നൽകിയ സഞ്ജു 11 പന്ത് നേരിട്ട് 23ൽ നിൽക്കെ റിഷി ധവാന് വിക്കറ്റ് നൽകി വീണ്ടും നിരാശപ്പെടുത്തി.

പിടിച്ചുനിന്ന് കളിച്ച ദേവ്ദത്ത് പടിക്കൽ 32 പന്ത് നേരിട്ടാണ് 31 റൺസിലെത്തിയത്. അവസാന പന്തുകളിൽ ഒരിക്കൽക്കൂടി ഉഗ്രരൂപം പൂണ്ട കരീബിയൻ താരം ഹെറ്റ്മെയർ പഞ്ചാബ് പ്രതീക്ഷകളെ തരിപ്പണമാക്കി. ഇത്തവണയും ബൗളർമാർ നിറംമങ്ങിയ പഞ്ചാബ് നിരയിൽ കാഗിസോ റബാദയാണ് ഏറ്റവും കൂടുതൽ തല്ലുവാങ്ങിയത്.

ജോസ് ബട്‍ലർ റബാദയെ ഒരോവറിൽ ഒരു സിക്സും മൂന്നു ഫോറും പറത്തി. നാലോവറിൽ 50 റൺസാണ് ദക്ഷിണാഫ്രിക്കൻ താരം ദാനമായി നൽകിയത്. മറ്റുള്ളവർക്കും സമാനമായി അടികിട്ടി. ജയത്തോടെ രാജസ്ഥാൻ 14 പോയന്റുമായി അവസാന നാലിലേക്ക് ഒരു ചുവടുകൂടി വെച്ചു. പഞ്ചാബാകട്ടെ 10 പോയന്റുമായി ഏഴാമതാണ്, പുറത്തേക്കുള്ള വഴിയിലും.

Tags:    
News Summary - IPL 2022: Rajasthan defeat Punjab by 6 wickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.