ദുബൈ: 'ട്വിസ്റ്റുകൾ' കാത്തിരുന്നതൊക്കെ വെറുതെയായി. ഡൽഹിയെ 'കണ്ടം വഴി ഓടിച്ച്' മുംബൈ ഇന്ത്യൻസ് ഐ.പി.എൽ കലാശപ്പോരിന്. ഫൈനൽ ടിക്കറ്റിനായുള്ള നിർണായക മത്സരത്തിൽ അറേബ്യൻ മണലാരുണ്യത്തെ സാക്ഷിയാക്കി സിക്സർ മഴപെയ്യിച്ച് നീലപ്പട തകർത്താടിയപ്പോൾ, പൊരുതിപോലും നോക്കാതെ തലസ്ഥാന ടീം തോൽവി സമ്മതിച്ചു. ഒന്നാം ക്വാളിഫയർ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 57 റൺസിന് തോൽപിച്ചാണ് മുംബൈ ഇന്ത്യൻസ് തുടർച്ചയായ രണ്ടാം സീസണിലും കലാശകൊട്ടിലേക്ക് ചേക്കേറിയത്. സ്കോർ: മുംബൈ ഇന്ത്യൻസ് 200/5, ഡൽഹി ക്യാപിറ്റൽസ് 143/8.
നായകനും സഹനായകനും പൂജ്യത്തിന് പുറത്തായപ്പോൾ സഹപടയാളികൾ തോളിലേറ്റിയാണ് മുംബൈയെ വൻ ജയത്തിലേക്ക് എത്തിച്ചത്. നാലു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഡൽഹിയുടെ നടുവൊടിച്ചത്.
സൂപ്പർ പോരാട്ടത്തിൽ ഡൽഹിക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്കായി ഓപണർ ഡികോക്കും(40) സൂര്യകുമാർ യാദവും(51), ഇഷൻ കിഷനും(55*), ഹാദിക് പാണ്ഡ്യയും(37) തിളങ്ങിയപ്പോൾ നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ മുംബൈ ഇന്ത്യൻസ് 200 റൺസ് എടുത്തു. കൂറ്റൻ സ്കോറിന് മുന്നിൽ തുടക്കം മുതലെ പതറിയ ഡൽഹി തോൽവി ചോദിച്ചുവാങ്ങുകയായിരുന്നു.
പൃഥ്വി ഷായെയും ശിക്കർ ധവാനെയും അജിൻക്യ രഹാനയെയും പൂജ്യത്തിന് പുറത്താക്കി ബോൾട്ടും ബുംറയും മികച്ച തുടക്കം നൽകിയപ്പോൾ തന്നെ ഡൽഹി തോൽവി ഉറപ്പിച്ചിരുന്നു. എത്ര റൺസിന് തോൽക്കുമെന്നത് മാത്രമാണ് പിന്നീടുണ്ടായിരുന്ന ചോദ്യം. അതിനിടക്ക് മാർക്കസ് സ്റ്റോയിൻസും(65) അക്സർ പട്ടേലും (42) പിടിച്ചു നിന്നതിനാലാണ് ഡൽഹി വമ്പൻ തോൽവി ഒഴിവാക്കിയത്. ക്യാപ്റ്റൻ ശ്രേയസ് അയ്യറും(12) പന്തും(3) മലപോലെ വന്ന് എലിയായി മടങ്ങി.
ചെറിയ സ്കോറിന് മുംബൈയെ ഒതുക്കാമായിരുന്ന മത്സരത്തിൽ ഡൽഹി ബൗളർമാർക്ക് അവസാന നിമിഷം ട്രാക്ക് തെറ്റിയതോടെയാണ് 200 എന്ന മാജിക് സ്കോറിലേക്ക് മുൻ ചാമ്പ്യന്മാർ എത്തിയത്.
ക്യാപ്റ്റൻ രോഹിത് ശർമയെയും കീറോൺ പൊള്ളാഡിനെയും പൂജ്യത്തിന് പുറത്താക്കിയപ്പോൾ ഡൽഹി ക്യാപിറ്റൽസ് കളി കൈക്കലാക്കിെയന്ന് പ്രതീക്ഷിച്ചതാണ്.
എന്നാൽ നാലു പേരുടെ ഇന്നിങ്സുകൾ മുംബൈയെ കൂറ്റൻ സ്കോറിലേക്ക് എത്തിച്ചു. 25 പന്തിൽ 40 റൺസുമായി തുടക്കം ഗംഭീരമാക്കിയ ഡികോക്ക്, ശ്രദ്ധിച്ചു കളിച്ച് സ്കോർ ഉയർത്തിയ സൂര്യകുമാർ യാദവ് (38 പന്തിൽ 51), അവസാനം എത്തി ആളിക്കത്തിച്ച ഇഷൻ കിഷനും(30 പന്തിൽ 55), ഹാർദിക് പാണ്ഡ്യയും(14 പന്തിൽ 37)- എല്ലാം ഒത്തു വന്നതോടെയാണ് മുംബൈ ഇന്ത്യൻസ് സ്കോർ 200 എന്ന മാജിക് നമ്പറിലേക്ക് എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.