മുംബൈ: പിച്ചിൽ തീ തുപ്പിയ ഹൈദരാബാദ് സൺറൈസേഴ്സ് ബൗളർമാരെ തല്ലിയൊതുക്കിയ ഡൽഹി കാപിറ്റൽസിന് ഇന്ത്യൻ പ്രീമിയർ ലീഗിൽ 21 റൺസിന്റെ ജയം. ഉമ്രാൻ മാലിക്കും ഷോൺ അബ്ബോട്ടും കാർത്തിക് ത്യാഗിയും അടങ്ങുന്ന അതിവേഗക്കാരെ റബർ പന്തുകണക്കെ തലങ്ങും വിലങ്ങും വീശിയടിച്ച് 208 റൺസിന്റെ വമ്പൻ ലക്ഷ്യം വെച്ചുനീട്ടിയ ഡൽഹിയോട് അവസാന ഓവർ വരെ പൊരുതിയായിരുന്നു ഹൈദരാബാദ് തോൽവി സമ്മതിച്ചത്.
നികോളാസ് പൂരന്റെ ഒറ്റയാൻ പ്രകടനം (34 പന്തിൽ 62 റൺസ്) ടീമിനെ ജയത്തിലേക്ക് നയിക്കുമെന്ന് കരുതിയ നിമിഷത്തിലെ അപ്രതീക്ഷിത പുറത്താകലാണ് ജയം ഡൽഹിയുടെ പക്ഷത്തേക്ക് തിരിച്ചത്. 25 പന്തിൽ 42 റൺസെടുത്ത ഐഡൻ മർക്രാമും 22 റൺസെടുത്ത രാഹുൽ ത്രിപാഠിയും മാത്രമാണ് പൂരന് പുറമെ ഹൈദരബാദ് നിരയിൽ തിളങ്ങിയുള്ളു. മൂന്നു വിക്കറ്റ് വീഴ്ത്തിയ ഖലീൽ അഹമ്മദാണ് വിനാശം വിതച്ചത്.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്കായി ഐ.പി.എല്ലിലെ നിത്യവസന്തം ഡേവിഡ് വാർണറും കരീബിയൻ കരുത്തായ റോവ്മാൻ പവലും ചേർന്ന് ബ്രാബോണിൽ ഹൈദരാബാദിന്റെ അതിവേഗ ബൗളർമാരുടെ കൂട്ടക്കുരുതിയാണ് നടത്തിയത്. ആദ്യ ഓവറിൽ തന്നെ ഡൽഹിക്ക് വിക്കറ്റ് നഷ്ടമായി. അക്കൗണ്ട് തുറക്കാതെ മൻദീപ് സിങ് മടങ്ങി. വാർണർക്ക് കൂട്ടായി ക്രീസിലെത്തിയ ഋഷഭ് പന്തു കൊളുത്തിയ തീപ്പന്തം വാർണറും പിന്നാലെ വന്ന റോവ്മാൻ പവലും ഏറ്റെടുക്കുകയായിരുന്നു.
നാലാം വിക്കറ്റിൽ ഒത്തുചേർന്ന വാർണറും പവലും ചേർന്ന് ഉമ്രാൻ മാലികിനെയും ഷോൺ അബ്ബോട്ടിനെയും കാർത്തിക് ത്യാഗിയെയും തല്ലിയൊടിച്ചു. 34 പന്തിൽ അർധശതകം തികച്ച വാർണർ കൂടുതൽ അപകടകാരിയായി. 30 പന്തിൽ പവൽ ഐ.പി.എല്ലിലെ ആദ്യ അർധ സെഞ്ച്വറി കുറിച്ചു. വാർണർക്ക് സെഞ്ച്വറി അടിക്കാനാവാതെ പോയത് പവലിന്റെ തട്ടുപൊളിപ്പൻ ഇന്നിങ്സ് കാരണമായിരുന്നു.
നാലാം വിക്കറ്റിൽ 122 റൺസാണ് വാർണറും പവലും ചേർന്ന് അടിച്ചെടുത്തത്. 58 പന്തിൽ 92 റൺസുമായി വാർണറും (മൂന്ന് സിക്സർ 12 ബൗണ്ടറി) 35 പന്തിൽ 67 റൺസുമായി പവലും (ആറ് സിക്സർ മൂന്ന് ബൗണ്ടറി) പുറത്താകാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.