മുംബൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെ തകർത്ത് പഞ്ചാബ് കിങ്സ്. 54 റൺസിനായിരുന്നു പഞ്ചാബിന്റെ വിജയം. ആദ്യം ബാറ്റുചെയ്ത പഞ്ചാബ് എട്ടു വിക്കറ്റിന് 180 റൺസടിച്ചപ്പോൾ ചെന്നൈ 18 ഓവറിൽ 126 റൺസിന് ഓൾഔട്ടായി. പഞ്ചാബിന്റെ രണ്ടാം ജയവും ചെന്നൈയുടെ തുടർച്ചയായ മൂന്നാം തോൽവിയുമാണിത്.
പഞ്ചാബിനായി രാഹുൽ ചഹാർ മൂന്നും വൈഭവ് അറോറയും ലിയാം ലിവിങ്സ്റ്റോണും രണ്ടു വീതവും വിക്കറ്റെടുത്തു. 30 പന്തിൽ 57 റൺസെടുത്ത ശിവം ദുബെ മാത്രമാണ് ചെന്നൈ നിരയിൽ പിടിച്ചുനിന്നത്.
നേരത്തേ, 32 പന്തിൽ അഞ്ചു വീതംസിക്സും ഫോറുമായി 60 റൺസടിച്ചുകൂട്ടിയ ലിവിങ്േസ്റ്റാൺ ആണ് പഞ്ചാബിന് മികച്ച സ്കോർ സമ്മാനിച്ചത്. ശിഖർ ധവാൻ (24 പന്തിൽ 33), ജിതേഷ് ശർമ (17 പന്തിൽ 26) എന്നിവരും പിന്തുണ നൽകിയപ്പോൾ ചെന്നൈക്ക് വെല്ലുവിളിയുയർത്താവുന്ന സ്കോറായി. അവസാനഘട്ടത്തിൽ കാഗിസോ റബാദയും (12 പന്തിൽ 12) രാഹുൽ ചഹാറും (എട്ടു പന്തിൽ 12) ആണ് ടോട്ടൽ 180ലെത്തിച്ചത്. ആദ്യ രണ്ടു ഓവറിൽ തന്നെ നായകൻ മായങ്ക് അഗർവാളും (4) ഫോമിലുള്ള ഭാനുക രാജപക്സെയും (9) പുറത്തായതോടെ രണ്ടിന് 14 എന്ന നിലയിലായിരുന്നു പഞ്ചാബ്. എന്നാൽ, ബിഗ്ഹിറ്റർ ലിവിങ്സ്റ്റോൺ താളം കണ്ടെത്തിയതോടെ പഞ്ചാബ് സ്കോർ കുതിച്ചു. മറുവശത്ത് ധവാൻ പിന്തുണ നൽകുകയും ചെയ്തു. മൂന്നാം വിക്കറ്റിൽ ഇരുവരും 52 പന്തിൽ 95 റൺസ് ചേർത്തു.
എന്നാൽ, ധവാനെയും ലിവിങ്സ്റ്റോണിനെയും അടുത്തടുത്ത് പുറത്താക്കി ചെന്നൈ തിരിച്ചെത്തി. അഞ്ചാമതായി ക്രീസിലെത്തിയ പുതുമുഖം ജിതേഷ് ശർമ ആക്രമണമൂഡിലായിരുന്നു. മൂന്നു സിക്സുമായി കളി കൊഴുപ്പിച്ച ജിതേഷ് പക്ഷേ പെട്ടെന്ന് മടങ്ങി. വെടിക്കെട്ടുവീരൻ ഷാറൂഖ് ഖാൻ താളം കണ്ടെത്താൻ പാടുപെട്ടതാണ് പഞ്ചാബിനെ വലച്ചത്. ക്രീസിൽ തട്ടിമുട്ടിനിന്ന ഷാറൂഖ് ഒടുവിൽ 11 പന്തിൽ ആറു റൺസുമായി പുറത്താവുകയും ചെയ്തു. കഴിഞ്ഞ കളികളിൽ തിളങ്ങിയ ഒഡീൻ സ്മിത്തിനും (ഏഴു പന്തിൽ മൂന്ന്) കാര്യമായൊന്നും ചെയ്യാനായില്ല.
ചെന്നൈക്കായി ക്രിസ് ജോർഡനും ഡ്വൈൻ പ്രിട്ടോറിയസും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.