ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് 2024 എഡിഷനുള്ള താരലേലം ഡിസംബർ 23ന് കൊച്ചിയിൽ നടക്കും. മിനിലേലമായി ഒറ്റ ദിവസം നടത്താനാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് തീരുമാനം. ബംഗളൂരു, ന്യൂഡൽഹി, മുംബൈ, ഹൈദരാബാദ് നഗരങ്ങൾക്ക് പുറമെ തുർക്കിയിലെ ഇസ്താംബൂളും ലേലത്തിന് വേദിയായി പരിഗണിച്ചിരുന്നു.
എന്നാൽ, തീയതിയും മറ്റു സൗകര്യങ്ങളും നോക്കി കൊച്ചിയെ തീരുമാനിക്കുകയായിരുന്നു. ഇതാദ്യമായാണ് കേരളത്തിൽ താരലേലം നടക്കുന്നത്. നിലനിർത്തുന്ന താരങ്ങളുടെ പട്ടിക നവംബർ 15നകം സമർപ്പിക്കാൻ പത്ത് ഫ്രാഞ്ചൈസികൾക്കും നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെ ലേലത്തിൽ ബാക്കിവന്ന തുക കൂടാതെ അഞ്ചു കോടി രൂപ അധികമായി ഓരോ ടീമിനും അനുവദിച്ചു. 95 കോടിയാണ് മൊത്തം ലേലത്തിനായി അനുവദിച്ചിരിക്കുന്നത്.
പഞ്ചാബ് കിങ്സിന്റെ കൈവശമാണ് കൂടുതൽ തുക മിച്ചമുള്ളത്, 3.45 കോടി. ചെന്നൈ സൂപ്പർ കിങ്സ് 2.95 കോടി, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് 1.55 കോടി, രാജസ്ഥാൻ റോയൽസ് 0.95 കോടി, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 0.45 കോടി, ഗുജറാത്ത് ടൈറ്റൻസ് 0.15 കോടി, മുംബൈ ഇന്ത്യൻസ്, സൺറൈസേഴ്സ് ഹൈദരാബാദ്, ഡൽഹി ക്യാപിറ്റൽസ് 0.10 കോടി വീതം എന്നിങ്ങനെയാണ് മറ്റു ടീമുകളുടെ അവശേഷിക്കുന്ന തുക. ലഖ്നോ സൂപ്പർ ജയന്റ്സ് കഴിഞ്ഞ ലേലത്തിൽ മുഴുവൻ തുകയും ചെലവഴിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന മെഗാ ലേലത്തില്‍ 137 ഇന്ത്യന്‍ താരങ്ങളും 67 വിദേശികളും വിവിധ ടീമുകളിലെത്തി. ആകെ 551.7 കോടി രൂപ കളിക്കാരെ സ്വന്തമാക്കാന്‍ വിവിധ ടീമുകള്‍ ചെലവഴിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.