സായ് സുദർശന് അർധ സെഞ്ച്വറി; ഡൽഹിക്കെതിരെ ഗുജറാത്തിന് ആറു വിക്കറ്റ് ജയം

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ആറു വിക്കറ്റ് ജയം. അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുക്കാനെ കഴിഞ്ഞുള്ളു. മറുപടി ബാറ്റിങ്ങിൽ ഗുജറാത്ത് 18.1 ഓവറിൽ ലക്ഷ്യത്തിലെത്തി (163).

സായ് സുദർശനാണ് ഗുജറാത്തിന്‍റെ വിജയ ശിൽപി. 48 പന്തിൽ 62 റൺസെടുത്ത് താരം പുറത്താകാതെ നിന്നു. 16 പന്തിൽ 31 റൺസുമായി ഡേവിഡ് മില്ലർ മികച്ച പിന്തുണ നൽകി. ഗുജറാത്ത് ഓപ്പണർമാരായ വൃദ്ധിമാൻ സാഹയെയും (ഏഴു പന്തിൽ 14 റൺസ്), ശുഭ്മൻ ഗില്ലിനെയും (13 പന്തിൽ 14) അൻറിച് നോർജെ മടക്കി. ടീം സ്കോർ 54ൽ നിൽക്കെ, നായകൻ ഹാർദിക് പാണ്ഡ്യ നാലു പന്തിൽ അഞ്ചു റെൺസെടുത്ത് പുറത്തായി. 23 പന്തിൽ 29 റൺസെടുത്ത വിജയ് ശങ്കർ മിച്ചൽ മാർഷിന്‍റെ പന്തിൽ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങി.

പിന്നാലെയാണ് സുദർശനും മില്ലറും ചേർന്ന് ടീമിനെ ജയത്തിലെത്തിച്ചത്. ഡൽഹിക്കായി അന്റിച് നോർജെ രണ്ടു വിക്കറ്റും ഖലീൽ അഹ്മദ്, മിച്ചൽ മാർഷ് എന്നിവർ ഓരോ വിക്കറ്റും നേടി. നായകൻ ഡേവിഡ് വാർണറാണ് ഡൽഹിയുടെ ടോപ് സ്കോറർ. മത്സരം തുടങ്ങി മൂന്നാം ഓവറിൽ തന്നെ ഡൽഹിയുടെ ആദ്യ വിക്കറ്റ് വീണു. ടീം സ്കോർ 29ൽ നിൽക്കെ ഓപ്പണറായ പൃഥ്വി ഷായെ മുഹമ്മദ് ഷമിയുടെ പന്തിൽ അൽസാരി ജോസഫ് പിടികൂടി.

അഞ്ച് പന്തിൽ ഏഴ് റൺസാണ് താരം നേടിയക്. അഞ്ചാം ഓവറിൽ നാലു പന്തിൽ നാലു റൺസെടുത്ത മിച്ചൽ മാർഷിനെ ഷമി ക്ലീൻ ബൗൾഡാക്കി. ഓപ്പണർ ഡേവിഡ് വാർണർ ഒമ്പതാം ഓവറിൽ അൽസാരി ജോസഫിന്റെ പന്തിൽ ബൗൾഡായി. 32 പന്തിൽ 37 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. തൊട്ടടുത്ത പന്തിൽ റിലീ റൂസ്സോയെയും (പൂജ്യം) ജോസഫ് മടക്കി. 13ാം ഓവറിൽ അഭിഷേക് പൊരേലിനെ റാഷിദ് ഖാൻ (11 പന്തിൽ 20 റൺസ്) ബൗൾഡാക്കി. സ്കോർ 130ൽ നിൽക്കെ, 17ാമത്തെ ഓവറിൽ റാഷിദ് ഖാന്‍റെ പന്തിൽ സർഫറാസ് ഖാനും (34 പന്തിൽ 30) മടങ്ങി.

അമൻ ഹക്കീം ഖാനെയും (എട്ടു പന്തിൽ എട്ട്) റാഷിദ് പുറത്താക്കി. അക്സർ പട്ടേൽ 22 പന്തിൽ 36 റൺസെടുത്ത് പുറത്തായി. ഒരു റൺസുമായി കുൽദീപ് യാദവും നാലു റൺസുമായി അൻറിച് നോർജെയും പുറത്താകാതെ നിന്നു. ഗുജറാത്തിനായി മുഹമ്മദ് ഷമി, റാഷിദ് ഖാൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അൽസാരി ജോസഫ് രണ്ടു വിക്കറ്റ് നേടി.

Tags:    
News Summary - IPL 2023: Sai Sudharsan Stars As GT Beat DC By 6 Wickets For 2nd Win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.