ഷാർജ: ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകർത്ത് ചെന്നൈ സൂപ്പർ കിങ്സ് തലപ്പത്ത്. ആറു വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം. തകർപ്പൻ തുടക്കത്തിനുശേഷം കിതച്ച ബാംഗ്ലൂരിനെ 156 റൺസിലൊതുക്കിയ ചെന്നൈ 11 പന്ത് ബാക്കിയിരിക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. ഋതുരാജ് ഗെയ്ക്വാദ് (38), ഫാഫ് ഡുപ്ലസി (31), മുഈൻ അലി (23), അമ്പാട്ടി റായുഡു (32) എന്നിവരാണ് ചെന്നൈക്ക് ജയമൊരുക്കിയത്. സുരേഷ് റെയ്നയും (17) ക്യാപ്റ്റൻ എം.എസ്. ധോണിയും (11) പുറത്താവാതെ നിന്നു. പൊടിക്കാറ്റുമൂലം കാൽ മണിക്കൂർ വൈകിയാണ് കളി തുടങ്ങിയത്.
11 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 100ഉം കടന്ന് മികച്ച സ്കോറിലേക്ക് കുതിക്കുകയായിരുന്ന ബാംഗ്ലൂരിനെ അവസാനഘട്ടത്തിൽ ചെന്നൈ ബൗളർമാർ ഒതുക്കുകയായിരുന്നു. അർധ സെഞ്ച്വറികളുമായി ഓപണിങ്ങിൽ സെഞ്ച്വറി കൂട്ടുകെട്ടുയർത്തിയ മലയാളി താരം ദേവ്ദത്ത് പടിക്കലും (50 പന്തിൽ മൂന്നു സിക്സും നാലു ഫോറുമടക്കം 70) ക്യാപ്റ്റൻ വിരാട് കോഹ്ലിയും (41 പന്തിൽ ഒരു സിക്സും ആറു ബൗണ്ടറിയുമടക്കം 53) ആണ് ബാംഗ്ലൂരിന് മികച്ച അടിത്തറ പാകിയത്. എന്നാൽ പിന്നീടാർക്കും മികച്ച സ്കോർ കണ്ടെത്താനായില്ല.
അബ്രഹാം ഡിവില്ലിയേഴ്സ് (12), ഗ്ലെൻ മാക്സ്വെൽ (11), ടിം ഡേവിഡ് (1), ഹർഷൽ പട്ടേൽ (3) എന്നിവരാക്കെ നിരാശപ്പെടുത്തി. 24 റൺസിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ ഡ്വൈൻ ബ്രാവോയും 29 റൺസിന് രണ്ടു പേരെ പുറത്താക്കിയ ശർദുൽ ഠാകൂറും ചേർന്നാണ് ബാംഗ്ലൂരിനെ മെരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.