മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സഹതാരങ്ങളുമായി സൗഹൃദമുണ്ടാക്കൽ ഏറെ ബുദ്ധിമുട്ടാണെന്ന് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ടൈംസ് ഓഫ് ഇന്ത്യയുമായി സംസാരിക്കുകയായിരുന്നു താരം. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സുഹൃത്തുക്കളേക്കാൾ കൂടുതൽ സഹപ്രവർത്തകരാണെന്ന് നേരത്തെ അശ്വിൻ നടത്തിയ പ്രസ്താവന ക്രിക്കറ്റ് ആരാധകർക്കിടയിലും മുൻ താരങ്ങൾക്കിടിയിലും അമ്പരപ്പുണ്ടാക്കിയിരുന്നു. തന്റെ നിലപാടിൽ ‘നെഗറ്റീവ്’ ഒന്നുമില്ലെന്ന് വിശദീകരിച്ച അശ്വിൻ, കാര്യങ്ങൾ ചിലർ തെറ്റായാണ് ഉൾക്കൊണ്ടതെന്ന് വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ.
‘‘ഞാൻ പറഞ്ഞതും ആളുകൾ മനസ്സിലാക്കിയതും തമ്മിൽ വ്യത്യാസമുണ്ട്. മുമ്പ് ക്രിക്കറ്റ് പര്യടനങ്ങൾ കൂടുതൽ ദൈർഘ്യമുള്ളതായിരുന്നു. അതുകൊണ്ടു തന്നെ സൗഹൃദത്തിന് കൂടുതൽ അവസരവുമുണ്ടായിരുന്നു. എന്നാലിപ്പോൾ ഇന്ത്യൻ താരങ്ങൾ വ്യത്യസ്ത ടീമുകള്‍ക്ക് വേണ്ടിയും വ്യത്യസ്ത ഫോർമാറ്റിലും കളിക്കുന്നു. വ്യത്യസ്ത ടീമുകൾക്ക് വേണ്ടി കളിക്കുമ്പോൾ സൗഹൃദമുണ്ടാക്കുക ബുദ്ധിമുട്ടാണെന്നാണ് ഞാൻ എപ്പോഴും വിശ്വസിക്കുന്നത്. ടീമുകൾ തമ്മിലുള്ള മത്സരബുദ്ധി അപ്പോൾ നിങ്ങളിലുണ്ടാകും’’– അശ്വിൻ പറഞ്ഞു.
ഇന്ത്യൻ ടീമിൽ സൗഹൃദങ്ങളില്ലാതിരിക്കാൻ ഏറ്റവും പ്രധാന കാരണം ഇന്ത്യൻ പ്രീമിയർ ലീഗാണെന്നും അശ്വിൻ വ്യക്തമാക്കി. ‘‘നമ്മൾ മൂന്നു മാസത്തോളം ഐ.പി.എൽ കളിക്കുമ്പോൾ, ഇന്ത്യൻ ടീമിലെ നമ്മുടെ സഹതാരങ്ങൾ എതിരാളികളായി മാറുകയാണ്. വ്യത്യസ്ത ടീമുകൾക്കായി കളിക്കുമ്പോൾ സൗഹൃദം ഉണ്ടാകുന്നില്ലെന്ന് ഞാൻ പറയുന്നില്ല, അത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് പറഞ്ഞത്. ഞാൻ പറഞ്ഞതിൽ നെഗറ്റീവ് ആയിട്ട് എന്തെങ്കിലും ഉള്ളതായി തോന്നുന്നില്ല.’’– അശ്വിൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.