ഇനി ഇനാന്‍റെ കാലമല്ലേ! അണ്ടർ 19 ഇന്ത്യൻ ടീമിൽ തൃശൂർ സ്വദേശി

തിരുവനന്തപുരം: ക്രിക്കറ്റിനെ ജീവവായുപോലെ ശ്വസിക്കുന്ന മുഹമ്മദ് ഇനാന് ഈ ഓണക്കാലം പൊന്നോണം. കേരള ക്രിക്കറ്റ് ലീഗിന്‍റെ (കെ.സി.എൽ) അവസാനഘട്ട തയാറെടുപ്പുകൾക്കിടയിലാണ് ഇനാനും കുടുംബത്തിനും സർപ്രൈസ് സമ്മാനം എത്തിയത്. ആസ്‌ട്രേലിയക്കെതിരായ ഏകദിന - ചതുര്‍ദിന പരമ്പരക്കുള്ള ഇന്ത്യ അണ്ടർ 19 ടീമിലേക്ക് ബി.സി.സി.ഐയുടെ ക്ഷണം.

തൃശൂർ പരൂർ അമ്പലത്തിൻവീട്ടിൽ ഷാനവാസിന്‍റെയും റഹീനയുടെയും മകനായ മുഹമ്മദ് ഇനാൻ, ക്രിക്കറ്റിനോടുള്ള കമ്പം കയറി 10ാം വയസ്സിലാണ് പരിശീലനം ആരംഭിച്ചത്. ഷാനവാസിന് ദുബൈയിൽ ബിസിനസ് ആയതിനാൽ കുടുംബത്തോടൊപ്പം 10 വയസ്സ് വരെയും അവിടെ ആയിരുന്നു ഇനാൻ. ഇതിനിടയിലാണ് കേരള അണ്ടർ 14 ടീം സെലക്ഷൻ വിവരം ഷാനവാസ് അറിയുന്നത്. മകന്‍റെ കഴിവിൽ വിശ്വാസമുണ്ടായിരുന്ന പിതാവ് വളരാനുള്ള മണ്ണ് കേരളമാണെന്ന് മനസ്സിലാക്കി ഇനാനുമായി സെലക്ഷൻ ട്രയൽസിന് തിരുവനന്തപുരത്തെത്തി. ടീമിൽ ഇടം പിടിച്ചതോടെ കുടുംബത്തെ ഒന്നാകെ ഷാനവാസ് കേരളത്തിലേക്ക് പറിച്ചുനട്ടു.

തുടർന്ന് തൃശൂരിൽ ആത്രേയ ക്രിക്കറ്റ് അക്കാദമിയിൽ ചേർന്നു. പരിശീലകരായ ബാലചന്ദ്രനും ദിനേശും ചേർന്നാണ് ഇനാനിലെ ഓൾ റൗണ്ടറെ രാകിമിനുക്കിയത്. വിരലുകൾക്കിടയിൽ ഒളിപ്പിച്ച പന്തുകൾ ബാറ്റ്സ്മാൻമാരെ വട്ടംകറക്കിയപ്പോൾ അവസരങ്ങൾ ഒന്നിനുപിറകെ ഒന്നായി തേടിയെത്തി. കഴിഞ്ഞ വർഷം നടന്ന കോറൊമാണ്ടൽ സിമന്‍റ് ക്രിക്കറ്റ് ടൂർണമെന്‍റ് ഫൈനലിൽ ആത്രേയ ക്രിക്കറ്റ് അക്കാദമി പരാജയപ്പെട്ടെങ്കിലും ടൂർണമെന്‍റിലെ മികച്ച ഓൾറൗണ്ടറിനുള്ള പുരസ്കാരം ഈ പതിനേഴുകാരനായിരുന്നു. എൻ.എസ്.കെ ട്രോഫി ടൂർണമെന്‍റിലെ ആദ്യ സീസണിലും പ്രോമിസിങ് യങ്സ്റ്റർ പുരസ്കാരവും സ്വന്തമാക്കി.

കേരളത്തിനായി അണ്ടർ 19 ക്രിക്കറ്റ് ടൂർണമെന്‍റിലെ മികച്ച പ്രകടനമാണ് ഇന്ത്യൻ ടീമിലേക്ക് അവസരമൊരുക്കിയത്. നാലുകളിയിൽനിന്ന് 24 വിക്കറ്റാണ് വലംകൈയന്‍ ലഗ്സ്പിന്നർ സ്വന്തമാക്കിയത്. രണ്ട് അർധസെഞ്ച്വറിയടക്കം 250ലേറെ റൺസും അടിച്ചുകൂട്ടി. സൗരാഷ്ട്രക്കെതിരെ ഹാട്രിക്കോടെ അഞ്ച് വിക്കറ്റും രാജസ്ഥാനെതിരെ അഞ്ച് വിക്കറ്റും 77 റൺസും നേടി.

തുടർന്ന് ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നടന്ന പരിശീലന മത്സരങ്ങളിലും ബൗളിങ്ങിലും ബാറ്റിങ്ങിലും കരുത്ത് തെളിയിച്ചതോടെയാണ് ആസ്ട്രേലിയൻ പരമ്പരയിൽ കളിക്കാനുള്ള ക്ഷണക്കത്ത് ബി.സി.സി.ഐ ശനിയാഴ്ച ഇനാന്‍റെ ഇ-മെയിലിലേക്കും നൽകിയത്. സെപ്റ്റംബർ 21ന് ചെന്നൈയിലാണ് ആദ്യ മത്സരം.

കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന്‍റെ ഭാഗമാണ് ഈ മിടുക്കൻ. രണ്ടു ലക്ഷം രൂപക്കാണ് ഈ ഇനാനെ കൊച്ചി സ്വന്തമാക്കിയത്. ഗ്രീൻഫീൽഡിലെ പിച്ചുകളിൽ വലംകൈയൻ ലഗ് സ്പിന്നറിൽ ടീമിന് ഏറെ പ്രതീക്ഷയുണ്ട്. പരിശീലന മത്സരങ്ങളിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ ഇനാൻ േപ്ലയിങ് ഇലവനിൽ ഇടം പിടിക്കുമെന്ന പ്രതീക്ഷയിലാണ്. തൃശൂർ കേരള വർമ കോളജിലെ ബി.കോം ഒന്നാം വർഷ വിദ്യാർഥിയാണ്. ഇശൽ, എബി ആദം എന്നിവരാണ് സഹോദരങ്ങൾ.

Tags:    
News Summary - Thrissur native Inan in U-19 Indian team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.