ബാറ്റിങ്ങിൽ ഡുപ്ലെസി, ബൗളിങ്ങിൽ സിറാജ്; പഞ്ചാബിനെ തകർത്ത് ബാംഗ്ലൂർ

മൊഹാലി: സ്വന്തം തട്ടകത്തിൽ പഞ്ചാബിനെ 24 റൺസിന് തകർത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വീണ്ടും വിജയവഴിയിലേക്ക് തിരിച്ചെത്തി. ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം വിരാട് കോഹ്‌ലി നായകനായെത്തിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിൽ 18.2 ഓവറിൽ 150 റൺസിന് പഞ്ചാബ്  ഓൾ ഔട്ടായി.

ബാംഗ്ലൂരിന് വേണ്ടി ബാറ്റിങ്ങിൽ ഡുപ്ലെസിയും (84) വിരാട് കോഹ്‍ലിയും (59) തിളങ്ങിയപ്പോൾ, ബൗളിങ്ങിൽ മുഹമ്മദ് സിറാജ് പഞ്ചാബ് ബാറ്റർമാരെ കശാപ്പ് ചെയ്യുന്ന കാഴ്ചയായിരുന്നു. താരം നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തി.

30 പന്തുകളിൽ നാല് സിക്സറുകളും മൂന്ന് ബൗണ്ടറികളുമടക്കം 46 റൺസെടുത്ത പ്രഭ്സിമ്രാൻ സിങ് ആണ് പഞ്ചാബിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത്. താരം റൺസുയർത്തുമ്പോൾ പിന്തുണ നൽകാതെ മറ്റ് ബാറ്റർമാർ നിരനിരയായി കൂടാരം കയറി. വിക്കറ്റ് കീപ്പർ ജിതേഷ് ശർമ വാലറ്റക്കാർക്കൊപ്പം നടത്തിയ ചെറുത്തുനിൽപ്പ് പഞ്ചാബിനെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചു. താരം 27 പന്തുകളിൽ 41 റൺസ് എടുത്ത് ഹർഷൽ പട്ടേലിന്റെ പന്തിൽ ഷഹബാസ് അഹ്മദിന് പിടി നൽകി പുറത്തായി.

ടോസ് നേടിയ പഞ്ചാബ് ബാംഗ്ലൂരിന് ബാറ്റിങ് നൽകുകയായിരുന്നു. ഓപണർമാരായ വിരാട് കോഹ്‍ലിയും ഫാഫ് ഡുപ്ലെസിയും ചേർന്ന് ഒന്നാം വിക്കറ്റിൽ 137 റൺസാണ് ചേർത്തത്. 47 പന്തുകളിൽ 59 റൺസ് നേടിയ കോഹ്‍ലി അഞ്ച് ബൗണ്ടറികളും ഒരു സിക്സുമടിച്ചു. നായകൻ ഡുപ്ലെസി 56 പന്തുകളിൽ അഞ്ച് വീതം സിക്സറുകളും ബൗണ്ടറികളുമടക്കം 84 റൺസാണെടുത്ത്. കഴിഞ്ഞ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഗ്ലെൻ മാക്സ്വെൽ റൺസൊന്നുമെടുക്കാതെ മടങ്ങിയിരുന്നു.  

Tags:    
News Summary - IPL2023: Royal Challengers Bangalore won by 24 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.