ഐ.പി.എല്ലിലെ 33-ാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 236 റൺസ് വിജയലക്ഷ്യം. കൂറ്റനടികളുമായി ചെന്നൈ ബാറ്റർമാർ കളംനിറഞ്ഞപ്പോൾ കെ.കെ.ആർ ബൗളർമാർ വെള്ളം കുടിക്കുന്ന കാഴ്ചയായിരുന്നു. അജിൻക്യ രഹാനെ (71) ഡിവോൺ കോൺവേ (56), ശിവം ധുബേ (50) എന്നിവരുടെ വെടിക്കെട്ട് ഫിഫ്റ്റികളുടെ മികവിലാണ് ചെന്നൈ ഭീമൻ ടോട്ടൽ പടുത്തുയർത്തിയത്. 29 പന്തുകളിലാണ് രഹാനെ 71 റൺസ് എടുത്തത്. താരത്തിന്റെ ബാറ്റിൽ നിന്ന് അഞ്ച് കൂറ്റൻ സിക്സറുകളും ആറ് ഫോറുകളും പിറന്നു.
ടോസ് നേടിയ കൊൽക്കത്ത ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, ആ തീരുമാനം അബദ്ധമായെന്ന് തോന്നിച്ച പ്രകടനമായിരുന്നു ചെന്നൈ ബാറ്റർമാർ പുറത്തെടുത്ത്. ഡിവോൺ കോൺവേയും റുതുരാജ് ഗെയ്ക്‍വാദും ചേർന്ന് പവർ പ്ലേയിൽ വെടിക്കെട്ടിന് തിരികൊളുത്തി. എട്ടാമത്തെ ഓവറിൽ സുയേഷ് കുമാറിന്റെ പന്തിൽ ബൗൾഡായി റുതുരാജ് പുറത്തുപോകുമ്പോൾ സ്കോർ 73-ൽ എത്തിയിരുന്നു. 20 പന്തുകളിൽ മൂന്ന് സിക്സറുകളും രണ്ട് ഫോറുകളുമടക്കം 35 റൺസാണ് താരം നേടിയത്.
തുടർന്ന് അജിൻക്യ രഹാനെയും ഡിവോൺ കോൺവേയും ചേർന്ന് കൂറ്റനടിയുടെ ചാർജ് ഏറ്റെടുത്തു. 40 പന്തുകളിൽ 56 റൺസ് നേടിയ കോൺവേ വരുൺ ചക്രവർത്തിയുടെ പന്തിൽ ഡേവിഡ് വീസിന് ക്യാച്ച് നൽകി പുറത്താകുമ്പോൾ ചെന്നൈയുടെ സ്കോർ 12.1 ഓവറിൽ 109-2. മൂന്ന് സിക്സറുകളും നാല് ഫോറുകളുമാണ് ന്യൂസിലൻഡ് താരം പറത്തിയത്.
എന്നാൽ, നാലാമനായ ശിവം ധുബെ രഹാനെയെ കൂട്ടുപിടിച്ച് ചെന്നൈയുടെ സ്കോർ അതിവേഗം ഉയർത്തി. 21 പന്തുകളിൽ 50 റൺസ് നേടിയ ധുബെ അഞ്ച് സിക്സറുകളും രണ്ട് ഫോറുകളുമടിച്ചു. 18-ാം ഓവറിൽ ടീം സ്കോർ 194-ൽ നിൽക്കെ കുൽവന്ദ് ഖെജ്റോലിയയുടെ പന്തിൽ ജേസൺ റോയിക്ക് ക്യാച്ച് നൽകിയാണ് ധുബെ പുറത്തായത്. തുടർന്ന് അജിൻക്യ രഹാനെ രവീന്ദ്ര ജദേജയുമായി ചേർന്ന് സ്കോർ 200 കടത്തി. എട്ട് പന്തുകളിൽ 18 റൺസെടുത്ത ജദേജ രണ്ട് സിക്സറുകളടിച്ചു. കുൽവന്ദ് ഖെജ്റോലിയയുടെ പന്തിൽ റിങ്കു സിങ്ങിന് ക്യാച്ച് നൽകിയാണ് താരം പുറത്തായത്.
തുടർച്ചയായ മൂന്ന് തോൽവികളുമായി പരുങ്ങലിലായ കൊൽക്കത്ത വിജയം മാത്രം ലക്ഷ്യമിട്ടാണ് ചെന്നൈയുമായി ഏറ്റുമുട്ടുന്നത്. എന്നാൽ, കഴിഞ്ഞ മത്സരങ്ങളിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയും സൺറൈസേഴ്സ് ഹൈദരാബാദിനെയും തുടർച്ചയായി പരാജയപ്പെടുത്തിയ ചെന്നൈക്ക് വിജയിച്ചാൽ, പോയിന്റ് പട്ടികയിൽ ഒന്നാമതെത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.