ബുംറക്ക് മൂന്നു വിക്കറ്റ്; ഗുജറാത്തിനെതിരെ മുംബൈക്ക് 169 റൺസ് വിജയലക്ഷ്യം

അഹ്മദാബാദ്: ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യൻസിന് 169 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. പേസർ ജസ്പ്രീത് ബുംറ മുംബൈക്കായി മൂന്നു വിക്കറ്റ് നേടി.

നാലു ഓവറിൽ 14 റൺസ് മാത്രം വഴങ്ങിയാണ് താരം മൂന്നു വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. സായ് സുദർശനാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറർ. 39 പന്തിൽ 45 റൺസെടുത്താണ് താരം പുറത്തായത്. ഒരു സിക്സും മൂന്നു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. നായകൻ ശുഭ്മൻ ഗിൽ 22 പന്തിൽ 31 റൺസെടുത്തു. വൃദ്ധിമാൻ സാഹ (15 പന്തിൽ 19 റൺസ്), അസ്മത്തുല്ല ഒമർസായി (11 പന്തിൽ 17), ഡേവിഡ് മില്ലർ (11 പന്തിൽ 12), രാഹുൽ തേവാത്തിയ (15 പന്തിൽ 22) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

ആറു റൺസുമായി വിജയ് ശങ്കറും നാലു റൺസുമായി റാഷിദ് ഖാനും പുറത്താകാതെ നിന്നു. മുംബൈക്കായി ജെറാൾഡ് കോട്സി രണ്ടു വിക്കറ്റും പിയൂഷ് ചൗള ഒരു വിക്കറ്റും നേടി. നേരത്തെ, ടോസ് നേടിയ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പുതിയ നായകന്മാർക്കു കീഴിലാണ് ഇരു ടീമുകളും ഇത്തവണ കളത്തിലിറങ്ങിയത്.

ഇക്കുറി ക്യാപ്റ്റന്റെ ചുമതലകൂടി നൽകി മുംബൈയിൽ തിരിച്ചെത്തിച്ച ഹാർദികിന് കീഴിലാണ് ഗുജറാത്ത് കഴിഞ്ഞ രണ്ട് സീസണുകളിലും ഫൈനലിലെത്തിയത്. 2022ൽ അരങ്ങേറ്റത്തിൽത്തന്നെ കിരീടവും നേടി. അഞ്ച് തവണ ജേതാക്കളാക്കിയ രോഹിത് ശർമയെ മാറ്റിയാണ് മുംബൈ ക്യാപ്റ്റൻസി ഹാർദിക്കിന് നൽകിയത്. ഇതോടെ ഗുജറാത്ത് നായകനായി ശുഭ്മൻ ഗില്ലിനെയും നിയോഗിച്ചു. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.

Tags:    
News Summary - IPL 2024: Gujarat Titans vs Mumbai Indians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.