ബെംഗളൂരു: കൂറ്റനടികളുടെ മേളം കണ്ട ചെന്നൈ സൂപ്പർ കിങ്സ് - റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പോരാട്ടത്തിൽ വിജയം അതിഥികൾക്കൊപ്പം. ടോസ് നഷ്ടമായി ബാറ്റേന്തിയ ചെന്നൈ ഡിവോൺ കോൺവേ (83), ശിവം ധുബേ (52) എന്നിവരുടെ വെടിക്കെട്ടിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 226 റൺസ് എടുത്തപ്പോൾ, ആതിഥേയർക്ക് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 218 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.
ആറ് വീതം സിക്സറുകളും ഫോറുകളുമടക്കം 45 പന്തുകളിലാണ് കോൺവേ 83 റൺസ് അടിച്ചത്. ശിവം ധുബേ 27 പന്തുകളിൽ 52 റൺസുമായി സ്കോർ 200 കടത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. 20 പന്തുകളിൽ രണ്ട് കൂറ്റൻ സിക്സറുകളും മൂന്ന് ബൗണ്ടറികളുമടക്കം 37 റൺസാണ് രഹാനെ നേടിയത്.
ബാംഗ്ലൂരിന് വേണ്ടി ഗ്ലെൻ മാക്സ്വെൽ 36 പന്തുകളിൽ 76 റൺസ് എടുത്തു. എട്ട് സിക്സറുകളും മൂന്ന് ബൗണ്ടറികളും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. നായകൻ ഡുപ്ലെസി 33 പന്തുകളിൽ നാല് സിക്സറുകളും അഞ്ച് ഫോറുകളുമടക്കം 62 റൺസ് എടുത്തു.
ആദ്യത്തെ ഓവറിൽ തന്നെ ആർ.സി.ബി ഓപണറായ വിരാട് കോഹ്ലിയെ (6) ആകാഷ് സിങ് ക്ലീൻ ബൗൾഡാക്കി മടക്കിയിരുന്നു. രണ്ടാമത്തെ ഓവറിൽ സ്കോർ 15ൽ നിൽക്കെ മഹിപാൽ ലോമ്റോറും റൺസൊന്നുമെടുക്കാതെ മടങ്ങി. എന്നാൽ, ഗ്ലെൻ മാക്സ്വെല്ലിനെ കൂട്ടുപിടിച്ച് നായകൻ ഡുപ്ലെസി സ്കോർ അതിവേഗം ഉയർത്തുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. ചെന്നൈ ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച ഇരുവരും ചേർന്ന് 141-ൽ എത്തിച്ചു.
മഹീഷ തീക്ഷണയുടെ പന്തിൽ ധോണിക്ക് ക്യാച്ച് നൽകി ഗ്ലെൻ മാക്സ്വെൽ പുറത്തായതോടെ റൺകുതിപ്പ് നിലക്കുമെന്ന് തോന്നിച്ചെങ്കിലും ഷഹബാസ് അഹമദുമായി ചേർന്ന് ഡുപ്ലെസി സ്കോർ ഉയർത്തി. 14-ാമത്തെ ഓവറിൽ മൊഈൻ അലിയുടെ പന്തിൽ ധോണിക്ക് ക്യാച്ച് നൽകിയാണ് നായകൻ പുറത്തായത്. തുടർന്ന് ഷഹബാസും വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്കും ചേർന്നാണ് രക്ഷാപ്രവർത്തനം ഏറ്റെടുത്ത്.
14 പന്തുകളിൽ 28 റൺസ് എടുത്തുനിൽക്കെ തുഷാർ ദേഷ്പാണ്ഡെ കാർത്തിക്കിനെ പുറത്താക്കുമ്പോൾ ബാംഗ്ലൂർ 16.5 ഓവറിൽ 191-5 എന്ന നിലയിലായിരുന്നു. പിന്നാലെ തുടരെ വിക്കറ്റുകൾ കൊഴിയുകയും സ്കോറിന്റെ കുതിപ്പ് നിലക്കുകയും ചെയ്തു. മുൻനിര ബാറ്റർമാർ ആരും തന്നെ ക്രീസിലില്ലാത്തതാണ് ബാംഗ്ലൂരിന് വിനയായത്. ചെന്നൈ ബൗളർമാരിൽ തുഷാർ ദേഷ്പാണ്ഡെ മൂന്ന് വിക്കറ്റുകളും മതീഷ പതിരന രണ്ട് വിക്കറ്റുകളും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.