അടുത്ത വർഷം പാകിസ്താനിൽ വെച്ച് അരങ്ങേറുന്ന ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കാൻ ഇന്ത്യ വരരുതെന്ന് പറയുകയാണ് മുൻ പാകിസ്താൻ സ്പിന്നർ ഡാനിഷ് കനേരിയ. പാകിസ്താനിലെ അവസ്ഥകൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ഇന്ത്യൻ ടീം പാകിസ്താനിൽ വെച്ച് മത്സരത്തിൽ പങ്കെടുക്കുമോ എന്നുള്ള വാദങ്ങൾ നിലനിൽക്കവെയാണ് കനേരിയയുടെ പ്രസ്താവന. അവസാന 16 വർഷത്തോളമായി പാകിസ്താനിൽ ഒരു മത്സരത്തിന് പോലും ഇന്ത്യ സഞ്ചരിച്ചിട്ടില്ല. ഇരുവരും പാകിസ്താനിൽ വെച്ച് ഏറ്റുമുട്ടാറില്ലെങ്കിലും ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾ ഐ.സി.സി ടൂർണമെന്‍റുകളിലും ഏഷ്യാ കപ്പിലും നടക്കാറുണ്ട്.
താരങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും അതിനാൽ തന്നെ പാകിസ്താനിലേക്ക് ഇന്ത്യ പോകേണ്ട എന്നുള്ള ബി.സി.സി.ഐയുടെ തീരുമാനം മികച്ചതാണെന്നും കനേരിയ അഭിപ്രായപ്പെട്ടു. സ്പോർട്സ് ടക്കിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ, പാകിസ്താനിലേക്ക് ഇന്ത്യ കളിക്കാൻ വരേണ്ട എന്നാണ് എന്‍റെ അഭിപ്രായം. അതിനാൽ തന്നെ ഇത് ഹൈബ്രിഡ് മോഡൽ ആക്കുന്നതിനെ പറ്റി പാകിസ്താനും ചിന്തിക്കണം. ഐ.സി.സി മിക്കവാറും അങ്ങനെയാക്കിക്കൊണ്ട് ഇന്ത്യയുടെ മത്സരങ്ങൾ ദുബായ്യിലേക്ക് മാറ്റുവാനാണ് സാധ്യത. കളിക്കാരുടെ സുരക്ഷക്കാണ് എപ്പോഴും ആദ്യത്തെ പരിഗണന നൽകേണ്ടത്. ബഹുമാനം പോലും രണ്ടാമതെ വരികയുള്ളൂ. ഇതിൽ ഒരുപാട് കാര്യങ്ങളുണ്ട്. ബി.സി.സി.ഐയുടെ തീരുമാനം മികച്ചതാണ്. ഹൈബ്രിഡ് മോഡൽ എല്ലാ രാജ്യങ്ങളും അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കാം,' കനേരിയ പറഞ്ഞു.
പാകിസ്താനിൽ വെച്ച് കഴിഞ്ഞ വർഷം അരങ്ങേറിയ ഏഷ്യാ കപ്പിലും ഹൈബ്രിഡ് മോഡലാണ് ഇന്ത്യയുടെ മത്സരങ്ങൾക്ക് വേണ്ടി സ്വീകരിച്ചത്. ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിൽ വെച്ചായിരുന്നു നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.