നായകൻ സഞ്ജു സാംസൺ തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലും സംപൂജ്യനായി മടങ്ങിയെങ്കിലും ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് മാന്യമായ സ്കോർ. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ സഞ്ജുവിന്റെ പട ജോസ് ബട്ലറുടെ അർധ സെഞ്ച്വറിയുടെ മികവിൽ (52) ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. 36 പന്തുകളിൽ മൂന്ന് സിക്സറുകളും ഒരു ബൗണ്ടറിയുമടങ്ങുന്നതായിരുന്നു ബട്ലറുടെ ഇന്നിങ്സ്.
മലയാളിയായ ദേവ്ദത്ത് പടിക്കൽ ഇന്നത്തെ മത്സരത്തിൽ മികച്ചു നിന്നു. താരം 26 പന്തുകളിൽ 36 റൺസെടുത്ത് ബട്ലർക്ക് മികച്ച പിന്തുണ നൽകി. എന്നാൽ, രവീന്ദ്ര ജദേജയുടെ പന്തിൽ കോൺവോയ്ക്ക് ക്യാച്ച് നൽകി താരം മടങ്ങുകയായിരുന്നു. പിന്നലെ ക്രീസിലെത്തിയ സഞ്ജുവിനെയും ക്ലീൻ ബൗൾഡാക്കി മടക്കിയത് ജദേജയായിരുന്നു.
ജദേജയുടെ ആദ്യ ബോളില്‍ സഞ്ജുവിന് റൺസെടുക്കാനായില്ല. തൊട്ടടുത്ത ബോള്‍ പിച്ച് ചെയ്ത ശേഷം വിക്കറ്റിലേക്കു കയറുകയായിരുന്നു. സഞ്ജു പ്രതികരിക്കാൻ ശ്രമം നടത്തുന്നതിന് മുമ്പേ തന്നെ ബോള്‍ ബേല്‍സ് തെറിപ്പിച്ചു. പിന്നാലെ താരം നിരാശയോടെ ക്രീസ് വിടുകയും ചെയ്തു.
ഡല്‍ഹി കാപ്പിറ്റല്‍സുമായുള്ള തൊട്ടുമുമ്പത്തെ മാച്ചിലും രാജസ്ഥാൻ നായകൻ സഞ്ജുവിന് അക്കൗണ്ട് തുറക്കാനായിരുന്നില്ല. സ്പിന്നര്‍ കുല്‍ദീപ് യാദവായിരുന്നു താരത്തെ പുറത്താക്കിയത്. ഗംഭീരമായി സീസൺ തുടങ്ങിയ സഞ്ജുവിന് ഇപ്പോൾ കാലിടറുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ആദ്യ മൽസരത്തില്‍ 55 റണ്‍സായിരുന്നു താരം നേടിയത്. പഞ്ചാബ് കിങ്‌സുമായുള്ള രണ്ടാമത്തെ കളിയില്‍ 42 റണ്‍സുമടിച്ചിരുന്നു.
രാജസ്ഥാന് വേണ്ടി രവിചന്ദ്രൻ അശ്വിൻ 30 റൺസെടുത്തു. കുറഞ്ഞ സ്കോറിലേക്ക് പോകുമായിരുന്ന ടീമിനെ ഷിംറോൺ ഹെത്മയറാണ് വെടിക്കെട്ടിലൂടെ രക്ഷിച്ചത്. താരം 18 പന്തുകളിൽ 30 റൺസെടുത്തു. രണ്ട് വീതം സിക്സറുകളും ബൗണ്ടറികളും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു.
ചെന്നൈക്ക് വേണ്ടി രവീന്ദ്ര ജദേജ നാല് ഓവറുകളിൽ 21 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ആകാശ് സിങ് 40 റൺസ് വഴങ്ങിയും തുശാർ ദേഷ്പാണ്ഡെ 37 റൺസ് വഴങ്ങിയും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.