ക്ലാസൻ വിലയേറിയ താരം; കോടിക്കിലുക്കത്തിൽ പുരാൻ; പന്തിനെ കൈവിട്ട് ഡൽഹി; ധോണി ചെന്നൈയിൽ തുടരും

മുംബൈ: ഐ.പി.എൽ താരലേലത്തിനു മുന്നോടിയായി ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്ത്. ദക്ഷിണാഫ്രിക്കയുടെ ഹെൻറിച് ക്ലാസനാണ് നിലനിർത്തുന്നവരിൽ ഏറ്റവും വിലയേറിയ താരം. ക്ലാസൻ ഉൾപ്പെടെ അഞ്ചു താരങ്ങളെയാണ് സൺറൈസേഴ്സ് ഹൈദരാബാദ് നിലനിർത്തിയത്.

23 കോടി രൂപയാണ് ക്ലാസന് നൽകുന്നത്. നായകൻ പാറ്റ് കമ്മിൻസ് (18 കോടി), അഭിഷേക് ശർമ (14 കോടി), നിതീഷ് റെഡ്ഡ് (ആറു കോടി), ട്രാവിസ് ഹെഡ് (14 കോടി) എന്നിവരാണ് ടീം നിലനിർത്തിയ മറ്റു താരങ്ങൾ. 45 കോടി രൂപയാണ് ടീമിന്‍റെ കൈയിൽ ബാക്കിയുള്ളത്. ലേലത്തിൽ ആർ.ടി.എം ഓപ്ഷൻ വഴി ഒരു അൺക്യാപ്ഡ് താരത്തെ വിളിച്ചെടുക്കാനാകും. എയ്ഡൻ മാക്രം, മാർകോ ജാൻസെൻ, വാഷിങ്ടൺ സുന്ദർ ഉൾപ്പെടെയുള്ള താരങ്ങളെ ഒഴിവാക്കി.

ലഖ്നോ സൂപ്പർ ജയന്‍റ്സ് അഞ്ചു താരങ്ങളെ നിലനിർത്തി. ദക്ഷിണാഫ്രിക്കയുടെ നിക്കോളാസ് പുരാനെ 21 കോടി രൂപക്കാണ് നിലനിർത്തിയത്. നായകൻ കെ.എൽ. രാഹുലിനെ ഒഴിവാക്കി. രവി ബിഷ്ണോയ് (11 കോടി), മായങ്ക് യാദവ് (11 കോടി), മുഹ്സിൻ ഖാൻ (നാലു കോടി), അയുഷ് ബദോനി (നാലു കോടി) എന്നിവരാണ് നിലനിർത്തിയ മറ്റു താരങ്ങൾ. 69 കോടി രൂപയാണ് ടീമിന്‍റെ കൈയിൽ ബാക്കിയുള്ളത്.

ഡൽഹി കാപിറ്റൽസ് നാലു താരങ്ങളെ നിലനിർത്തി. അക്സർ പട്ടേലാണ് ടീമിലെ ഏറ്റവും വിലയേറിയ താരം -16.5 കോടി. നായകൻ ഋഷഭ് പന്തിനെ കൈവിട്ടതാണ് ശ്രദ്ധേയം. കുൽദീപ് യാദവ് (13.25 കോടി), ട്രിസ്റ്റൻ സ്റ്റബ്സ് (10 കോടി), അഭിഷേക് പൊറൽ (നാലു കോടി) എന്നിവരാണ് നിലനിർത്തിയ താരങ്ങൾ. 73 കോടി രൂപ ബാക്കിയുണ്ട്.

ചെന്നൈ സൂപ്പർ കിങ്സ് അഞ്ചു താരങ്ങളെ നിലനിർത്തി. നായകൻ ഋതുരാജ് ഗെയ്ക്വാദാണ് ടീമിലെ വിലയേറി താരം -18 കോടി. മതീഷ പതിരന (13 കോടി), ശിവം ദുബെ (12 കോടി), രവീന്ദ്ര ജദേജ (18 കോടി) എന്നിവരാണ് നിലനിർത്തിയ മറ്റു താരങ്ങൾ. നാലു കോടിക്ക് എം.എസ്. ധോണിയെ അൺക്യാപ്ഡ് റൂൾ പ്രകാരം നിലനിർത്തി. 55 കോടി രൂപ ടീമിന് ബാക്കിയുണ്ട്. മുഈൻ അലി, ദീപക് ചഹർ, രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ എന്നിവർ ഉൾപ്പെടെയുള്ളവരെയാണ് ഒഴിവാക്കിയത്.

ആറു താരങ്ങളെ നിലനിർത്തി രാജസ്ഥാൻ റോയൽസ്. നായകനും മലയാളി താരവുമായ സഞ്ജു സാംസണും യുവതാരം യശസ്വി ജയ്സ്വാളുമാണ് ടീമിലെ വിലയേറിയ താരങ്ങൾ. 18 കോടി വീതം നൽകിയാണ് ഇരുവരെയും നിലനിർത്തിയത്.

റിയാൻ പരാഗ് (14 കോടി), ധ്രുവ് ജുറെൽ (14 കോടി), ഷിമ്രോൺ ഹെറ്റ്മെയർ (11 കോടി), സന്ദീപ് ശർമ (നാലു കോടി) എന്നിവരാണ് രാജസ്ഥാൻ നിലനിർത്തിയ മറ്റു താരങ്ങൾ. 41 കോടി രൂപയാണ് ഇനി ടീമിന്‍റെ കൈയിൽ ബാക്കിയുള്ളത്. ഇംഗ്ലണ്ട് വെറ്ററൻ താരം ജോസ് ബട്‍ലർ, സ്പിന്നർ യുസ്‍വേന്ദ്രെ ചെഹൽ, ആർ. അശ്വിൻ, ന്യൂസിലൻഡ് പേസർ ട്രെന്‍റ് ബോൾട്ട് എന്നിവരെ ഒഴിവാക്കിയതാണ് ശ്രദ്ധേയം.

Tags:    
News Summary - IPL 2025: Full list of players retained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.