കോഹ്‍ലി നയിച്ചു; രാജസ്ഥാനെ ഏഴ് റൺസിന് തോൽപ്പിച്ച് ബാംഗ്ലൂർ

ബെംഗളൂരു: സാക്ഷാൽ വിരാട് കോഹ്‍ലിയുടെ നായകത്വത്തിൽ തുടർച്ചയായ രണ്ടാം ജയവുമായി പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കയറി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. സ്വന്തം തട്ടകത്തിൽ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഏഴ് റൺസിന്റെ വിജയമാണ് കോഹ്‍ലി പട നേടിയത്. ആദ്യ ബാറ്റ് ചെയ്ത ബാംഗ്ലൂർ കിടിലൻ ഫോമിലുള്ള ഫാഫ് ഡുപ്ലെസിയും ഗ്ലെൻ മാക്സ്വെല്ലും നേടിയ അർധ സെഞ്ച്വറികളുടെ മികവിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് എടുത്തു. എന്നാൽ, രാജസ്ഥാന്റെ ഇന്നിങ്സ് 182-ൽ അവസാനിക്കുകയായിരുന്നു. നാലോവറിൽ 32 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ഹർഷൽ പട്ടേലാണ് ബാംഗ്ലൂരിന്റെ വിജയമുറപ്പിച്ചത്.

പൊരുതാവുന്ന സ്കോർ ലക്ഷ്യമിട്ടിറങ്ങിയ രാജസ്ഥാന് ആദ്യ ഓവറിൽ തന്നെ ജോസ് ബട്ലറിനെ സംപൂജ്യനായി മടക്കി സിറാജ് തിരിച്ചടി നൽകിയെങ്കിലും ഓപണർ യശസ്വി ജൈസ്വാളും ദേവ്ദത്ത് പടിക്കലും ചേർന്ന് സ്കോർ അതിവേഗം ഉയർത്തുകയായിരുന്നു. പടിക്കൽ സീസണിലെ ആദ്യ അർധ സെഞ്ച്വറി കുറിച്ച മത്സരം കൂടിയായിരുന്നു ഇന്നത്തേത്. ഏഴ് ഫോറുകളും ഒരു സിക്സും സഹിതം താരം 34 പന്തുകളിൽ 52 റൺസ് എടുത്തു. 12-ാം ഓവറിൽ പടിക്കലും 14-ാം ഓവറിൽ ജൈസ്വാളും (47) തുടർച്ചയായി കൂടാരം കയറിയതോടെ രാജസ്ഥാൻ പരുങ്ങലിലായി. നായകൻ സഞ്ജു സാംസൺ ആഞ്ഞടിച്ചെങ്കിലും 15 പന്തുകളിൽ 22 റൺസ് നേടിയ താരത്തെ 16-ാം ഓവറിൽ ഹർഷൻ പട്ടേൽ പുറത്താക്കി.

ഷിംറോൺ ഹെത്മയറും റണ്ണൗട്ടായി മടങ്ങിയതോടെ രവിചന്ദ്ര അശ്വിനെ കൂട്ടുപിടിച്ച് വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ധ്രുവ് ജുറേൽ ടീമിനെ വിജയത്തിലേക്ക് എത്തിക്കുമെന്ന് തോന്നിച്ചു. അവസാന ഓവറുകളിൽ 16 പന്തുകളിൽ 36 റൺസാണ് ജുറേൽ അടിച്ചത്. എന്നാൽ, അശ്വിനെ അവസാന ഓവറിൽ ഹർഷൽ പട്ടേൽ പ്രഭുദേശായുടെ കൈകളിലെത്തിച്ചു. അവശേഷിച്ച പന്തുകളിൽ രാജസ്ഥാന് വിജയ റൺ നേടാനുമായില്ല.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന്  ആദ്യ പന്തിൽ തന്നെ ട്രെന്റ് ബോർട്ട് വലിയൊരു തിരിച്ചടിയാണ് നൽകിയത്.  എൽ.ബിയിൽ കുടുങ്ങി ഗോൾഡൻ ഡക്കായി നായകൻ വിരാട് കോഹ്‍ലിയാണ് മടങ്ങിയത്. എന്നാൽ, ഫാഫ് ഡുപ്ലെസിയും ഗ്ലെൻ മാക്സ്വെല്ലും നേടിയ അർധ സെഞ്ച്വറികൾ ബാംഗ്ലൂരിന് രക്ഷയായി. 39 പന്തുകളിൽ എട്ട് ഫോറുകളും രണ്ട് സിക്സറുകളുമടക്കം 62 റൺസാണ് ഡുപ്ലെസി നേടിയത്. 44 പന്തുകളിൽ 77 റൺസ് എടുത്ത മാക്സ്വെൽ ആറ് ബൗണ്ടറികളും നാല് സിക്സറുകളും പറത്തി. ദിനേഷ് കാർത്തിക്ക് (16) ഒഴിച്ചുള്ള മറ്റ് ആർ.സി.ബി ബാറ്റർമാർക്കൊന്നും തന്നെ രണ്ടക്കം കടക്കാനായില്ല.

Tags:    
News Summary - IPL2023: Royal Challengers Bangalore vs Rajasthan Royals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.