ബംഗളൂരു: ഐ.പി.എൽ മെഗാ താരലേലത്തിനു മുന്നോടിയായി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു നിലനിർത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു.
പുതിയ സീസണിൽ അടിമുടി മാറ്റങ്ങളുമായി കളത്തിലിറങ്ങാനാണ് ടീം ലക്ഷ്യമിടുന്നത്. സൂപ്പർതാരം വിരാട് കോഹ്ലി ഉൾപ്പെടെ മൂന്നു താരങ്ങളെ മാത്രമാണ് ടീം നിലനിർത്തിയത്. റോക്കോഡ് തുകയായ 21 കോടി രൂപക്കാണ് കോഹ്ലിയെ ടീമിൽ നിലനിർത്തിയത്. പുതിയ സീസണിൽ കോഹ്ലിയാകും ടീമിനെ നയിക്കുക എന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
നിലവിലെ നായകൻ ഫാഫ് ഡുപ്ലെസിസിനെ ടീം ഒഴിവാക്കി. യുവ ബാറ്റർ രജത് പട്ടീദാർ (11 കോടി), പേസർ യാഷ് ദയാൽ (അഞ്ചു കോടി) എന്നിവരാണ് നിലനിർത്തിയ മറ്റു താരങ്ങൾ. വിദേശ താരങ്ങളിൽ ആരെയും ആർ.സി.ബി നിലനിർത്തിയില്ല. 83 കോടി രൂപ ടീമിന്‍റെ പഴ്സിയിൽ ഇനി ബാക്കിയുണ്ട്. ലേലത്തിൽ ആർ.ടി.എം ഓപ്ഷൻ വഴി ടീമിന് രണ്ടു താരങ്ങളെ നിലനിർത്താനാകും.
ആസ്ട്രേലിയൽ ഓൾ റൗണ്ടർ ഗ്ലെൻ മാക്സ് വെൽ, ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്, കാമറൂൺ ഗ്രീൻ, അൽസാരി ജോസഫ്, വിൽ ജാക്സ് ഉൾപ്പെടെ 21 താരങ്ങളെയാണ് ഒഴിവാക്കിയത്. അതേസമയം, ടീം നിലനിർത്തുന്ന താരങ്ങളിൽ ഏറ്റവും ഉയർന്ന തുക ലഭിച്ചത് സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് ബാറ്റർ ഹൻറിച് ക്ലാസനാണ്. വിക്കറ്റ് കീപ്പർ കൂടിയായ താരത്തെ 23 കോടി രൂപക്കാണ് നിലനിർത്തുന്നത്. മൂന്നു പ്രധാന ടീമുകളുടെ നായകന്മാരായ ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, ശ്രേയസ്സ് അയ്യർ എന്നിവരെ അതത് ടീമുകൾ ഒഴിവാക്കി.
ഇഷാൻ കിഷനെ മുംബൈ ഇന്ത്യൻസ് ഒഴിവാക്കി. വെറ്ററൻ താരം എം.എസ്. ധോണിയെ അൺക്യാപ്ഡ് താരം എന്ന നിലയിൽ നാലു കോടിക്ക് ചെന്നൈ സൂപ്പർ കിങ്സ് നിലനിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.