ആഷസ് പരമ്പരയിലെ ഒരു വിവാദ പുറത്താകലിനെ തുടർന്നുണ്ടായ ചൂടൻ ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് ഒന്ന് തണുത്തുവരുന്നതേയുള്ളൂ. ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയുടെ പുറത്താകലാണ് ക്രിക്കറ്റ് വിദഗ്ധരെ പോലും ഇരുചേരിയിലാക്കിയത്. ആസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ആഷസ് ടെസ്റ്റിനിടെയായിരുന്നു സംഭവം.
കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ ഓവറിലെ അവസാന പന്ത് ബെയര്‍സ്റ്റോ കളിക്കാതെ ഒഴിവാക്കുകയായിരുന്നു. പന്ത് നേരെ വിക്കറ്റ് കീപ്പർ അലക്‌സ് കാരിയുടെ കൈയിലെത്തി. ഡെഡ് ബോളാണെന്ന ധാരണയില്‍ ബെയർസ്റ്റോ ക്രീസ് വിട്ടിറങ്ങി. എന്നാൽ, അലക്‌സ് കാരി ഈ സമയം സ്റ്റംപുകള്‍ എറിഞ്ഞു വീഴ്ത്തി. ഓസീസ് താരങ്ങള്‍ അപ്പീലും ചെയ്തതോടെ തേർഡ് അംപയർ വിക്കറ്റ് അനുവദിക്കുകയായിരുന്നു. ഡെഡ് ബോള്‍ വിളിക്കും മുന്‍പ് ബെയര്‍സ്റ്റോ ക്രീസ് വിട്ടു എന്നായിരുന്നു മൂന്നാം അംപയറുടെ കണ്ടെത്തല്‍.
ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ആദ്യ ടെസ്റ്റിനിടെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷനും ശ്രമിച്ചു ഇത്തരമൊരു 'അലക്സ് കാരി' മോഡൽ പുറത്താക്കലിന്. എന്നാൽ, സംഭവം വിജയംകണ്ടില്ല.
മൂന്നാംദിനത്തിലെ 33ാം ഓവറിലായിരുന്നു ഇഷാൻ കിഷന്‍റെ പാളിപ്പോയ നീക്കം. ജെയ്ൺ ഹോൾഡറായിരുന്നു ബാറ്റ് ചെയ്യുന്നത്. ഓവറിലെ അവസാന പന്ത് ഹോൾഡർ തട്ടിയിടാൻ നോക്കിയെങ്കിലും സാധിക്കാതെ നേരെ കീപ്പറുടെ കയ്യിലെത്തി. പന്ത് കയ്യിൽ വെച്ച ഇഷാൻ കിഷൻ ഹോൾഡർ ക്രീസ് വിട്ടിറങ്ങാൻ കാത്ത് സ്റ്റംപിനരികിൽ നിന്നു. ക്രീസിൽ നിന്ന് ഹോൾഡർ കാലെടുത്തതും കിഷൻ ബെയിൽസ് ഇളക്കി വിക്കറ്റിനായി അപ്പീൽ ചെയ്തു.
എന്നാൽ, അംപയർ അതിനകം തന്നെ ഓവർ പൂർത്തിയതായി വിളിച്ചിരുന്നു. ഇതോടെ, പന്ത് ഡെഡ് ബോളാവുകയും ചെയ്തു. അതിനാൽ ഇഷാൻ കിഷന്‍റെ 'അലക്സ് കാരി' മോഡൽ നീക്കം ഫലംകണ്ടില്ല. നീക്കം പരാജയപ്പെട്ടെന്ന് മാത്രമല്ല, സമൂഹമാധ്യമങ്ങളിൽ താരത്തിന് വൻ കളിയാക്കലുകൾ നേരിടേണ്ടിയും വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.