ഐ.പി.എല്ലിലെ പുതിയ ടീമാണെങ്കിലും തുടക്കം തന്നെ ‘ഒടുക്കത്തെ കളി’ കളിച്ച് കിരീടം ചൂടിയ സംഘമാണ് ഗുജറാത്ത് ടൈറ്റൻസ്. കഴിഞ്ഞതവണ റണ്ണേഴ്സ് അപ്പും അരങ്ങേറ്റ സീസണായ 2022ൽ ചാമ്പ്യൻപട്ടവും കരസ്ഥമാക്കി ഐ.പി.എല്ലിൽ ശക്തമായ സാന്നിധ്യമായിരിക്കുകയാണ് ടൈറ്റൻസ്. കഴിഞ്ഞ രണ്ട് തവണയും ടീമിനെ മുന്നോട്ട് നയിച്ച സ്റ്റാർ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ തട്ടകം മാറി മുംബൈ ഇന്ത്യൻസിന്‍റെ നായകനായതാണ് ടീമിലെ ശ്രദ്ധേയ മാറ്റം. എന്നാൽ, ഇന്ത്യൻ യുവതാരവും ടീമിന്റെ ഓപണറുമായ ശുഭ്മൻ ഗില്ലിന് ക്യാപ്റ്റൻ തൊപ്പി നൽകി ഗുജറാത്ത് വീണ്ടും ടൈറ്റാക്കി.
ഹാർദിക് പാണ്ഡ്യയുടെ കൂടുമാറ്റം ടീമിന് നഷ്ടം തന്നെയെങ്കിലും മികച്ച സ്ക്വാഡും ആശിഷ് നെഹ്റയുടെ പരിശീലന തന്ത്രങ്ങളും ഗുജറാത്തിന്‍റെ വീര്യം കുറക്കില്ല. ബാറ്റിങ്ങിൽ മികച്ച ഫോമിലുള്ള കാപ്റ്റൻ ഗില്ലിന്‍റെയും ഡേവിഡ് മില്ലറുടെയും സാന്നിധ്യം ടീമിന് കരുത്ത് പകരും. കൂടാതെ പരിക്കിൽനിന്ന് മോചിതനായെത്തിയ മുഹമ്മദ് ഷമി കളിക്കുമോ എന്ന കാര്യത്തിൽ ഗുജറാത്ത് ടീം ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. മുഹമ്മദ് ഷമിക്ക് കളിക്കാൻ സാധിച്ചിട്ടില്ലെങ്കിൽ ആസ്ട്രേലിയൻ ഫസ്റ്റ് ബൗളർ സ്പെൻസർ ജോൺസനിലും ഇന്ത്യൻ താരം ഉമേഷ് യാദവിലുമായിരിക്കും ടീം പ്രതീക്ഷ. അഫ്ഗാന്‍റെ ലോകോത്തര സ്പിന്നർ റാഷിദ് ഖാൻ തന്നെയായിരിക്കും ഗുജറാത്തിന്‍റെ തുറുപ്പ് ശീട്ട്.
മികച്ച ഒത്തിണക്കമുള്ള ടീമാണ് ഗുജറാത്ത്. മികച്ച മധ്യനിരയിലും ലോ ഓർഡറിലും മികച്ച ബാറ്റർമാരുള്ള സംഘമാണ് ടൈറ്റൻസ്. രാഹുൽ തെവാതിയ, റാഷിദ് ഖാൻ എന്നിവരോടൊപ്പം പുതുതായി വമ്പനടിക്കാരൻ ഷാറൂഖ് ഖാൻ കൂടി ടീമിലെത്തിയപ്പോൾ കരുത്തുറ്റ ലോ ഓർഡർ ബാറ്റർമാരുള്ള ടീമായി ഗുജറാത്ത്. മാർച്ച് 24ന് മുബൈ ഇന്ത്യൻസുമായാണ് ഗുജറാത്തിന്‍റെ ആദ്യ മത്സരം.
ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ഡേവിഡ് മില്ലർ, മാത്യു വെയ്ഡ്, വൃദ്ധിമാൻ സാഹ, കെയ്ൻ വില്യംസൺ, അഭിനവ് മനോഹർ, സായ് സുദർശൻ, ദർശൻ നൽകണ്ടെ, വിജയ് ശങ്കർ, ജയന്ത് യാദവ്, രാഹുൽ തെവാതിയ, മുഹമ്മദ് ഷമി, നൂർ അഹമ്മദ്, സായ് കിഷോർ, റാഷിദ് ഖാൻ, ജോഷ്വ ലിറ്റിൽ, മോഹിത് ശർമ, അസ്മത്തുല്ല ഒമർസായി, ഉമേഷ് യാദവ്, ഷാരൂഖ് ഖാൻ, സുശാന്ത് മിശ്ര, കാർത്തിക് ത്യാഗി, മാനവ് സുത്താർ, സ്പെൻസർ ജോൺസൺ, റോബിൻ മിൻസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.