ജയ്പുർ: ബൗളർമാർ കളം വാണ രാജസ്ഥാൻ റോയൽസ് ലഖ്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിൽ വിജയം ആതിഥികൾക്കൊപ്പം. തുടർ വിജയങ്ങളിലൂടെ റോയൽ മുന്നേറ്റം നടത്തുന്ന രാജസ്ഥാനെ അവരുടെ തട്ടകത്തിൽ 10 റൺസിനാണ് ലഖ്നൗ തകർത്തത്.
ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസായിരുന്നു എടുത്ത്. ടോസ് നേടിയിട്ടും ലഖ്നൗവിനെ ബാറ്റിങ്ങിനയക്കാനുള്ള സഞ്ജുവിന്റെ തീരുമാനം ശരിവെച്ച് ബൗളർമാർ റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കാട്ടുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ രാജസ്ഥാന് പക്ഷെ ആറ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.
ഓപണർമാരായ യശസ്വി ജെയ്സ്വാളും (44) ജോസ് ബട്ലറും (40) മികച്ച തുടക്കമായിരുന്നു രാജസ്ഥാന് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 87 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ, തുടർന്ന് റൺസ് ഉയർത്തുന്നതിൽ രാജസ്ഥാൻ ബാറ്റർമാരും വിയർക്കുന്ന കാഴ്ചയായിരുന്നു. നായകൻ സഞ്ജു വി സംസൺ നാല് പന്തുകളിൽ രണ്ട് റൺസ് എടുത്ത് റണ്ണൗട്ടായി മടങ്ങി. കഴിഞ്ഞ മത്സരത്തിലെ താരമായ ഷിംറോൺ ഹെത്മയറിന്റെയും സമ്പാദ്യം രണ്ട് റൺസായിരുന്നു. ദേവ്ദത്ത് പടിക്കലും (26) റിയാൻ പരാഗും (15) ചേർന്ന് അവസാന ഓവറുകളിൽ ചെറിയൊരു ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.
നാലോവറിൽ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ആവേശ് ഖാനും രണ്ട് വിക്കറ്റ് വീഴ്ത്തിയ മാർകസ് സ്റ്റോയിനിസും ലഖ്നൗവിന് വേണ്ടി ബൗളിങ്ങിൽ തിളങ്ങി.
42 പന്തുകളിൽ 51 റൺസ് എടുത്ത കെയ്ൽ മയേർസും 32 പന്തുകളിൽ 39 റൺസ് എടുത്ത കെ.എൽ രാഹുലുമാണ് ലഖ്നൗവിന് തുണയായത്. 16 പന്തുകളിൽ 21 റൺസെടുത്ത മാർകസ് സ്റ്റോയിനിസും 20 പന്തുകളിൽ 28 റൺസ് എടുത്ത നികോളാസ് പൂരാനുമാണ് റൺസ് 150 കടത്താൻ സഹായിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.