മുംബൈ: തൃശൂരിലല്ല, മുംബൈ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലായിരുന്നു പൂരം വെടിക്കെട്ട്. 10 സിക്സറുകൾ. 17 ബൗണ്ടറികൾ. ഡെവോൺ കോൺവോയിയുടെ സാമ്പിൾ വെടിക്കെട്ടും അവസാന ഓവറുകളിൽ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ മിന്നൽപ്പിണരും മൊയീൻ അലിയുടെ സ്പിൻ മാജികും ചേർന്നപ്പോൾ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 91 റൺസിന്റെ കൂറ്റൻ ജയം. സ്കോർ: ചെന്നൈ ആറിന് 208. ഡൽഹി 117ന് ആൾ ഔട്ട്.
209 റൺസ് ലക്ഷ്യം മുന്നിൽ കണ്ടിറങ്ങിയ ഡൽഹിക്ക് തുടക്കം മുതലേ വിക്കറ്റുകൾ പൊഴിഞ്ഞുകൊണ്ടിരുന്നു. 25 റൺസെടുത്ത മിച്ചൽ മാർഷാണ് ടോപ് സ്കോറർ. മൊയീൻ അലിയുടെ മൂന്ന് വിക്കറ്റിനു പുറമെ മുകേഷ് ചൗധരി, സിമർജീത് സിങ്, ഡ്വൈൻ ബ്രാവോ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടമായി ബാറ്റിങ്ങിന് വിധിക്കപ്പെട്ട ചെന്നൈയുടെ ആദ്യ വിക്കറ്റ് വീണത് 110 റൺസിൽ. കഴിഞ്ഞ കളിയിൽ ഒരു റണ്ണിന് സെഞ്ച്വറി നഷ്ടമായ ഋതുരാജ് ഗെയ്ക്വാദും ന്യൂസിലൻഡ് താരം ഡെവോൺ കോൺവായിയും തകർത്തടിച്ചപ്പോൾ ഡൽഹി നിഷ്പ്രഭരായി. ഈ സീസണിൽ മികച്ച രീതിയിൽ പന്തെറിയുന്ന ഖലീൽ അഹമ്മദ് ഒഴികെയുള്ള ബൗളർമാരെല്ലാം മാരകമായി തല്ലുവാങ്ങി. സിക്സറുകൾ തലക്കു മുകളിലൂടെ ഗാലറി സന്ദർശിച്ചു. 33 പന്തിൽ 41 റൺസെടുത്ത ഗെയ്ക്വാദ് ഒരു സിക്സറും നാല് ബൗണ്ടറിയും പായിച്ച് പുറത്തായി. പിന്നീട് വന്ന ശിവം ദുബെയും രണ്ടും കൽപിച്ചായിരുന്നു. അർധ സെഞ്ച്വറി കടന്ന കോൺവായ് 49 പന്തിൽ 87 റൺസെടുത്ത് ഖലീൽ അഹമ്മദിന് വിക്കറ്റ് നൽകി പുറത്തായി. ഋഷഭ് പന്തിന് ക്യാച്ച്. 19 പന്ത് നേരിട്ട ശിവം ദുബെ രണ്ടു വീതം സിക്സും ബൗണ്ടറിയുമടക്കം 32 റൺസെടുത്ത് മിച്ചൽ മാർഷിന്റെ പന്തിൽ പുറത്തായി. പിന്നീടായിരുന്നു ധോണിയുടെ വെടിക്കെട്ട്. വെറും എട്ടു പന്ത് നേരിട്ട ധോണി രണ്ട് സിക്സറും ബൗണ്ടറിയുമായി 21 റൺസെടുത്ത് പുറത്താകാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.