ന്യൂഡൽഹി: ഐ.പി.എല്ലിൽ ഇത്തവണ പ്ലേ ഓഫിൽ കടക്കുന്ന രണ്ടാമത്തെ ടീമായി ചെന്നൈ സൂപ്പർ കിങ്സ്. അവസാന ലീഗ് മത്സരത്തിൽ ഡൽഹി കാപിറ്റൽസിനെ 77 റൺസിന് തോല്പിച്ചാണ് എ.എസ് ധോണിയും സംഘവും മുന്നേറിയത്. 14 കളികളിൽ 17 പോയന്റാണ് ചെന്നൈയുടെ സമ്പാദ്യം. ടോസ് നേടി ബാറ്റ് ചെയ്ത സന്ദർശകർ 20 ഓവറിൽ മൂന്ന് വിക്കറ്റിന് 223 റൺസെന്ന കൂറ്റൻ സ്കോറിലെത്തി. ഡൽഹിക്ക് 20 ഓവറിൽ ഒമ്പതിന് 146ൽ നിർത്തേണ്ടിവന്നു. ഓപണർമാരായ ഡെവോൺ കോൺവേയും (52 പന്തിൽ 87) ഋതുരാജ് ഗെയ്ക് വാദും (50 പന്തിൽ 79) പുറത്തെടുത്ത പ്രകടനമാണ് ചെന്നൈക്ക് മികച്ച സ്കോർ സമ്മാനിക്കുന്നതിൽ പ്രധാനമായത്. 58 പന്തിൽ 86 റൺസടിച്ച ക്യാപ്റ്റനും ഓപണറുമായി ഡേവിഡ് വാർണർ ഒഴികെയാരും ഡൽഹിനിരയിൽ തിളങ്ങിയില്ല.
കോൺവേ-ഋതുരാജ് കൂട്ടുകെട്ട് ഓവറിൽ ശരാശരി 10 റൺസ് ചേർത്ത് മുന്നേറിയപ്പോൾ ചെന്നൈ കുതിച്ചു. 15ാം ഓവർവരെ സഖ്യം ക്രീസിൽ തുടർന്നു. ചേതൻ സകറിയയാണ് ഋതുരാജിനെ പുറത്താക്കിയത്. മൂന്ന് ഫോറും ഏഴ് സിക്സുമടങ്ങിയ ഇന്നിങ്സിന് റിലീ റോസൂവിന്റെ ക്യാച്ചോടെ അന്ത്യമായി. 141ൽ ആദ്യ വിക്കറ്റ് വീണെങ്കിലും പകരക്കാരൻ ശിവം ദുബെ (ഒമ്പത് പന്തിൽ 22) ആഞ്ഞടിച്ചതോടെ സ്കോറിങ്ങിന് വേഗംകൂടി. ഖലീൽ അഹ്മദാണ് 18ാം ഓവറിൽ ദുബെയെ മടക്കിയത്. താമസിയാതെ കോൺവേയെ ആൻറിച് നോർയെ അമൻ ഹകീം ഖാന്റെ കൈകളിലെത്തിച്ചപ്പോൾ ചെന്നൈ മൂന്നിന് 195. ഏഴ് പന്തിൽ 20 റൺസടിച്ച് പുറത്താവാതെനിന്ന രവീന്ദ്ര ജദേജയുടെ വെടിക്കെട്ടാണ് 200 കടത്തിയത്. നാലു പന്തിൽ അഞ്ച് റൺസുമായി ധോണിയും ക്രീസിലുണ്ടായിരുന്നു.
മറുപടിയുടെ തുടക്കത്തിൽത്തന്നെ ഡൽഹി പതറി. രണ്ടാം ഓവറിൽ പൃഥ്വി ഷാ (5) വീഴുമ്പോൾ സ്കോർ ബോർഡിലും അഞ്ച്. മൂന്ന് റൺസെടുത്ത ഫിൽ സോൾട്ടിനെ മടക്കിയ ദീപക് ചാഹാർ തൊട്ടടുത്ത പന്തിൽ റൂസൂവിനെ (0) ഗോൾഡൻ ഡക്കാക്കിയതോടെ മൂന്നിന് 26. യാഷ് ദുൽ (13), അക്സർ പട്ടേൽ (15), അമൻ ഹകീം (7) എന്നിവരെല്ലാം കരക്ക് കയറിയതോടെ ഡൽഹി തോൽവി ഉറപ്പിച്ചു. ആശ്വാസമായി മറുതലക്കലുണ്ടായിരുന്ന വാർണർ 19ാം ഓവറിൽ മതീഷ പതിരാനക്ക് വിക്കറ്റ് നൽകി. ചെന്നൈക്കായി ചാഹാർ മൂന്നും മഹീഷ് തീക്ഷണയും പതിരാനയും രണ്ട് വീതവും വിക്കറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.