കൊൽക്കത്ത: അടിയും തിരിച്ചടിയും! ഈഡൻ ഗാർഡൻസിൽ കൂറ്റൻ സ്കോറുകൾ പിറന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിന് എട്ടു വിക്കറ്റിന്‍റെ അവിശ്വസനീയ ജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയർത്തിയ 262 റൺസെന്ന വിജയലക്ഷ്യം പഞ്ചാബ് എട്ടു പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. മത്സരത്തിൽ ഇരുടീമുകളും ചേർന്നെടുത്തത് 523 റൺസാണ്. ഇരു ടീമുകളും ചേർന്ന് അടിച്ചുകൂട്ടിയത് 42 സിക്സുകൾ.
സ്കോർ: കൊൽക്കത്ത -20 ഓവറിൽ ആറു വിക്കറ്റിന് 261. പഞ്ചാബ് -18.4 ഓവറിൽ രണ്ടു വിക്കറ്റിന് 262. ഇംഗ്ലണ്ട് താരം ജോണി ബെയർസ്റ്റോയുടെ അപരാജിത വെടിക്കെട്ട് സെഞ്ച്വറിയുടെ ബലത്തിലാണ് ട്വന്‍റി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസ് വിജയം പഞ്ചാബ് സ്വന്തമാക്കിയത്. താരം 48 പന്തിൽ 108 റൺസെടുത്തു. ഒമ്പത് സിക്സും എട്ടു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. പ്രഭ്സിമ്രാൻ സിങ്ങും ശശാങ്ക് സിങ്ങും അതിവേഗ അർധ സെഞ്ച്വറികളുമായി തിളങ്ങി. 28 പന്തിൽ 68 റൺസെടുത്ത ശശാങ്ക് പുറത്താകാതെ നിന്നു.
എട്ടു സിക്സും രണ്ടു ഫോറുമാണ് താരം നേടിയത്. 20 പന്തിൽ അഞ്ചു സിക്സും നാലു ഫോറുമടക്കം 54 റൺസെടുത്ത പ്രഭ്സിമ്രാൻ റണ്ണൗട്ടായി. കൊൽക്കത്തക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകിയാണ് ഓപ്പണർമാരായ പ്രഭ്സിമ്രാനും ബെയർസ്റ്റോയും ബാറ്റിങ് തുടങ്ങിയത്. പവർ പ്ലെയിൽ ഇരുവരും 76 റൺസെടുത്തു. 93 റൺസായിരുന്നു ഒന്നാം വിക്കറ്റിലെ കൂട്ടുകെട്ട്. റില്ലി റൂസോ 16 പന്തിൽ 26 റൺസെടുത്ത് മടങ്ങി. കൊൽക്കത്തക്കായി സുനിൽ നരെയ്ൻ ഒരു വിക്കറ്റ് നേടി.
നേരത്തെ, നരെയ്ന്‍റെയും സാൾട്ടിന്‍റെയും വെടിക്കെട്ട് അർധ സെഞ്ച്വറിയാണ് കൊൽക്കത്തയെ വമ്പൻ സ്കോറിലെത്തിച്ചത്. ടീം സ്കോർ 23 പന്തിൽ 50 കടത്തിയ ഇരുവരും ഒന്നാം വിക്കറ്റിൽ 10.2 ഓവറിൽ 138 റൺസാണ് അടിച്ചെടുത്തത്. പഞ്ചാബ് ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച ഇരുവരും പവർ പ്ലേയിൽ മാത്രം നേടിയത് 76 റൺസാണ്. സാൾട്ട് 37 പന്തിൽ ആറു സിക്സും ആറു ഫോറുമടക്കം 75 റൺസെടുത്ത് പുറത്തായി. നരെയ്ൻ 32 പന്തിൽ 71 റൺസെടുത്തു. നാലു സിക്സുകളും ഒമ്പത് ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്.
നരെയ്നെ ബെയർസ്റ്റോയുടെ കൈകളിലെത്തിച്ച് രാഹുൽ ചഹറാണ് പഞ്ചാബിന് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. പിന്നാലെ സാൾട്ടിനെ സാം കറൻ ബൗൾഡാക്കി. അപ്പോഴേക്കും ടീം 12.3 ഓവറിൽ 163ൽ എത്തി. ഒരുഘട്ടത്തിൽ ടീമിന്‍റെ പ്രൊജക്ട് സ്കോർ 300 വരെ എത്തിയിരുന്നു. 23 പന്തിൽ 39 റൺസെടുത്ത് വെങ്കടേഷ് അയ്യരും തിളങ്ങി. ആന്ദ്രെ റസ്സൽ (12 പന്തിൽ 24), നായകൻ ശ്രേയസ് അയ്യർ (10 പന്തിൽ 28), റിങ്കു സിങ് (നാലു പന്തിൽ അഞ്ച്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
ആറു റൺസുമായി രമൺദീപ് സിങ് പുറത്താകാതെ നിന്നു. പഞ്ചാബിനായി അർഷ്ദീപ് സിങ് രണ്ടു വിക്കറ്റ് വീഴ്ത്തി. സാം കറൻ, രാഹുൽ ചഹൽ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.