സ്പിൻ കെണിയിൽ വീണ് പഞ്ചാബ്; സായി കിഷോറിന് നാലു വിക്കറ്റ്; ഗുജറാത്തിന് 143 റൺസ് വിജയലക്ഷ്യം

മുല്ലൻപുർ: ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 143 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 20 ഓവറിൽ 142 റൺസിന് ഓൾ ഔട്ടായി.

ഗുജറാത്തിന്‍റെ സ്പിന്നർമാരാണ് പഞ്ചാബിനെ പിടിച്ചുകെട്ടിയത്. മത്സരത്തിലെ ഏഴു വിക്കറ്റുകളും സ്പിന്നർമാർക്കായിരുന്നു. സായി കിഷോറിന്‍റെ നാലു വിക്കറ്റ് പ്രകടനമാണ് ഇതിൽ നിർണായകം. പഞ്ചാബിനായി ഓപ്പണർമാരായ സാം കറനും പ്രഭ്സിമ്രാൻ സിങ്ങും മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് വന്നവരെല്ലാം നിരാശപ്പെടുത്തി. 21 പന്തിൽ 35 റൺസെടുത്ത പ്രഭ്സിമ്രാനാണ് പഞ്ചാബിന്‍റെ ടോപ് സ്കോറർ.

ഒന്നാം വിക്കറ്റിൽ ഓപ്പണർമാർ 5.3 ഓവറിൽ 52 റൺസാണ് അടിച്ചെടുത്തത്. പ്രഭ്സിമ്രാനെ മോഹിത് ശർമയും 19 പന്തിൽ 20 റൺസെടുത്ത കറനെ റാഷിദ് ഖാനും മടക്കി. പിന്നാലെ ക്രീസിലെത്തിയവരെല്ലാം വേഗത്തിൽ മടങ്ങി. റില്ലി റൂസോ (ഏഴു പന്തിൽ ഒമ്പത്), ജിതേഷ് ശർമ (12 പന്തിൽ 13), ലിയാം ലിവിങ്സ്റ്റോൺ (ഒമ്പത് പന്തിൽ ആറ്), ശശാങ്ക് സിങ് (12 പന്തിൽ എട്ട്), അശുതോഷ് ശർമ (എട്ടു പന്തിൽ മൂന്ന്) എന്നിവരെല്ലാം പുറത്തായി. പഞ്ചാബ് 15.2 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 99 റൺസിലേക്ക് വീണു.

എട്ടാം വിക്കറ്റിൽ ഹർപ്രീത് സിങ്ങും ഹർപ്രീത് ബ്രാറും ചേർന്ന് നേടിയ 40 റൺസാണ് ടീമിനെ അൽപമെങ്കിലും കരകയറ്റിയത്. 12 പന്തിൽ 29 റൺസെടുത്ത ബ്രാറിനെ കിഷോർ മടക്കി. 19 പന്തിൽ 14 റൺസെടുത്ത ഹർപ്രീത് സിങ് റണ്ണൗട്ടായി. ഹർഷൽ പട്ടേൽ പൂജ്യത്തിന് പുറത്തായി. ഒരു റണ്ണുമായി കഗിസോ റബാദ പുറത്താകാതെ നിന്നു. ഗുജറാത്തിനായി മോഹിത് ശർമയും നൂർ അഹ്മദും രണ്ടു വിക്കറ്റ് വീതവും റാഷിദ് ഖാൻ ഒരു വിക്കറ്റും നേടി.

Tags:    
News Summary - IPL 2024: Sai Kishore's 4-Wicket Haul Helps GT Bowl Out PBKS For 142

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.