സഞ്ജുവിന്‍റെ പോരാട്ടം വിഫലം; രാജസ്ഥാനെതിരെ ഡൽഹിക്ക് 20 റൺസ് ജയം

ന്യൂഡൽഹി: നായകന്‍റെ ഇന്നിങ്സുമായി സഞ്ജു സാംസൺ മുന്നിൽ നിന്ന് നയിച്ചെങ്കിലും രാജസ്ഥാൻ റോയൽസിന് വിജയത്തിലേക്കെത്താനായില്ല. ഐ.പി.എല്ലിൽ ഡൽഹി കാപിറ്റൽസിനെതിരായ മത്സരത്തിൽ 20 റൺസിന് രാജസ്ഥാൻ റോയൽസ് തോറ്റു. 46 പന്തിൽ നിന്ന് 86 റൺസെടുത്ത സഞ്ജു സാംസൺ മികച്ച പ്രകടനം കാഴ്ചവെച്ചു. സ്കോർ- ഡൽഹി 221/8 (20 ഓവർ). രാജസ്ഥാൻ 201/8 (20 ഓവർ).

വൻ വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് നല്ല തുടക്കമായിരുന്നില്ല. രണ്ടാം പന്തിൽ തന്നെ യശ്വസി ജയ്സ്വാളിന്‍റെ (4) വിക്കറ്റ് വീണു. ജോസ് ബട്ട്ലറാകട്ടെ റൺസ് കണ്ടെത്താൻ പ്രയാസപ്പെടുകയും ചെയ്തു. സഞ്ജു സാംസൺ മികച്ച ഷോട്ടുകളുമായി റൺ നിരക്ക് താഴാതെ കാത്തുകൊണ്ടിരുന്നു. 17 പന്തിൽ 19 റൺസെടുത്ത് ബട്ട്ലർ മടങ്ങി. പിന്നീട് റയാൻ പരാഗുമൊത്തായിരുന്നു സഞ്ജുവിന്‍റെ രക്ഷാപ്രവർത്തനം. 28 പന്തിൽ സഞ്ജു അർധസെഞ്ച്വറി തികച്ചു. മറുവശത്ത് പരാഗും തകർപ്പനടികൾ തുടങ്ങിയതോടെ മത്സരം രാജസ്ഥാന്‍റെ വരുതിയിലായി. എന്നാൽ 22 പന്തിൽ മൂന്ന് സിക്സർ സഹിതം 27 റൺസെടുത്ത പരാഗിനെ റാസിഖ് സലാം ബൗൾഡാക്കി. സഞ്ജു മറുവശത്ത് റൺനിരക്ക് ഉയർത്തിക്കൊണ്ടേയിരുന്നു. 16ാം ഓവറിൽ മുകേഷ് കുമാറിനെ സിക്സറടിക്കാനുള്ള സഞ്ജുവിന്‍റെ ശ്രമം ബൗണ്ടറി ലൈനിൽ ഷായ് ഹോപിന്‍റെ കൈകളിൽ അവസാനിച്ചു. ഷായ് ഹോപ് ബൗണ്ടറി ലൈനിൽ ചവിട്ടിയോയെന്ന സംശയമുണ്ടായിരുന്നെങ്കിലും തേർഡ് അംപയർ ഔട്ട് വിളിക്കുകയായിരുന്നു. തേർഡ് അംപയറുടെ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ചാണ് സഞ്ജു മടങ്ങിയത്. സഞ്ജു വീണതോടെ രാജസ്ഥാന് തിരിച്ചടി തുടങ്ങി. ശുഭം ദുബേ 12 പന്തിൽ 25 റൺസെടുത്ത് പുറത്തായതോടെ രാജസ്ഥാൻ പരാജയം മണത്തു. ഡൊണോവൻ ഫെറെയ്റ (ഒന്ന്), ആർ. അശ്വിൻ (രണ്ട്), റോവ്മാൻ പവൽ (13) എന്നിവരുടെ വിക്കറ്റുകളും പിന്നാലെ വീണു. അവസാന ഓവറുകളിൽ റണ്ണൊഴുക്ക് നിലച്ചതോടെ രാജസ്ഥാന് സീസണിലെ മൂന്നാം പരാജയം.

 

ഡൽഹിക്കായി ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റും അക്സർ പട്ടേൽ റാസിഖ് സലാം എന്നിവർ ഓരോ വിക്കറ്റും നേടി.

നേരത്തെ, ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 221 റൺസെടുത്തത്. ഓപ്പണർമാരായ ജെയ്ക് ഫ്രേസർ മക്ഗുർക് (50), അഭിഷേക് പോറെൽ (65) എന്നിവരുടെയും അവസാന ഓവറുകളിൽ ട്രിസ്റ്റൻ സ്റ്റബ്സ് (41)ന്‍റെയും തകർപ്പൻ പ്രകടനമാണ് ഡൽഹിയെ മികച്ച സ്കോറിലെത്തിച്ചത്.

ഓപ്പണർമാർ ഇരുവരും ചേർന്ന് ഗംഭീര തുടക്കമാണ് ഡൽഹിക്ക് നൽകിയത്. അഭിഷേക് പോറെലിനെ ഒരറ്റത്ത് നിർത്തി മക്ഗുർക് അതിവേഗം സ്കോർ ഉയർത്തി. 19 പന്തിൽ മൂന്ന് സിക്സും ഏഴ് ഫോറും നേടി അർധസെഞ്ച്വറി തികച്ച മക്ഗുർക് അടുത്ത പന്തിൽ ആർ. അശ്വിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഒരു റൺ മാത്രമെടുത്ത ഷായ് ഹോപ് അടുത്ത ഓവറിൽ മടങ്ങി. എന്നാൽ, മക്ഗുർക് നിർത്തിയിടത്ത് നിന്ന് തുടങ്ങിയ പോറെൽ കൂറ്റനടികൾ തുടർന്നു. 36 പന്തിൽ മൂന്ന് സിക്സും ഏഴ് ഫോറും നേടിയാണ് പോറെൽ 65 റൺസെടുത്തത്.

അക്സർ പട്ടേലും ക്യാപ്റ്റൻ റിഷഭ് പന്തും 15 റൺസ് വീതമെടുത്ത് പുറത്തായി. വിക്കറ്റുകൾ വീണതിന് പിന്നാലെ റൺ നിരക്ക് അൽപം മന്ദഗതിയിലായെങ്കിലും അവസാന ഓവറുകളിൽ ഡൽഹി ബാറ്റർമാർ ആഞ്ഞടിച്ചു. ട്രിസ്റ്റൻ സ്റ്റബ്സ് 20 പന്തിൽ മൂന്ന് വീതം ഫോറും സിക്സും പറത്തി 41 റൺസെടുത്തു. ഗുൽബാദിൻ നയിബ് 19 റൺസെടുത്തും റാസിഖ് സലാം ഒമ്പത് റൺസെടുത്തും പുറത്തായി. കുൽദീപ് യാദവ് അഞ്ച് റൺസെടുത്ത് പുറത്താവാതെ നിന്നു.

രണ്ടോവറിൽ 42 റൺസ് വഴങ്ങിയ ആവേശ് ഖാനാണ് രാജസ്ഥാൻ നിരയിൽ കൂടുതൽ തല്ലുകൊണ്ടത്. നന്നായി പന്തെറിഞ്ഞ ആർ. അശ്വിൻ നാലോവറിൽ 24 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. രണ്ടോവർ എറിഞ്ഞ റിയാൻ പരാഗ് 17 റൺസ് മാത്രമാണ് വിട്ടുനൽകിയത്. ട്രെന്‍റ് ബോൾട്ട്, സന്ദീപ് ശർമ, യുസ്വേന്ദ്ര ചഹൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. 

Tags:    
News Summary - IPL 2024 RR vs DC updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.