ഡുപ്ലെസിസിനും മാക്‌സ്‌വെല്ലിനും അർധ സെഞ്ച്വറി; ബാംഗ്ലൂരിനെതിരെ മുംബൈക്ക് 200 റൺസ് വിജയലക്ഷ്യം

മുംബൈ: ഐ.പി.എല്ലിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യൻസിന് 200 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബി നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തു. ഫാഫ് ഡുപ്ലെസിസ് (41 പന്തിൽ 65), ഗ്ലെന്‍ മാക്‌സ്‌വെല്‍ (33 പന്തിൽ 68)) എന്നിവരുടെ അർധ സെഞ്ച്വറി പ്രകടനമാണ് ബാംഗ്ലൂരിന് മികച്ച സ്കോർ സമ്മാനിച്ചത്.

വിരാട് കോഹ്ലി (നാലു പന്തിൽ ഒന്ന്), അനുജ് റാവത്ത് (നാലു പന്തിൽ ആറ്), മഹിപാൽ ലോംറോർ (മൂന്നു പന്തിൽ ഒന്ന്), ദിനേഷ് കാർത്തിക് (18 പന്തിൽ 30) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 10 പന്തിൽ 12 റൺസുമായി കേദാർ ജാദവും എട്ടു പന്തിൽ 12 റൺസുമായി വാനിന്ദു ഹസരംഗയും പുറത്താകാതെ നിന്നു. മുംബൈക്കുവേണ്ടി ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ് മൂന്നു വിക്കറ്റും കാമറൂൺ ഗ്രീൻ, ക്രിസ് ജോർദൻ, കുമാർ കാർത്തികേയ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

ക്രിസ് ജോര്‍ദാന് മുംബൈ ജഴ്‌സിയില്‍ അരങ്ങേറ്റ മത്സരമാണിത്. പരിക്കേറ്റതിനെ തുടര്‍ന്ന് ഐ.പി.എല്‍ നഷ്ടമായ ജോഫ്ര ആര്‍ച്ചര്‍ക്ക് പകരമാണ് ജോര്‍ദാനെത്തിയത്. ആര്‍സിബിയിൽ കരണ്‍ ശര്‍മക്ക് പകരം വൈശാഖ് ടീമിലെത്തി. പ്ലേ ഓഫിലെത്താന്‍ ഇനിയുള്ള ഓരോ മത്സരവും ജീവന്മരണ പോരാട്ടമാണ് മുംബൈക്കും ബാംഗ്ലൂരിനും. പത്ത് മത്സരങ്ങളിൽ അഞ്ച് വീതം ജയവും തോല്‍വിയുമായി ഒപ്പത്തിനൊപ്പമാണ്.

Tags:    
News Summary - IPL 2023: Glenn Maxwell, Faf Du Plessis Fifties Steer Royal Challengers Bangalore To 199/6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.