ഐ.പി.എല്ലിലെ വമ്പൻ ടീമുകളുടെ ലിസ്റ്റിൽ ഒന്നും നോക്കാതെ ഉൾപ്പെടുത്താവുന്ന ടീമാണ് രാജസ്ഥാൻ റോയൽസ്. മലയാളി ക്യാപ്റ്റൻ സഞ്ജു സാംസണിന് കീഴിൽ അണിനിരക്കുന്ന രാജസ്ഥാൻ പട പ്രത്യേകിച്ച് മലയാളികൾക്ക് അവരുടെ സ്വന്തം ടീമായി മാറിയിട്ടുണ്ട്. മികച്ച ടോപ് ഓർഡർ ബാറ്റിങ് നിരയും ഒത്തിണക്കമുള്ള ബൗളിങ്ങുമാണ് രാജസ്ഥാന്‍റെ കരുത്ത്.
കഴിഞ്ഞ ഐ.പി.എല്ലിൽ അഞ്ചാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന രാജസ്ഥാൻ 2022ൽ ഫൈനലിസ്റ്റുകളായിരുന്നു. ആദ്യ ഐ.പി.എൽ സീസണായ 2008ൽ ചെന്നൈ സൂപ്പർ കിങ്സിനെ തകർത്ത് കിരീടം ചൂടിയ രാജസ്ഥാന് 2022 മാറ്റിനിർത്തിയാൽ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. 2022 സീസൺമുതൽ കൂടുതൽ കരുത്തുറ്റ ടീമായി ഉയർന്ന രാജസ്ഥാൻ ഇക്കറിയും മികച്ച സ്ക്വാഡുമായാണ് പോരിനിറങ്ങുന്നത്. ക്രിക്കറ്റ് വിദഗ്ധർ വിലയിരുത്തുന്ന മികച്ച ടീമികളിലെന്നായി രാജസ്ഥാൻ മാറിയിട്ടുണ്ട്.
രാജസ്ഥാന്‍റെ ഏറ്റവും വലിയ കരുത്ത് ടോപ് ഓർഡർ ബാറ്റ്സ്മാന്മാരാണ്. സമീപകാലത്ത് കത്തിജ്വലിച്ചു മിന്നും ഫോമിലുള്ള ഇന്ത്യൻ യുവതാരം യശ്വസി ജയ്സ്വാളും ഇംഗ്ലീഷ് കരുത്ത് ജോസ് ബട്ട്ലറും തന്നെയായിരിക്കും ഇക്കുറിയും ടീമിന്‍റെ ഓപണിങ് ജോടി. മൂന്നാമതായി സഞ്ജു സാംസണും വരുന്നതോടെ ടീം സെറ്റാവും. മധ്യനിരയിലാണ് രാജസ്ഥാന് കുറച്ച് ദൗർബല്യമുള്ളത്. ഇത് നികത്താൻ ലോ ഓർഡർ ബാറ്റിങ് കരുത്ത് തുണയാകും. റോവ്മാൻ പവലും ഷിമ്രോൺ ഹെറ്റ്മെയറും ധ്രുവ് ജുറേലും ഫിനിഷിങ്ങിൽ എതിരാളികളുടെ നെഞ്ചിടിപ്പ് കൂട്ടും.
മികച്ച പേസറും സ്പിൻ കരുത്തുമാണ് ബൗളിങ്ങിൽ റോയൽസിന്‍റെ ആത്മവിശ്വാസം. ന്യൂസിലൻഡ് പേസർ ട്രെന്‍റ് ബോൾട്ടും ലഖ്നോയിൽനിന്ന് റോയൽസ് ടീമിലേക്ക് കുടിയേറിയ ഇന്ത്യൻ താരം ആവേശ് ഖാനുമാണ് പേസ് നിര നിയന്ത്രിക്കുന്നത്. പരിക്കേറ്റ പ്രസിദ്ധ് കൃഷ്ണ മത്സരത്തിനിറങ്ങാൻ സാധ്യതയില്ല. ഇത് ടീമിന് തിരിച്ചടിയാവും. അതേസമയം ആർ. അശ്വിനും യുസ്വേന്ദ്ര ചഹലും ആദം സാമ്പയും അടങ്ങുന്ന സ്പിൻ നിര ഏത് ടീമിനും വെല്ലുവിളി ഉയർത്തും. മാർച്ച് 24ന് ലഖ്നോ സൂപ്പർ ജയൻറ്സുമായാണ് രാജസ്ഥാന്‍റെ ആദ്യ മത്സരം.
സഞ്ജു സാംസൺ (കാപ്റ്റൻ), ജോസ് ബട്ട്‌ലർ, ഷിംറോൺ ഹെറ്റ്‌മെയർ, റോവ്മാൻ പവൽ, ട്രെൻറ് ബോൾട്ട്, ആദം സാമ്പ, കുനാൽ റാത്തോഡ്, ഡോണോവൻ ഫെരേര, ടോം കോഹ്‌ലർ-കാഡ്‌മോർ, രവിചന്ദ്രൻ അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, ധ്രുവ് ജുറെൽ, യശസ്വി ജയ്സ്വാൾ, റിയാൻ പരാഗ്, സന്ദീപ് ശർമ, നവദീപ് സൈനി, ശുഭം ദുബെ, ആബിദ് മുഷ്താഖ്, കുൽദീപ് സെൻ, നാന്ദ്രെ ബർഗർ, ആവേഷ് ഖാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.