ലഖ്നോ: ഐ.പി.എല്ലിൽ ലഖ്നോ സൂപ്പർ ജയന്റ്സിനെതിരെ പഞ്ചാബ് കിങ്സിന് 200 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തു. ഓപണർ ക്വിന്റൺ ഡി കോക്ക് (38 പന്തിൽ 54), നിക്കോളാസ് പുരാൻ (21 പന്തിൽ 42), ക്രുണാൽ പാണ്ഡ്യ (22 പന്തിൽ 43 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിങ്ങാണ് ലഖ്നോക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. പഞ്ചാബിനായി സാം കറൻ മൂന്നും അർഷ്ദീപ് സിങ് രണ്ടും വിക്കറ്റ് വീഴ്ത്തി.
ടോസ് നേടിയ ലഖ്നോ നായകൻ കെ.എൽ. രാഹുൽ ബാറ്റിങ് തിരഞ്ഞെടുത്തു. രാഹുലും സഹ ഓപണർ ഡി കോക്കും ചേർന്ന് ടീമിന് മികച്ച തുടക്കവും നൽകി. ഒമ്പതു പന്തിൽ 15 റൺസെടുത്ത ക്യാപ്റ്റൻ നാലാം ഓവറിലെ അഞ്ചാം പന്തിൽ ജോണി ബെയർസ്റ്റോക്ക് ക്യാച്ചും അർഷ്ദീപ് സിങ്ങിന് വിക്കറ്റും സമ്മാനിക്കുമ്പോൾ സ്കോർബോർഡിൽ 35. മൂന്നാമനായെത്തിയ മലയാളി താരം ദേവ്ദത്ത് പടിക്കലിന് ആറു പന്തിന്റെ ആയുസ്സേയുണ്ടായിരുന്നുള്ളൂ. സാം കറൻ എറിഞ്ഞ ആറാം ഓവറിൽ ദേവ്ദത്ത് (9) പഞ്ചാബ് ക്യാപ്റ്റൻ ശിഖർ ധവാന് ക്യാച്ച് നൽകി. 45ൽ രണ്ടാം വിക്കറ്റ് വീണ ലഖ്നോയെ ഡി കോക്കും മാർകസ് സ്റ്റോയ്നിസും ചേർന്ന് കരകയറ്റി. 12 പന്തിൽ 19 റൺസടിച്ച സ്റ്റോയ്നിസ് രാഹുൽ ചഹാർ എറിഞ്ഞ ഒമ്പതാം ഓവറിൽ ബൗൾഡ്.
ഡി കോക്ക്-പുരാൻ സഖ്യമാണ് സ്കോർ മൂന്നക്കം കടത്തിയത്. 14ാം ഓവറിൽ ഈ കൂട്ടുകെട്ട് അർഷ്ദീപ് തകർത്തു. അഞ്ചു ഫോറും രണ്ടു സിക്സും പറത്തി അർധശതകം പിന്നിട്ട ഡി കോക്കിനെ വിക്കറ്റിനു പിന്നിൽ ജിതേഷ് ശർമ പിടികൂടുമ്പോൾ സ്കോർബോർഡിൽ 125. പുരാന്റെ പോരാട്ടം 16ാം ഓവറിൽ കാഗിസോ റബാദ അവസാനിപ്പിച്ചു. വെസ്റ്റിൻഡീസ് താരത്തിന്റെ വെടിക്കെട്ട് ലഖ്നോ സ്കോർ 146ൽ തീർന്നു. അവസാന ഓവറുകളിൽ ആയുഷ് ബദോനിയെ കൂട്ടിന് നിർത്തി ക്രുണാൽ ആഞ്ഞടിച്ചു. എട്ടു റൺസെടുത്ത ബദോനിയെ 19ാം ഓവറിൽ ബെയർസ്റ്റോയുടെ കൈകളിലെത്തിച്ചു കറൻ. തൊട്ടടുത്ത പന്തിൽ രവി ബിഷ്ണോയിയെ (0) ഗോൾഡൻ ഡക്കാക്കി ടി. ത്യാഗരാജന്റെ പക്കലേക്കയച്ച കറന് ഹാട്രിക് ചാൻസ്. 20ാം ഓവറിൽ മുഹ്സിൻ ഖാനെ (2) ഹർഷൽ പട്ടേൽ റണ്ണൗട്ടാക്കിയപ്പോൾ എട്ടിന് 197.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.