നിര്‍ണായക മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മുന്നിൽ ഭീമൻ വിജയലക്ഷ്യവുമായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ കെ.കെ.ആർ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 200 റൺസാണ് അടിച്ചെടുത്തത്. 29 പന്തുകളിൽ അഞ്ച് സിക്സറുകളും നാല് ഫോറുകളുമായി 56 റൺസെടുത്ത ജേസൺ റോയും 21 പന്തുകളിൽ നാല് സിക്സറുകൾ സഹിതം 48 റൺസെടുത്ത നായകൻ നിതീഷ് റാണയുമാണ് കെ.കെ.ആറിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്.
ഏകദിന ശൈലിയിൽ ബാറ്റ് ചെയ്ത വെങ്കിടേഷ് അയ്യരും എൻ ജഗദീഷനും ടീമിന്റെ റണ്ണൊഴുക്ക് കുറച്ചെങ്കിലും അവസാന ഓവറുകളിൽ വെടിക്കെട്ട് നടത്തി റിങ്കു സിങ്ങും ഡേവിഡ് വീസുമാണ് കെ.കെ.ആറിന്റെ സ്കോർ 200-ൽ എത്തിച്ചത്. മൂന്ന് ബോളിൽ രണ്ട് സിക്സറുകൾ സഹിതം വീസ് 12 റൺസും റിങ്കു 10 ബോളുകളിൽ 18 റൺസുമെടുത്തു.
29 പന്തുകളിൽ 27 റൺസാണ് ജഗദീഷന്റെ സമ്പാദ്യം. അയ്യർ 26 പന്തുകളിൽ 31 റൺസുമെടുത്തു. ബാംഗ്ലൂരിന് വേണ്ടി വനിന്ദു ഹസരങ്കയും വിജയകുമാർ വൈശാഖും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.
എട്ടു പോയിന്റുമായി ലീഗില്‍ അഞ്ചാംസ്ഥാനത്താണ് ആര്‍സിബി. വിജയിച്ച കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ടീമിനെ നയിച്ചത് വിരാട് കോഹ്ലിയായിരുന്നു. ഇന്നും കോഹ്‍ലിയാണ് നായകൻ. അതേസമയം, നാലു പോയിന്റ് മാത്രം നേടി എട്ടാംസ്ഥാനത്താണ് കെ.കെ.ആർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.