മുംബൈ: ഐ.പി.എല്ലിലെ മോശം പ്രകടനത്തിനിടയിലും ഹാർദിക് പാണ്ഡ്യയെ ട്വന്‍റി20 ലോകകപ്പ് സ്ക്വാഡിലേക്ക് പരിഗണിച്ചത് ക്രിക്കറ്റ് ലോകത്ത് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ടീമിൽ ഉണ്ടാവുമെന്ന് ആരാധകർ ഉറച്ച് വിശ്വസിച്ചിരുന്ന വെടിക്കെട്ട് ബാറ്റർ റിങ്കു സിങ് അടക്കമുള്ളവർ പുറത്തിരിക്കുമ്പോൾ ഹർദിക് വൈസ് ക്യാപ്റ്റൻ പദവിയിൽ തന്നെ ടീമിൽ കയറിപ്പറ്റുന്നത് എങ്ങനെയാണ് എന്നാണ് പലരുടേയും ചോദ്യം.
ബി.സി.സി.ഐയും ടീം സെലക്ടർമാരും ഹാർദിക്കിന് പ്രത്യേക പരിഗണന നൽകുന്നതിനെ ചോദ്യം ചെയ്ത് മുൻ ഓൾ റൗണ്ടർ ഇർഫാൻ പത്താനും രംഗത്തുവന്നു. ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവരോടുള്ള സമീപനവും പത്താൻ എടുത്തുപറയുന്നുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്തതിനെ തുടര്‍ന്ന് ഇഷാനെയും ശ്രേയസിനെയും ബി.സി.സി.ഐ വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ ഹാർദിക്കിന്‍റെ ഒഴിവാക്കിയിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റിൽ ഫോം കണ്ടെത്തിയാൽ മാത്രമേ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കൂവെന്ന് ഇരുവർക്കും ബി.സി.സി.ഐ കർശന നിർദേശവും നൽകിയിരുന്നു. എന്നാൽ, ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെയും പാണ്ഡ്യ ടീമിലെത്തി.
‘വർഷം മുഴുവനും ഇന്ത്യൻ ടീമിൽ തുടരുന്നതിന് ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരമായ പങ്കാളിത്തം അത്യാവശ്യമാണ്. പരിക്കുകൾ ഒഴിവാക്കാനാകാത്തതാണ്. എന്നാൽ ആഭ്യന്തര ക്രിക്കറ്റും ശരിയായ ആസൂത്രണവും ഒരു കളിക്കാരന്‍റെ തിരിച്ചുവരവിന് അത്യന്താപേക്ഷിതമാണ്. എന്നാൽ ഇതൊന്നുമില്ലാതെ പരിക്കിൽനിന്ന് തിരിച്ചെത്തിയ ഒരു താരമുണ്ട്’ -പത്താൻ പറഞ്ഞു. അത് സംഭവിക്കാൻ പാടില്ല, കാരണം ടീമിലെ മറ്റു താരങ്ങൾക്ക് തെറ്റായ സന്ദേശം നൽകും. ഒരാൾക്ക് മാത്രം പ്രത്യേക പരിഗണന നൽകുന്നത് ടീമിന്‍റെ സന്തുലിതാവസ്ഥ തകർക്കും. ടെന്നീസുപോലെയല്ല ക്രിക്കറ്റ്, ഇതൊരു ടീം ഗെയ്മാണ്, അവിടെ സമത്വം അനിവാര്യമാണ്. എല്ലാ കളിക്കാരെയും ഒരുപോലെ പരിഗണിക്കണം. നിങ്ങൾ ഒരു പുതുമുഖമോ, രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവരെ പോലെ പരിചയസമ്പന്നനായ കളിക്കാരനോ എന്നത് പരിഗണിക്കാതെ എല്ലാവരെയും ഒരുപോലെ കാണണമെന്നും പത്താൻ കൂട്ടിച്ചേർത്തു.
ഐ.പി.എല്ലിൽ ഹാർദിക്കിന്‍റെ ക്യാപ്റ്റൻസിയിൽ കളിക്കാനിറങ്ങിയ മുംബൈ ഇന്ത്യൻസിന് പത്തു മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് ഇതുവരെ ജയിക്കാനായത്. ആറു പോയന്‍റുമായി നിലവിൽ ഒമ്പതാം സ്ഥാനത്താണ് ടീം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഹാർദിക്കിന് ഇതുവരെ ഫോം കണ്ടെത്താനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.