ഹൈദരാബാദ്: ഐ.പി.എൽ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടത്തിൽ വിജയം ഡൽഹി കാപിറ്റൽസിനൊപ്പം. സൺറൈസേഴ്സ് ഹൈദരാബാദിനെ ഏഴ് റൺസിനാണ് ഡേവിഡ് വാർണറും സംഘവും പരാജയപ്പെടുത്തിയത്. ആദ്യ അഞ്ചു മല്‍സരങ്ങളിലും തോറ്റ ഡൽഹി ശക്തമായ തിരിച്ചുവരവിന്റെ സൂചനയാണ് നൽകുന്നത്.
ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇരുടീമുകളിലെയും ബാറ്റർമാർക്ക് റൺ കണ്ടെത്താൻ വിയർപ്പൊഴുക്കേണ്ടി വന്നു. ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ഡൽഹിക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 144 റൺസേ എടുക്കാൻ കഴിഞ്ഞുള്ളൂ. എന്നാൽ, പൊരുതാവുന്ന സ്കോർ ആയിട്ടു കൂടി മറുപടി ബാറ്റിങ്ങിൽ ഹൈദരാബാദ് ആറ് വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് മാത്രമാണെടുത്തത്.
അവസാന ഓവറില്‍ ഹൈദരാബാദിന് ജയിക്കാന്‍ 13 റൺസ് മതിയായിരുന്നു. എന്നാൽ, മുകേഷ് കുമാര്‍ എറിഞ്ഞ ഓവറില്‍ അഞ്ചു റണ്‍സ് മാത്രമാണ് അവർക്ക് നേടാനായത്. ആന്‍ഡ്രിച്ച് നോര്‍ക്കിയയും അക്ഷര്‍ പട്ടേലും ഡൽഹിക്കായി രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.
ഡൽഹിയുടെ മൂന്ന് മുൻനിര വിക്കറ്റുകൾ വീഴ്ത്തിയ വാഷിങ്ടൺ സുന്ദർ അവസാന ഓവറുകളിൽ കൂറ്റനടികളുമായി ബാറ്റിങ്ങിലും തിളങ്ങിയിരുന്നു. എന്നാൽ, ടീമിനെ വിജയത്തിലേക്ക് നയിക്കാൻ കഴിഞ്ഞില്ല. 39 പന്തുകളിൽ 49 റൺസ് എടുത്ത മായങ്ക് അഗർവാളും 19 പന്തുകളിൽ 31 റൺസ് എടുത്ത ഹെയിന്റിച്ച് ക്ലാസനുമാണ് ആതിഥേയർക്ക് വേണ്ടി അൽപ്പമെങ്കിലും പൊരുതിയത്.
കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്തയെ തോൽപ്പിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയ ഡൽഹി ഭുവനേശ്വർ കുമാറിന്റെ മാസ്മരിക സ്വിങ് ബൗളിൽ തപ്പിത്തടയുന്ന കാഴ്ചയായിരുന്നു. പവർപ്ലേയിൽ തന്നെ അവർക്ക് രണ്ടു വിക്കറ്റ് നഷ്ടമായി. സൺറൈസേഴ്സ് ബാറ്റിങ് നിരയിൽ മനീഷ് പാണ്ഡെ (34), അക്സർ പട്ടേൽ (34), മിച്ചൽ മാർഷ് (25) എന്നിവരാണ് അൽപ്പമെങ്കിലും പൊരുതിയത്.
വാഷിങ്ടൺ സുന്ദർ നാലോവറിൽ 28 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. 21 റൺസെടുത്ത നായകൻ ഡേവിഡ് വാർണർ, സർഫറാസ് ഖാൻ (10), അമൻ ഹകീം ഖാൻ (4) എന്നിവരെയാണ് താരം മടക്കിയത്. ഭുവനേശ്വർ നാല് ഓവറിൽ 11 റൺസ് മാത്രം വിട്ടുകൊടുത്താണ് രണ്ടു വിക്കറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.