ഇംഗ്ലീഷ് ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ജോ റൂട്ട്; ഇനി ലോർഡ്സിലെ രാജാവ്!

ലണ്ടന്‍: ഇംഗ്ലീഷ് ക്രിക്കറ്റിൽ റെക്കോഡുകളുടെ തോഴനായി ജോ റൂട്ട്. ടെസ്റ്റില്‍ 34ാം സെഞ്ച്വറി കുറിച്ച റൂട്ട് ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍ നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കി.

ക്രിക്കറ്റിന്‍റെ മക്കയെന്ന് അറിയപ്പെടുന്ന ലോർഡ്സ് ഗ്രൗണ്ടിൽ ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലാണ് താരം സെഞ്ച്വറി നേടിയത്. 33 സെഞ്ച്വറികള്‍ നേടിയ മുന്‍ ഇംഗ്ലീഷ് നായകൻ അലെസ്റ്റര്‍ കുക്കിനെയാണ് റൂട്ട് മറികടന്ന്. 145ാം ടെസ്റ്റിലാണ് റൂട്ട് കര‍ിയറിലെ 34 സെഞ്ച്വറി കുറിച്ചത്. 161 ടെസ്റ്റ് മത്സരങ്ങളില്‍നിന്നാണ് കുക്ക് 33 സെഞ്ച്വറികള്‍ നേടിയത്. നേരത്തേ ഒന്നാം ഇന്നിങ്‌സിലും താരം സെഞ്ച്വറി (143) നേടിയിരുന്നു. രണ്ടാം ഇന്നിങ്സിൽ 121 പന്തുകള്‍ നേരിട്ട താരം 10 ബൗണ്ടറിയടക്കം 103 റണ്‍സെടുത്തു. ഇതോടെ ലോർഡ്സിൽ താരത്തിന്‍റെ സെഞ്ച്വറി നേട്ടം ഏഴായി.

ലോര്‍ഡ്‌സിൽ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയ താരമെന്ന റെക്കോഡും റൂട്ടിന്റെ പേരിലായി. ആറ് സെഞ്ച്വറികള്‍ വീതം നേടിയ ഗ്രഹാം ഗൂച്ച്, മൈക്കല്‍ വോണ്‍ എന്നിവരെയാണ് റൂട്ട് പിന്നിലാക്കിയത്. കൂടാതെ, ലോർഡ്സിൽ ഒരു ടെസ്റ്റിന്‍റെ രണ്ടു ഇന്നിങ്സുകളിലും സെഞ്ച്വറി നേടുന്ന താരങ്ങളുടെ എലീറ്റ് പട്ടികയിലും റൂട്ട് ഇടംനേടി. ജോര്‍ജ് ഹെഡ്ലി (1939), ഗ്രഹാം ഗൂച്ച് (1990), മൈക്കല്‍ വോണ്‍ (2004) എന്നിവരാണ് പട്ടികയിലെ മറ്റു താരങ്ങൾ.

രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ട് വിജയത്തിനരികിലാണ്. മൂന്നാം ദിനം കളി നിർത്തുമ്പോൾ ശ്രീലങ്ക രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 53 റൺസെടുത്തിട്ടുണ്ട്. ഇനിയും 430 റൺസ് പിറകിലാണ്. ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിങ്സ് 251 റൺസിൽ അവസാനിച്ചിരുന്നു. ഒന്നാം ടെസ്റ്റിൽ അഞ്ചു വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയിച്ചത്.

ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയ താരങ്ങൾ

34 - ജോ റൂട്ട്

33 - അലെസ്റ്റര്‍ കുക്ക്

23 - കെവിന്‍ പീറ്റേഴ്‌സണ്‍

22 - വാലി ഹാമണ്ട്

22 - കോളിന്‍ കൗഡ്രി

Tags:    
News Summary - Joe Root Sets New England Record With 34th Hundred To Move Past Alastair Cook

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.