മുംബൈ: ഐ.പി.എൽ 2025 സീസണു മുന്നോടിയായി നിലനിർത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ട് മുംബൈ ഇന്ത്യൻസ്. മുൻ നായകൻ രോഹിത് ശർമ ടീമിൽ തുടരും.
ഇത്തവണ താരം മുംബൈ വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. കഴിഞ്ഞ സീസണിൽ ഹാർദിക് പാണ്ഡ്യയുടെ നായകനായുള്ള മടങ്ങിവരവിനു പിന്നാലെ ടീമിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. റെക്കോഡ് തുകക്കാണ് ഹാർദിക്കിനെ ഗുജറാത്ത് ടൈറ്റൻസിൽനിന്ന് വാങ്ങിയത്. എന്നാൽ, ടീം സീസണിൽ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അഞ്ചു താരങ്ങളെയാണ് മുംബൈ നിലനിർത്തിയത്. 18 കോടി രൂപക്കാണ് ഇന്ത്യൻ പേസ് കുന്തമുന ജസ്പ്രീത് ബുംറയെ ടീമിൽ നിലനിർത്തിയത്.
ടീമിലെ ഏറ്റവും ഉയർന്ന തുകയാണിത്. 16.35 കോടി രൂപ വീതം നൽകിയാണ് സൂര്യകുമാർ യാദവിനെയും ഹാർദിക് പാണ്ഡ്യയെയും നിലനിർത്തിയത്. രോഹിത്തിനെ 16.30 കോടി രൂപക്കും. തിലക് വർമയാണ് മറ്റൊരു താരം. എട്ടു കോടി രൂപ. 55 കോടി ഇനി ടീമിന്‍റെ കൈയിൽ ബാക്കിയുണ്ട്. ആർ.ടി.എം ഓപ്ഷൻ വഴി ഒരു താരത്തെയും ഒരു അൺക്യാപ്ഡ് താരത്തെയും ലേലത്തിൽ നിലനിർത്താനാകും. വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനെ ഒഴിവാക്കിയതാണ് ഏറെ ശ്രദ്ധേയം.
അർജുൻ തെണ്ടുൽക്കർ, ടീം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ജെറാർഡ് കോട്സീ, മുഹമ്മദ് നബി ഉൾപ്പെടെ 21 താരങ്ങളെ ടീം ഒഴിവാക്കി. ഐ.പി.എൽ ടീമുകൾ നിലനിർത്തുന്ന താരങ്ങളിൽ ഏറ്റവും ഉയർന്ന തുക ലഭിച്ചത് സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് ബാറ്റർ ഹെൻറിച് ക്ലാസനാണ്. വിക്കറ്റ് കീപ്പർ കൂടിയായ താരത്തെ 23 കോടി രൂപക്കാണ് നിലനിർത്തുന്നത്. സൂപ്പർ താരം വിരാട് കോഹ്ലിയെ 21 കോടിക്കാണ് ആർ.സി.ബി നിലനിർത്തിയത്.
മൂന്നു പ്രധാന ടീമുകളുടെ നായകന്മാരായ ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, ശ്രേയസ്സ് അയ്യർ എന്നിവരെ അതത് ടീമുകൾ ഒഴിവാക്കി. വെറ്ററൻ താരം എം.എസ്. ധോണിയെ അൺക്യാപ്ഡ് താരം എന്ന നിലയിൽ നാലു കോടിക്ക് ചെന്നൈ സൂപ്പർ കിങ്സ് നിലനിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.