ലുധിയാന: ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിന് ഡൽഹി കാപിറ്റൽസിനെതിരെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത കാപിറ്റൽസ് ഉയർത്തിയ 175 റൺസ് ലക്ഷ്യം നാല് പന്തും നാല് വിക്കറ്റും ബാക്കിയിരിക്കെ പഞ്ചാബ് നേടി. 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഋഷഭ് പന്തും സംഘവും 174 റൺസെടുത്തത്. ആതിഥേയർ 19.2 ഓവറിൽ ആറിന് 177ലെത്തി. 47 പന്തിൽ 63 റൺസടിച്ച സാം കറനാണ് ടോപ് സ്കോറർ. ലിയാം ലിവിങ്സ്റ്റൺ 21 പന്തിൽ 38 റൺസുമായി പുറത്താവാതെ നിന്നു. നീണ്ട ഇടവേളക്കുശേഷം തിരിച്ചെത്തിയ ഋഷഭ് കാപിറ്റൽസിനായി 13 പന്തിൽ 18 റൺസെടുത്ത് മടങ്ങി. കറനാണ് കളിയിലെ താരം.
പഞ്ചാബിന്റെ ക്യാപ്റ്റൻ ശിഖർ ധവാൻ മുന്നിൽനിന്ന് നയിച്ചു. 16 പന്തിൽ 22 റൺസെടുത്ത ധവാനെ നാലാം ഓവറിലെ ആദ്യ പന്തിൽ ഇശാന്ത് ശർമ ബൗൾഡാക്കുമ്പോൾ സ്കോർ 34. അർഷ്ദീപ് സിങ്ങിന് പകരം ഇംപാക്റ്റ് പ്ലെയറായി ഇറങ്ങിയ പ്രഭ്സിംറാൻ സിങ്ങും കറനും പിടിച്ചുനിന്നതോടെ ടീം കരകയറിത്തുടങ്ങി. എന്നാൽ, പത്താം ഓവറിൽ പ്രഭ്സിംറാൻ (17 പന്തിൽ 26) ഡേവിഡ് വാർണർക്ക് ക്യാച്ചും കുൽദീപ് യാദവിന് വിക്കറ്റും സമ്മാനിച്ചു. ജിതേഷ് ശർമയെ (9) കുൽദീപ് എറിഞ്ഞ 12ം ഓവറിൽ ക്യാപ്റ്റൻ ഋഷഭ് സ്റ്റമ്പ് ചെയ്തതോടെ നാലിന് 100.
ഒന്നേകാൽ വർഷത്തെ ഇടവേളക്കുശേഷം വീണ്ടും ക്രീസിലെത്തിയ ഋഷഭ് പന്തിനെ കാണികൾ കൈയടികളോടെയാണ് വരവേറ്റത്. 13ാം ഓവറിൽ ഋഷഭിന്റെ പോരാട്ടം അവസാനിച്ചു. രണ്ട് ഫോറടക്കം 13 പന്തിൽ 18 റൺസെടുത്ത ക്യാപ്റ്റനെ ജോണി ബെയർസ്റ്റോ പിടികൂടി. അർഷ്ദീപും ഹർഷലും രണ്ട് വീതം വിക്കറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.